- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിയിൽ ചേർന്ന ഓർത്തഡോക്സ് വൈദികനെതിരെ സഭാ നടപടി
കോട്ടയം: ബിജെപിയിൽ അംഗത്വമെടുത്ത ഓർത്തഡോക്‌സ് സഭാ ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യനെതിരെ സഭാ തലത്തിൽ നടപടി. നിലവിലെ എല്ലാ ചുമതലകളിൽ നിന്നും വൈദികനെ നീക്കി. ഷൈജു കുര്യനെതിരെ ഉയർന്ന പരാതികൾ അന്വേഷിക്കാൻ സഭാ കമ്മീഷനേയും നിയോഗിച്ചു. ഇന്നലെ രാത്രിയിൽ ചേർന്ന ഭദ്രാസന കൗൺസിലിന്റേതാണ് തീരുമാനം.
ഓർത്തഡോക്‌സ് സഭ അധ്യക്ഷൻ നിയോഗിക്കുന്ന കമ്മീഷൻ പരാതികൾ അന്വേഷിക്കും. രണ്ടു മാസത്തിനുള്ളിൽ കമ്മീഷൻ അന്വേഷണം പൂർത്തീകരിച്ച് റിപ്പോർട്ട് നൽകുവാനും തീരുമാനമായി. അതേസമയം ഭദ്രാസന കൗൺസിലിന്റെ തീരുമാനം തന്റെ അഭ്യർത്ഥന പ്രകാരമെന്ന് ഫാദർ ഷൈജു കുര്യൻ പ്രതികരിച്ചു.
ഫാ. ഷൈജു കുര്യൻ ബിജെപിയിൽ ചേർന്നത് മുതൽ അദ്ദേഹത്തിനെതിരെ വിവിധ കോണുകളിൽ നിന്നും പരാതികൾ എത്തിയിരുന്നു. സഭയ്ക്കുള്ളിൽ നിന്നും എതിർപ്പുയരുകയും ചെയ്തിരുന്നു. ഇതോടെ സഭ നേതൃത്വം പറഞ്ഞാൽ ബിജെപിയിൽ ചേർന്ന തീരുമാനം മാറ്റുമെന്ന് ഫാ. ഷൈജു കുര്യൻ വ്യക്തമാക്കുകയുണ്ട. സഭയാണ് തനിക്ക് വലുതെന്നും നേതൃത്വം പറയുന്നതുപോലെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഫാ. ഷൈജു കുര്യനോടൊപ്പം ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള 47 പേരാണ് എൻഡിഎയുടെ ക്രിസ്തുമസ് സ്‌നേഹ സംഗമത്തിൽ വെച്ച് ബിജെപി അംഗത്വമെടുത്തത്. ഫാ. ഷൈജു കുര്യൻ ബിജെപിയിൽ ചേർന്നതിൽ പരസ്യപ്രതിഷേധുമായി ഓർത്തഡോക്‌സ് സഭാ വിശ്വാസികൾ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ആവശ്യമെങ്കിൽ തീരുമാനം മാറ്റുമെന്ന് ഫാ ഷൈജു വ്യക്തമാക്കിയത്. റാന്നിയിലെ അരമനയ്ക്ക് മുന്നിൽ പ്രതിഷേധവുമായി വൈദികർ ഉൾപ്പെടെ എത്തിയതോടെ ഭദ്രാസന കൗൺസിൽ യോഗം മാറ്റിയിരുന്നു. മറുപടി നൽകാനില്ലാത്തതിനാൽ മെത്രാപ്പൊലീത്ത മുങ്ങിയെന്നാണ് വിശ്വാസികൾ ആരോപിച്ചത്.
റാന്നി ഇട്ടിയപ്പാറയിലെ ഓർത്തഡോക്‌സ് സഭാ നിലയ്ക്കൽ ഭദ്രാസനത്തിന് മുന്നിലാണ് വിശ്വാസികൾ പ്രതിഷേധിച്ചത്. ഭദ്രാസന സെക്രട്ടറിയുടെ ചുമതലയിലിരുന്ന് ഫാ. ഷൈജു കുര്യൻ ബിജെപി അംഗത്വം സ്വീകരിച്ചത് അംഗീകരിക്കില്ലെന്ന് വൈദികരടക്കം വിശ്വാസികൾ പറയുന്നു. ബിജെപിയിൽ ചേർന്ന ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യൻ ക്രിമിനൽ കേസുകളിൽ അടക്കം ഉടൻ പ്രതിയാകുമെന്നും അതിനെ പ്രതിരോധിക്കാൻ കൂടിയാണ് ബിജെപിയിൽ പ്രവേശനമെന്നുമാണ് ഉയർന്ന ആരോപണം.
