- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒരു പതിറ്റാണ്ടു കാലം വിഎസിന്റെ നിഴലായി; വിഭാഗിയ പകയിൽ പിണറായി വിരുദ്ധനായി; പീഡകരേയും തട്ടിപ്പുകാരേയും സസ്പെന്റ് ചെയ്ത് തിരിച്ചെടുക്കുന്നവർ സുരേഷിനോട് പൊറുക്കുന്നില്ല; വിഎസിന്റെ നൂറാം പിറന്നാളാഘോഷം: സന്തതസഹചാരിക്ക് സിപിഎമ്മിന്റെ വിലക്ക്
തിരുവനന്തപുരം: സ്വർണ്ണ കടത്തിൽ പ്രതിയായവരോട് പൊറുക്കും. പീഡനക്കേസിൽ കുടുങ്ങിയവർക്ക് മാപ്പു നൽകും. എന്നാൽ വി എസ്.അച്യുതാനന്ദന്റെ വിശ്വസ്തന് മാത്രം ഈ അനുകൂല്യം സിപിഎം നൽകില്ല. അതാണ് പക. ഇന്നും ഇടതു പക്ഷ വഴിയിൽ സഞ്ചരിക്കുന്ന സഖാവാണ് എ സുരേഷ്. പക്ഷേ സുരേഷിനോട് പാർട്ടി പൊറു്ക്കുന്നില്ല. ചെയ്ത തെറ്റ് എന്തെന്ന് അറിയാത്ത സുരേഷിന് ഇന്നും പാർട്ടി നൽകുന്നത് വേദനയുടെ കാലം.
സാമ്പത്തിക കുറ്റകൃത്യത്തിനും പീഡനത്തിനുമെല്ലാം പാർട്ടി പുറത്താക്കിയ നിരവധി പേരുണ്ട്. അവരെ എല്ലാം ആറു മാസ സസ്‌പെൻഷൻ കഴിഞ്ഞ് തിരിച്ചെടുക്കും. മലപ്പുറത്തെ സമ്മേളനത്തിൽ രഹസ്യം ചോർത്തിയ നേതാക്കൾ പോലും ഇന്ന് സിപിഎമ്മിന്റെ വിശ്വസ്തരാണ്. എന്നാൽ വിഎസിനൊപ്പം നിന്നതിന്റെ പേരിൽ നടപടി നേരിട്ടവർക്ക് മാത്രം ഇളവുകളില്ല. ഇതിന്റെ 'രക്തസാക്ഷിയാണ്' എ സുരേഷ്. പാർട്ടിയിലെ ഔദ്യോഗിക വിഭാഗം ഇപ്പോഴും വി എസ് പക്ഷക്കാരോട് പുലർത്തുന്ന വൈരാഗ്യത്തിന്റെ നേർ ചിത്രം.
വി എസ് അച്യുതാനന്ദന്റെ നൂറാം പിറന്നാളാഘോഷ വേളയിലും അദ്ദേഹത്തിന്റെ മുൻ പഴ്‌സനൽ അസിസ്റ്റന്റിനോട് പൊറുക്കാതെ സിപിഎം നിലപാട് വിശദീകരിക്കുകയാണ്. പാലക്കാട് മുണ്ടൂരിൽ വിഎസിനെ സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മ സംഘടിപ്പിച്ച 'നൂറിന്റെ നിറവിൽ വി എസ്' പരിപാടിയിലാണ് അദ്ദേഹത്തിന്റെ മുൻ പഴ്‌സനൽ അസിസ്റ്റന്റ് എ.സുരേഷിനെ വിലക്കിയത്. വിഎസിന്റെ നൂറാം പിറന്നാൾ ദിനമായ 20ന് നടത്താൻ തീരുമാനിച്ച പരിപാടിക്ക് സുരേഷിനെ സംഘാടകർ ക്ഷണിച്ചിരുന്നു. പക്ഷേ പാർട്ടി ഇടപെട്ട് തടഞ്ഞു. വിഎസിനെ ഏറ്റവും അടുത്ത് അറിയാവുന്ന വ്യക്തിയാണ് സുരേഷ്.
