പാലക്കാട്: പാലക്കാട് മുണ്ടൂരിൽ വിഎസിനെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ സംഘടിപ്പിച്ച 'നൂറിന്റെ നിറവിൽ വി എസ്' പരിപാടിയിൽ അദ്ദേഹത്തിന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റ് എ.സുരേഷിനെ പാർട്ടി വിലക്കിയത് ചർച്ചയായിരിക്കുകയാണ്. വിഎസിന്റെ നൂറാം പിറന്നാൾ ദിനമായ 20ന് നടത്താൻ തീരുമാനിച്ച പരിപാടിക്ക് സുരേഷിനെ സംഘാടകർ ക്ഷണിച്ചിരുന്നു. പക്ഷേ പാർട്ടി ഇടപെട്ട് തടഞ്ഞു. വിഎസിനെ ഏറ്റവും അടുത്ത് അറിയാവുന്ന വ്യക്തിയാണ് സുരേഷ്.

മലപ്പുറത്തെ സമ്മേളനത്തിൽ രഹസ്യം ചോർത്തിയ നേതാക്കൾ പോലും ഇന്ന് സിപിഎമ്മിന്റെ വിശ്വസ്തരാണ്. എന്നാൽ വിഎസിനൊപ്പം നിന്നതിന്റെ പേരിൽ നടപടി നേരിട്ടവർക്ക് മാത്രം ഇളവുകളില്ല. ഇതിന്റെ 'രക്തസാക്ഷിയാണ്' എ സുരേഷ്.

സുരേഷിന്റെ പ്രതികരണം:

പരിപാടിയിലേക്കു തന്നെ ക്ഷണിച്ചത് പാർട്ടിയുടെ അനുമതിയോടെയാണോ എന്നു ചോദിച്ച് ഉറപ്പിച്ചതിനുശേഷമാണ് പങ്കെടുക്കാമെന്ന് അറിയിച്ചതെന്ന് സുരേഷ് പറഞ്ഞു. പിന്നീട് പാർട്ടിയിൽ നിന്നു തന്നെ വിയോജിപ്പുകൾ ഉണ്ടെന്നറിഞ്ഞപ്പോൾ പിൻവാങ്ങിയതാണ്. പുറത്താക്കിയിട്ടു പത്തു വർഷം കഴിഞ്ഞെങ്കിലും ഒരിക്കൽ പോലും പാർട്ടിയെ തള്ളിപ്പറഞ്ഞിട്ടില്ല. തന്നെപ്പോലൊരു സാധാരണക്കാരനെ എന്തിനാണ് ഭയക്കുന്നതെന്നാണ് തന്റെ ചോദ്യമെന്നും സുരേഷ് പറഞ്ഞു.

''മുണ്ടൂരിലെ യുവാക്കളുടെ കൂട്ടായ്മയാണ് പരിപാടിക്കു ക്ഷണിച്ചത്. അവരാദ്യം വിളിച്ചപ്പോൾ, വരുന്നില്ലെന്നു പറഞ്ഞ് ഒഴിവായി. പിന്നീട് നിരന്തരം വിളിക്കാൻ തുടങ്ങി. പാർട്ടിയുടെ അനുമതിയോടെയാണോ ക്ഷണമെന്നു ചോദിച്ചിരുന്നു. ഏരിയ സെക്രട്ടറിയുടെ അറിവോടെയാണ് വിളിക്കുന്നതെന്നായിരുന്നു മറുപടി. ഇതോടെയാണ് പങ്കെടുക്കാമെന്നു സമ്മതിച്ചത്. രണ്ടു ദിവസം കഴിഞ്ഞപ്പോൾ, ചില പ്രശ്‌നങ്ങളുണ്ടെന്നും എന്തിനാണ് സുരേഷിനെ പങ്കെടുപ്പിക്കുന്നതെന്ന് പാർട്ടിക്കകത്തു നിന്നു തന്നെ ചോദ്യങ്ങളുയരുന്നുണ്ടെന്നും അവർ പറഞ്ഞു. നിങ്ങൾ വിഷമിക്കേണ്ട, പരിപാടിക്കു വരുന്നില്ലെന്ന് അപ്പോൾത്തന്നെ അവരോടു വ്യക്തമാക്കിയതുമാണ്', സുരേഷ് പറഞ്ഞു.

പരിപാടിയെപ്പറ്റി സമൂഹമാധ്യമങ്ങളിൽ വന്ന ചില പോസ്റ്റുകളിൽ എന്റെ പേരുമുണ്ടായിരുന്നു. പിന്നീട് ഇത് ഒഴിവാക്കി പുതിയ പോസ്റ്റർ വന്നതോടെയാണ് ആളുകൾക്കിടയിൽ ഇതു ചർച്ചയായത്. ഒരാഴ്ച മുമ്പു നടന്ന സംഭവമാണ്. പക്ഷേ ഇതു ചർച്ചയായതോടെ ആളുകൾ ചോദിച്ചു തുടങ്ങി. സ്വാഭാവികമായും പ്രതികരിക്കാതിരിക്കാൻ കഴിയാത്ത അവസ്ഥ വന്നു. നടന്ന സംഭവം പറയണമല്ലോ.

