തിരുവനന്തപുരം: ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി നടൻ ദേവനെ നിയമിച്ചു. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. കേരള പീപ്പീൾസ് പാർട്ടി എന്ന പേരിൽ രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകി രാഷ്ട്രീയത്തിൽ പ്രവേശിച്ച ദേവൻ അടുത്തിടെ പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ചിരുന്നു.

കെ.സുരേന്ദ്രൻ നയിച്ച വിജയ യാത്രയുടെ സമാപനത്തിലായിരുന്നു ലയനം. ദേവനെയും പാർട്ടിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിജെപിയിലേക്ക് സ്വീകരിച്ചത്. നേരത്തേ രണ്ട് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചെങ്കിലും ദേവൻ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ കുറെനാളായി ബിജെപിയുമായി ദേവൻ സഹകരിച്ചുവരികയായിരുന്നു.

സുരേഷ് ഗോപിക്ക് പിന്നാലെ മറ്റൊരു മലയാളി സിനിമാ താരം കൂടി സംസ്ഥാന ബിജെപിയുടെ നേതൃത്വത്തിലേക്ക് എത്തുന്നത്. നേരത്തെ ബിജെപി സജീവ പ്രവർത്തകരായിരുന്ന ഭീമൻ രഘുവും സംവിധായകൻ രാജസേനനും പാർട്ടിവിട്ട് സിപിഎമ്മിൽ ചേർന്നിരുന്നു.