ദീർഘകാലം വിഎസിന്റെ സഹായിയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന പാലക്കാട്ടുകാരനായ സുരേഷ്. എസ് എഫ് ഐയിലും ഡിവൈഎഫ്‌ഐയിലും നിറഞ്ഞ് വിഎസിന്റെ സഹായി ചുമതല ഒരു കാലത്ത് പാർട്ടി ഏൽപ്പിച്ച യുവ നേതാവ്. പാർട്ടിയിൽ നിന്നും അകറ്റിയിട്ടും സിപിഎം വഴികളിലൂടെ യാത്ര പറയുന്നു. ഇന്നും പാർട്ടിയെ തള്ളി പറയാതെ ഉൾക്കൊള്ളുന്നു. ഇതെല്ലാം തിരിച്ചറിഞ്ഞാണ് സംഘാടകർ സുരേഷിനെ വി എസ് പിറന്നാൾ ആഘോഷത്തിന് വിളിച്ചത്.
സുരേഷ് അതു സ്വീകരിക്കുകയും അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തി ക്ഷണക്കത്ത് തയാറാക്കുകയും ചെയ്തു. സിപിഎമ്മുകാരും പാർട്ടി അനുഭാവികളുമായ ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സുരേഷിനെ കൂടാതെ മറ്റ് അതിഥികളെല്ലാം സിപിഎമ്മുകാരാണ്. എ.പ്രഭാകരൻ എംഎൽഎ, സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി.എ.ഗോകുൽദാസ്, മുണ്ടൂർ ഏരിയ സെക്രട്ടറി സി.ആർ.സജീവ് എന്നിവരാണ് മറ്റുള്ളവർ.
പാർട്ടി ഏരിയ നേതൃത്വത്തോടു ചോദിച്ചിട്ടാണ് സുരേഷിനെ ക്ഷണിച്ചത് എന്നാണു വിവരം. എന്നാൽ വിഭാഗീയത കൊടുമ്പിരിക്കൊണ്ട കാലത്ത് വിഎസിനൊപ്പം നിന്നതിന്റെ പേരിൽ പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ട സുരേഷിനെ ക്ഷണിച്ചത് ഒരു വിഭാഗം നേതാക്കൾക്കു പിടിച്ചില്ല. നേരത്തേ വി എസ് പക്ഷത്തു നിന്ന ജില്ലാ കമ്മിറ്റി അംഗവും എതിർത്തു. ഇതോടെ വിഷയം സംസ്ഥാന നേതാക്കളും അറിഞ്ഞു.
സുരേഷ് മറ്റു പാർട്ടികളിലൊന്നും ചേർന്നിട്ടില്ലെന്നും സിപിഎമ്മിലേക്കു മടങ്ങിവരാനായി സംസ്ഥാനകമ്മിറ്റിക്ക് അപ്പീൽ നൽകി കാത്തിരിക്കുകയാണെന്നുമുള്ള സംഘാടകരുടെ വിശദീകരണവും പാർട്ടി തള്ളി. അങ്ങനെ സുരേഷ് ആ പരിപാടിയിൽ നിന്നും പുറത്താകുകയും ചെയ്തു. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും പിന്നീട് മുഖ്യമന്ത്രിയായപ്പോഴും വി എസ്. അച്യുതാനന്ദന്റെ നിഴലെന്നോണം ഒരു പതിറ്റാണ്ടോളം സുരേഷ് പ്രവർത്തിച്ചിരുന്നു. പിന്നീട് പാർട്ടി നടപടിക്കു വിധേയനായി സി.പിഎമ്മിൽനിന്ന് പുറത്തായി.
2002-ലാണ് അദ്ദേഹം വി.എസിന്റെ പേഴ്‌സണൽ അസിസ്റ്റന്റാകുന്നത്. പിണറായി പക്ഷത്തിന്റെ നീക്കത്തിലൊടുവിലാണ് എ. സുരേഷിന് വി.എസിന്റെ പി.എ സ്ഥാനം ഒഴിയേണ്ടി വന്നത്. പിന്നീട് പാർട്ടി നടപടി. പാർട്ടി രഹസ്യം ചോർത്തിയെന്ന ആരോപണമാണ് സുരേഷിനെതിരെ ഉന്നയിച്ചത്.




