തിരുവനന്തപുരം: പത്തനംതിട്ടയിൽ അനിൽ ആന്റണിക്കെതിരെ അച്ചു ഉമ്മൻ പ്രചാരണം നടത്തും. ഏപ്രിൽ ആറിനാണ് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ പ്രചാരണത്തിനായി ഉമ്മൻ ചാണ്ടിയുടെ മകൾ പത്തനംതിട്ടയിൽ എത്തുക. പോസ്റ്റർ അച്ചു ഉമ്മൻ ഫേസ്‌ബുക്കിൽ പങ്കുവച്ചു. പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി ബാല്യകാലം മുതലുള്ള സുഹൃത്താണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ പ്രചാരണം നടത്താനാകില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ പ്രതികരിച്ചുവെന്നാണ് വാർത്ത വന്നത്.

വാർത്താ ഏജൻസിയായ ഐഎഎൻഎസിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്‌പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പത്തനംതിട്ട ഒഴികെ സംസ്ഥാനത്തുടനീളം കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തുമെന്ന് അച്ചു ഉമ്മൻ പറഞ്ഞതായി ആയിരുന്നു വാർത്ത. അതിശക്തമായ ത്രികോണ മത്സരം നടക്കുന്ന പത്തനംതിട്ടയിൽ അച്ചു ഉമ്മന്റെ വാക്കുകൾ ബിജെപി ചർച്ചയാക്കുമെന്ന് ഉറപ്പായിരുന്നു. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായി പരിഗണിക്കുന്ന ആന്റോ ആന്റണിയാണ് പത്തനംതിട്ടയിലെ കോൺഗ്രസ് സ്ഥാനാർത്ഥി. സിപിഎമ്മിനായി മുൻ മന്ത്രി തോമസ് ഐസക്കും.

കോൺഗ്രസിനെ സമുന്നതരായ നേതാക്കളായിരുന്നു എകെ ആന്റണിയും ഉമ്മൻ ചാണ്ടിയും. ഇരുവരും സുഹൃത്തുക്കളുമായിരുന്നു. കഴിഞ്ഞ വർഷമാണ് ഉമ്മൻ ചാണ്ടി അന്തരിച്ചത്. കോൺഗ്രസ് ക്യാമ്പിനെ ഞെട്ടിച്ചാണ് അനിൽ ആന്റണി ബിജെപിയിൽ ചേർന്നത്. മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായിരുന്ന പത്മജ വേണുഗോപാലും ബിജെപിയിൽ ചേർന്നിരുന്നു. ഉമ്മൻ ചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മൻ കോൺഗ്രസ് പ്രചാരണത്തിൽ സജീവമാണ്. ഇതിനിടെയാണ് അച്ചു ഉമ്മൻ മനസ്സ് തുറന്നതായി വാർ്ത്ത വന്നത്.

പത്തനംതിട്ടയിൽ കോൺഗ്രസ് സിറ്റിങ് എംപി ആന്റോ ആന്റണിയെയും മുതിർന്ന സിപിഐഎം നേതാവും രണ്ടുതവണ സംസ്ഥാന ധനമന്ത്രിയുമായ തോമസ് ഐസക്ക് എന്നിവരെയാണ് അനിൽ ആന്റണി നേരിടുന്നത്. മോഡലിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ച അച്ചു, ദുബായ് അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. കോട്ടയം ലോക്സഭയിലേക്ക് പോലും അച്ചു ഉമ്മന്റെ പേര് കോൺഗ്രസിനുള്ളിൽ ചർച്ചയായിരുന്നു. എന്നാൽ സീറ്റ് പിന്നീട് കേരളാ കോൺഗ്രസിന് നൽകി. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ പിൻഗാമിയായി പലരും മുമ്പ് കരുതിയത് അച്ചു ഉമ്മനെയാണ്. എന്നാൽ ഉമ്മൻ ചാണ്ടിയുടെ മരണ ശേഷം രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി അച്ചു ഉമ്മൻ മാറി നിൽക്കുകായണ്.