ഓർത്തഡോക്‌സ് സഭയെ അവഹേളിച്ച ഷൈജു കുര്യനെ ഭദ്രാസന ചുമതലയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ സഭാ അധ്യക്ഷന് പരാതി നൽകിയിരുന്നു. നടപടി വന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധം തുടരാനും തീരുമാനിച്ചു. ഇതിനിടെയാണ് ഇപ്പോൾ വൈദികനെ എല്ലാ ചുമതലകളിൽ നിന്നും നീക്കിയത്.
ഫാ. ഷൈജു കുര്യന്റെ ബിജെപി പ്രവേശനവും തുടർന്നുള്ള വിവാദങ്ങൾക്കും പിന്നാലെ വൈദികർക്ക് കർശന നിർദേശങ്ങളുമായി ഓർത്തഡോക്സ് സഭ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. നേതൃത്വത്തിന്റെ അനുമതി വാങ്ങാതെ മാധ്യമങ്ങളിൽ വൈദികർ അഭിപ്രായം പറയരുതെന്നാണ് നിർദ്ദേശം. വിഴുപ്പലക്കൽ സംസ്‌കാരം പൗരോഹിത്യത്തിൽ നിന്ന് ആരും പ്രതീക്ഷിക്കുന്നില്ലെന്നാണ് വൈദിക ട്രസ്റ്റി വാട്സ്അപ് വഴി നൽകിയ നിർദ്ദേശത്തിൽ പറയുന്നത്. ഫാ. ഷൈജു കുര്യനെതിരെ പൊലീസിൽ എത്തിയ പരാതി അടക്കം വിവാദമായതോടെയാണ് നേതൃത്വത്തിന്റെ ഇടപെടൽ.
മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട് വൈദികസ്ഥാനത്തുള്ളവർ അഭിപ്രായം പറയുന്നതിന് മുമ്പ് സഭാ നേതൃത്വത്തിൽ നിന്നോ ഭദ്രാസന അധ്യക്ഷന്റെയോ അനുമതി മുൻകൂട്ടി വാങ്ങുന്നത് അച്ചടക്കത്തിന്റെ ഭാഗമാണെന്നും അത് തുടരണമെന്നുമാണ് വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ ഇറക്കിയ വാട്സ് ആപ്പ് കുറിപ്പിൽ പറയുന്നത്. മറ്റെതെങ്കിലും താല്പര്യങ്ങളുടെ പേരിൽ അനുമതിയില്ലാതെ മാധ്യമങ്ങളിൽ ചർച്ചക്ക് എത്തുന്നത് സഭയുടെ കെട്ടുറപ്പിനെയും അച്ചടക്കത്തേയും ബാധിക്കും.
അതിനാൽ അത്തരം സമീപനങ്ങളിൽ നിന്ന് വൈദികർ പിന്മാറണം. വിഴുപ്പലക്കൽ സംസ്‌കാരം പൗരോഹിത്യത്തിൽ നിന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് മുൻകൂട്ടി നിശ്ചയിക്കപ്പെട്ടവരും സഭയിൽ നിന്നും നിർദ്ദേശിക്കുന്നവരും മാത്രം മാധ്യമങ്ങളിൽ ചർച്ചക്ക് പോകുന്ന മുൻകാല രീതി തുടരുന്നതാണ് ഏറ്റവും അഭികാമ്യം. എല്ലാവരും അതിൽ ശ്രദ്ധവെയ്ക്കും എന്നതാണ് പ്രതീക്ഷ. നിലവിൽ നടക്കുന്ന വിഷയങ്ങൾ സഭയുടെ ഉന്നതതലങ്ങളിൽ ഗൗരവമായി ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഉചിത നിർദ്ദേശം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.