- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗവർണർ പരിണതപ്രജ്ഞൻ, സർക്കാരിന് പ്രശ്നം തീർക്കാൻ പറ്റും; ഈയൊരു സാഹചര്യം ഇനിയുണ്ടാകില്ല; പോര് പരിഹരിക്കപ്പെടും; തെരുവ് യുദ്ധത്തിലേക്ക് പോകുന്നതിനോട് യോജിപ്പില്ലെന്ന് സ്പീക്കർ എ എൻ ഷംസീർ
തിരുവനന്തപുരം: ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നം പരിഹരിക്കപ്പെടുമെന്ന ആത്മവിശ്വാസവുമായി സ്പീക്കർ എ എൻ ഷംസീർ. ഇക്കാര്യത്തിൽ തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്നും സ്പീക്കർ പറഞ്ഞു. സർക്കാരിന് തന്നെ പ്രശ്നം തീർപ്പാക്കാൻ പറ്റും. ഗവർണർക്കും പ്രശ്നങ്ങൾ തീർക്കാൻ പറ്റും. ഈയൊരു സാഹചര്യം ഇനിയുണ്ടാവില്ല, പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഇത് ജനാധിപത്യരാജ്യമാണ്, പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. വിദ്യാർത്ഥികൾക്ക് പ്രതിഷേധിക്കാനുള്ള അവകാശം ഉള്ളപ്പോൾ തന്നെ ഉന്നതസ്ഥാനത്തിരിക്കുന്നവർ പാലിക്കേണ്ട ചില ഔചിത്യമുണ്ട്. എംഎൽഎ. എന്ന നിലയ്ക്ക് പ്രതികരിക്കുന്നതുപോലെ തനിക്ക് സ്പീക്കറായാൽ പ്രതികരിക്കാൻ കഴിയില്ല. ഗവർണർ പരിണതപ്രജ്ഞനായ രാഷ്ട്രീയ നേതാവാണ്. ഭരണഘടനാസ്ഥാനത്ത് ഇരിക്കുന്ന ഒരാളാണ്. തെരുവ് യുദ്ധത്തിലേക്ക് പോകുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികളും ഗവർണർ പദവിയിൽ ഇരിക്കുന്ന ആളും തമ്മിൽ തെരുവ് യുദ്ധം നടത്തേണ്ട സ്ഥലമല്ല കേരളം. ക്ഷമ കാണിച്ചവരേ എല്ലാകാര്യത്തിലും വിജയിച്ചിട്ടുള്ളൂ. അത് എല്ലാവരും കാണിക്കണം. അങ്ങനെയൊരു ഏറ്റുമുട്ടലിലേക്ക് പോകുന്നത് ഗുണകരമല്ല എന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സ്പീക്കറുടെ പരാമർശത്തെ പരിഹസിച്ച്, എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയ്ക്ക് ഒളിയമ്പുമായി കെപിസിസി. വൈസ് പ്രസിഡന്റ് വി.ടി. ബൽറാം രംഗത്തെത്തി. 'കൊണ്ടുപോടാ നിന്റെ പോരും പോരിശയും- തലശ്ശേരി ഷംസീർ', എന്നായിരുന്നു ബൽറാമിന്റെ പ്രതികരണം. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ്.ഐ. ഉയർത്തിയ ബാനറിലെ ഇംഗ്ലീഷ് പ്രയോഗം വികലമാണെന്ന ആരോപണം സാമൂഹിക മാധ്യമത്തിൽ ഉയർന്നിരുന്നു. പ്രയോഗത്തെ പരിഹസിച്ച് ബൽറാമും ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.
ഇതിന് മറുപടിയുമായി രംഗത്തെത്തിയ പി.എം. ആർഷോ, 'കൊണ്ടുപോടാ നിന്റെ ആഖ്യയും ആഖ്യാതവും' എന്ന ബഷീറിന്റെ വാക്കുകൾ ഉദ്ധരിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