- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനു തോമസിനെ ബിജെപിയിലേക്ക് ക്ഷണിച്ച് അബ്ദുള്ളക്കുട്ടി
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്നും അംഗത്വം പുതുക്കാതെ ഒഴിവായ മനു തോമസിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് പാർട്ടി അഖിലേന്ത്യാ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി രംഗത്തെത്തി. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്വട്ടേഷൻ സ്വർണക്കടത്ത് സംഘത്തിനെതിരെ മനു തോമസിന് ബിജെപിയിൽ നിന്നും പോരാടാമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. കണ്ണൂർ വിമാന താവളം കേന്ദ്രീകരിച്ചു നടത്തുന്ന സ്വർണക്കടത്തിന് സിപിഎം കണ്ണൂർ ലോബിയുമായി ബന്ധമുണ്ട്. മനു തോമസിന്റെ ആരോപണത്തെ കുറിച്ചു എൻ.ഐ.എ അന്വേഷിക്കണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.
ഇതിനിടെ തനിക്കെതിരെ സിപിഎം അനുകൂല സൈബർ സംഘം ഉയർത്തുന്നഭീഷണിക്ക് മറുപടിയുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. വിവാദമായിട്ടുണ്ട്. പി ജയരാജനെ സംവാദത്തിന് ക്ഷണിച്ചപ്പോൾ കൊലവിളിയുമായി എത്തിയത് ക്വട്ടേഷൻ-സ്വർണം പൊട്ടിക്കൽ മാഫിയ സംഘത്തലവന്മാരാണെന്ന് മനു തോമസ് വിമർശിച്ചു. ഒഞ്ചിയത്തെ ടി പി ചന്ദ്രശേഖരൻ വധവും എടയന്നൂരിലെ ഷുഹൈബ് വധവും വിപ്ലവമായിരുന്നില്ല, ചിലരുടെ വൈകൃതമായിരുന്നുവെന്നും മനു തന്റെപോസ്റ്റിൽ ആരോപിച്ചു.
തന്നെ ഭീഷണിപ്പെടുത്താൻ ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്നുമറുപടി പറയേണ്ട ബാധ്യത സിപിഎം ജില്ലാ നേതൃത്വത്തിനാണ്. കൊലവിളി നടത്തിയ സംഘത്തലവന്മാരോട്, നിങ്ങൾ പറയുന്ന ഈ പ്രതിരോധം ആർക്ക് വേണ്ടിയാണ് എന്തിനാണെന്നും കൃത്യമായ ബോധ്യമുണ്ട്. കൂടുതൽ പറയിപ്പിക്കരുത്. ജനിച്ചാൽ ഒരിക്കൽ മരിക്കണം. അത് നട്ടെല്ല് നിവർത്തി നിന്ന് സമരം ചെയ്യുന്നതിനിടെ ആയിരിക്കണം, ഒറ്റയ്ക്കായാലും സംഘടനയിൽ നിന്നുകൊണ്ടായാലും.
ആരാന്റെ കണ്ണീരും സ്വപ്നവും തകർത്ത് കിട്ടുന്ന സന്തോഷത്തിലോ, ക്വട്ടേഷൻ മാഫിയ സ്വർണപ്പണത്തിന്റെ തിളക്കത്തിലോ, ഡിവൈൻ കമ്മ്യൂണിസ്റ്റ് ഫാൻസ് പരിവേഷത്തിലോ അഭിരമിക്കുന്നവർക്ക് അത് അറിയണമെന്നില്ല. കൊല്ലാനാകും, പക്ഷെ നാളെയുടെ നാവുകൾ നിശബ്ദമായിരിക്കില്ല. അതുകൊണ്ട് തെല്ലും ഭയവുമില്ല', പോസ്റ്റിൽ മനു തോമസ് പറയുന്നു.
നേരത്തെ മനു തോമസിനെ വെല്ലുവിളിച്ച് ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയും സ്വർണ്ണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയും രംഗത്തെത്തിയിരുന്നു. മനു തോമസിന് അഭിവാദ്യം നേർന്ന പഴയ പോസ്റ്റിലായിരുന്നു ആകാശ് തില്ലങ്കേരിയുടെ വെല്ലുവിളി. എന്തും പറയാൻ പറ്റില്ലെന്ന് ബോധ്യപ്പെടുത്താൻ സംഘടനയ്ക്ക് അധിക സമയം വേണ്ടെന്ന് ഓർത്താൽ നല്ലതെന്നായിരുന്നു ആകാശിന്റെ മുന്നറിയിപ്പ്. ബിസിനസ് പരിപോഷിപ്പിക്കാൻ രാഷ്ട്രീയത്തിലേക്ക് വന്നയാളെന്നായിരുന്നു അർജുൻ ആയങ്കിയുടെ ഫേസ്‌ബുക്ക് കുറിപ്പ്.
ഈ ഫേസ്‌ബുക്ക് പോസ്റ്റ് പിന്നീട് നീക്കം ചെയ്തു. റെഡ് ആർമിയെന്ന ഫേസ്‌ബുക്ക് പേജും മനു തോമസിനെതിരെ രംഗത്തെത്തി. പാർട്ടിയേയും പാർട്ടി നേതാക്കളേയും ഇല്ലാക്കഥകൾ പറഞ്ഞ് അപമാനിക്കാൻ നിൽക്കരുതെന്നായിരുന്നു റെഡ് ആർമിയുടെ മുന്നറിയിപ്പ്. ഇതോടെ കണ്ണൂർ സിപിഎമ്മിൽ സൈബർ യുദ്ധം മുറുകിയിരിക്കുകയാണ്. തനിക്കെതിരെ ആരോപണം ഉന്നയിച്ച മനു തോമസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ മുന്നറിയിപ്പു നൽകിയതിനു ശേഷമാണ് ഇടതു അനുകൂല സൈബർ പോരാളികൾ മനു തോമസിനെതിരെ കടന്നാ ക്രമണം ശക്തമാക്കിയത്.