ആരെല്ലാം വിചാരിച്ചാലും ഇതുവരെ ഞാൻ പാർട്ടി വിരുദ്ധനായി മാറിയിട്ടില്ല. പാർട്ടിയിൽ നിന്നു പുറത്താക്കിയിട്ടു പത്തുവർഷമായി. ഇതിനിടയിൽ ജീവിതമാർഗം തേടി ഗൾഫിലും പോയി. എന്നിട്ടും ചാനൽ ചർച്ചകളിൽ പങ്കെടുക്കുമ്പോഴോ സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുമ്പോഴോ പാർട്ടിയെ തള്ളിപ്പറഞ്ഞിട്ടില്ല. എന്നിട്ടും ഇത്തരമൊരു അനുഭവം ഉണ്ടാകുന്നതു വിഷമകരമാണ്. വിഭാഗീയത അവസാനിച്ചെന്നു പറയുമ്പോഴും എന്നെപ്പോലൊരു സാധാരണക്കാരനെ ഭയക്കുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. പാർട്ടിക്കെതിരെ ഒന്നും ചെയ്തിട്ടില്ലെങ്കിലും ചെറിയൊരു പരിപാടിക്കു പോലും വിലക്കേർപ്പെടുത്തുന്നതും പർവതീകരിക്കുന്നതും എന്തിനാണെന്നാണ് എന്റെ ചോദ്യം'' സുരേഷ് പറഞ്ഞു.

ദീർഘകാലം വിഎസിന്റെ സഹായിയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്നു പാലക്കാട്ടുകാരനായ സുരേഷ്. എസ് എഫ് ഐയിലും ഡിവൈഎഫ്ഐയിലും നിറഞ്ഞ് വിഎസിന്റെ സഹായി ചുമതല ഒരു കാലത്ത് പാർട്ടി ഏൽപ്പിച്ച യുവ നേതാവ്. പാർട്ടിയിൽ നിന്നും അകറ്റിയിട്ടും ഇന്നും പാർട്ടിയെ തള്ളി പറയാതെ ഉൾക്കൊള്ളുന്നു. ഇതെല്ലാം തിരിച്ചറിഞ്ഞാണ് സംഘാടകർ സുരേഷിനെ വി എസ് പിറന്നാൾ ആഘോഷത്തിന് വിളിച്ചത്.

സുരേഷ് അതു സ്വീകരിക്കുകയും അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തി ക്ഷണക്കത്ത് തയാറാക്കുകയും ചെയ്തു. സിപിഎമ്മുകാരും പാർട്ടി അനുഭാവികളുമായ ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സുരേഷിനെ കൂടാതെ മറ്റ് അതിഥികളെല്ലാം സിപിഎമ്മുകാരാണ്. എ.പ്രഭാകരൻ എംഎൽഎ, സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി.എ.ഗോകുൽദാസ്, മുണ്ടൂർ ഏരിയ സെക്രട്ടറി സി.ആർ.സജീവ് എന്നിവരാണ് മറ്റുള്ളവർ.

പാർട്ടി ഏരിയ നേതൃത്വത്തോടു ചോദിച്ചിട്ടാണ് സുരേഷിനെ ക്ഷണിച്ചത് എന്നാണു വിവരം. എന്നാൽ വിഭാഗീയത കൊടുമ്പിരിക്കൊണ്ട കാലത്ത് വിഎസിനൊപ്പം നിന്നതിന്റെ പേരിൽ പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ട സുരേഷിനെ ക്ഷണിച്ചത് ഒരു വിഭാഗം നേതാക്കൾക്കു പിടിച്ചില്ല. നേരത്തേ വി എസ് പക്ഷത്തു നിന്ന ജില്ലാ കമ്മിറ്റി അംഗവും എതിർത്തു. ഇതോടെ വിഷയം സംസ്ഥാന നേതാക്കളും അറിഞ്ഞു.

സുരേഷ് മറ്റു പാർട്ടികളിലൊന്നും ചേർന്നിട്ടില്ലെന്നും സിപിഎമ്മിലേക്കു മടങ്ങിവരാനായി സംസ്ഥാനകമ്മിറ്റിക്ക് അപ്പീൽ നൽകി കാത്തിരിക്കുകയാണെന്നുമുള്ള സംഘാടകരുടെ വിശദീകരണവും പാർട്ടി തള്ളി. അങ്ങനെ സുരേഷ് ആ പരിപാടിയിൽ നിന്നും പുറത്താകുകയും ചെയ്തു. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും പിന്നീട് മുഖ്യമന്ത്രിയായപ്പോഴും വി എസ്. അച്യുതാനന്ദന്റെ നിഴലെന്നോണം ഒരു പതിറ്റാണ്ടോളം സുരേഷ് പ്രവർത്തിച്ചിരുന്നു. പിന്നീട് പാർട്ടി നടപടിക്കു വിധേയനായി സി.പിഎമ്മിൽ നിന്ന് പുറത്തായി.

2002-ലാണ് അദ്ദേഹം വി.എസിന്റെ പേഴ്സണൽ അസിസ്റ്റന്റാകുന്നത്. പിണറായി പക്ഷത്തിന്റെ നീക്കത്തിലൊടുവിലാണ് എ. സുരേഷിന് വി.എസിന്റെ പി.എ സ്ഥാനം ഒഴിയേണ്ടി വന്നത്. പിന്നീട് പാർട്ടി നടപടി. പാർട്ടി രഹസ്യം ചോർത്തിയെന്ന ആരോപണമാണ് സുരേഷിനെതിരെ ഉന്നയിച്ചത്.