തിരുവനന്തപുരം: സ്പീക്കറായി ചുമതലയേറ്റ ശേഷം എ.എൻ ഷംസീർ ആദ്യമെത്തിയത് പത്രപ്രവർത്തക യൂണിയന്റെ മുഖാമുഖം പരിപാടിയിൽ. രാഷ്ട്രീയം പറയാതെ പോകാനാവില്ലെന്നും പറയേണ്ട സാഹചര്യത്തിൽ രാഷ്ട്രീയം പറയുമെന്നും ഷംസീർ നിലപാട് വ്യക്തമാക്കി. നിയമസഭയിൽ പൂർണമായി നിഷ്പക്ഷനായിരിക്കും. സർക്കാരിന്റെ നയങ്ങൾ നടപ്പാക്കാൻ സഹായിക്കുന്നതിനൊപ്പം പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുമെന്നും സ്പീക്കർ പറഞ്ഞു.

സ്പീക്കർ രാഷ്ട്രീയം പറഞ്ഞ് സർക്കാരിനെ പ്രതിരോധിക്കേണ്ട ഘട്ടം ഇപ്പോഴില്ല. അതിന് ഭരണപക്ഷത്ത് മതിയായ ഭൂരിപക്ഷമുണ്ട്. പ്രതിപക്ഷത്തെ കടന്നാക്രമിക്കുകയും ഭരണപക്ഷത്തിന് സംരക്ഷണമൊരുക്കുകയും ചെയ്യുന്ന ചുമതലയായിരുന്നു ഇതുവരെ. ഇനി പുതിയ റോളാണ്. രാഷ്ട്രീയ ജീവിതത്തിലെ പുതിയ ചുവടുവയ്‌പ്പാണ്. ഈ ചുമതല നല്ലരീതിയിൽ നിർവഹിക്കും.

രാഷ്ട്രത്തെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയും. സഭാനടപടികൾ താൻ പുസ്തകം വായിച്ച് പഠിച്ചതല്ല. കൂടുതൽ സമയം സഭയിൽ ഇരുന്ന് പഠിച്ചതാണ്. പ്രതിപക്ഷാംഗങ്ങളുമായി നല്ല ബന്ധമാണുള്ളത്. എംഎ‍ൽഎയാവും മുൻപു തന്നെ പൊതുരംഗത്തുള്ള ആളാണ് താൻ. സഭയിലെത്തിയപ്പോൾ ആ ബന്ധങ്ങൾ കൂടുതൽ ദൃഢപ്പെട്ടു.

നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ ഗവർണർ വൈകിപ്പിക്കുന്നതടക്കമുള്ള പ്രശ്‌നങ്ങൾ സർക്കാരും ഗവർണറും തമ്മിലുള്ള ചർച്ചയിൽ പരിഹരിക്കാനാവും. പപ്പടം ചുട്ടെടുക്കും പോലെയല്ല നിയമസഭയിൽ നിയമങ്ങൾ പാസാക്കുന്നത്. ചർച്ചകൾ, സംവാദം, എതിർപ്പുകൾ എന്നിവയെല്ലം ഇതിന്റെ ഭാഗമാണ്.

ആരോഗ്യകരമായ ചർച്ചകളും വാഗ്വാദങ്ങളും ഏറ്റുമുട്ടലുമുണ്ടെങ്കിലും ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ സൗഹൃദമുണ്ട്. ജനാധിപത്യത്തിന്റെ ഈ ഭംഗി സഭയിൽ കാണാനാവും. സഭയിൽ പരസ്പരം വാക്‌പോര് നടത്തുന്നവർ കാന്റീനിൽ ഒരുമിച്ചിരുന്ന് ചായ കുടിക്കുന്ന കാഴ്ച ഇവിടെ മാത്രമുള്ളതാണ്. പ്രതിപക്ഷത്തിന്റെ ന്യായമായ ആവശ്യങ്ങൾ നിരാകരിക്കപ്പെടാറില്ലെന്നും സ്പീക്കർ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ തന്നെക്കുറിച്ചുള്ള ട്രോളുകൾ ആസ്വദിക്കാറുണ്ടെന്നും വിമർശിക്കാതിരിക്കാൻ താൻ ദൈവമല്ലല്ലോയെന്നും സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു.ഏറ്റവുമധികം ട്രോൾ ചെയ്യപ്പെടുന്നയാളാണ് താൻ. തന്നെപ്പറ്റിയുള്ള ട്രോളുകൾ മറ്റുള്ളവർ അയച്ചു തരാറുണ്ട്. ചിലത് താൻ ഫോണിൽ സൂക്ഷിക്കാറുമുണ്ട്. ആളുകൾ ശ്രദ്ധിക്കുന്നതു കൊണ്ടാണ് തന്നെക്കുറിച്ച് ട്രോളുണ്ടാക്കുന്നത്.

വിമർശനങ്ങളെ സഹിഷ്ണുതയോടെയാണ് കാണുന്നത്. വിമർശനങ്ങളുണ്ടാവുമ്പോൾ തിരുത്തേണ്ടത് തിരുത്തും. ചാനലുകളിലെ ആക്ഷേപഹാസ്യ പരിപാടികളെല്ലാം കാണും. മിക്കതിലും മുഖ്യ കഥാപാത്രം താനാണ്. ചിലതു കണ്ട് ചിരിക്കും. ചിലത് മനസാ വാചാ കർമ്മണാ അറിയുന്ന കാര്യങ്ങളായിരിക്കില്ല.- സ്പീക്കർ പറഞ്ഞു.