തിരുവനന്തപുരം: തന്റെ തട്ടം പരാമർശം വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി സിപിഎം നേതാവ് അഡ്വ. കെ അനിൽകുമാർ. നാസ്തിക സമ്മേളനത്തിൽ താൻ അരമണിക്കൂർ പ്രസംഗിച്ചതിൽനിന്ന് അരവാചകം എടുത്ത് മുമ്പുള്ളതും ശേഷമുള്ളതും വെട്ടിമാറ്റി വിവാദം സൃഷ്ടിക്കുകയാണെന്ന് അഡ്വ. കെ അനിൽകുമാർ പറഞ്ഞു.

'ഏതെങ്കിലും മതത്തിന്റെ ആചാരം മാറ്റാൻ നടക്കുന്ന പാർട്ടിയല്ല സിപിഎം. ഒരുമതത്തിന്റെയും ആചാരം മാറ്റാൻ കമൂണിസ്റ്റ് പാർട്ടിക്ക് താൽപര്യവുമില്ല. സിപിഎം നാട്ടിൽ ഉണ്ടാക്കിയ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ചോയ്‌സ് ഉണ്ട്. ആരും തട്ടമിടരുതെന്ന് ഞാൻ പറഞ്ഞിട്ടില്ല. ആരെങ്കിലും ഒരാളുടെ അടുത്ത് തട്ടമിടാൻ ബലപ്രയോഗത്തിന്റെ ഭാഗമായിട്ടോ മറ്റുനിർബന്ധങ്ങളുടെ ഭാഗമായിട്ടോ വന്നാൽ, വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഉണ്ടായ സ്വതന്ത്ര ചിന്തയുടെ ഭാഗമായി തട്ടം വേണമോ വേണ്ടയോ എന്ന് പറയാൻ പെൺകുട്ടികൾക്ക് ഓപ്ഷൻ ഉണ്ട് എന്നാണ് പറഞ്ഞത്' - അനിൽ കുമാർ വ്യക്തമാക്കി.

'മലപ്പുറത്ത് നിന്ന് വരുന്ന പുതിയ പെൺകുട്ടികളെ കാണൂ നിങ്ങൾ. തട്ടം തലയിലിടാൻ വന്നാൽ അത് വേണ്ടായെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് ഈ കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടുതന്നെയാണ്. വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിത്തന്നെയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതുകൊണ്ട് സ്വതന്ത്രചിന്ത വന്നതിൽ ഈ പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ല' എന്നായിരുന്നു കഴിഞ്ഞ ദിവസം അനിൽകുമാർ പറഞ്ഞത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സി.രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള നാസ്തിക സംഘടനയായ എസ്സൻസ് ഗ്ലോബൽ സംഘടിപ്പിച്ച ലിറ്റ്മസ്'23- സമ്മേളനത്തിലായിരുന്നു അനിൽകുമാറിന്റെ ഈ പരാമർശം. ഏകീകൃത സിവിൽകോഡ് ആവശ്യമുണ്ടോ എന്ന സെഷനിലായിരുന്നു വിവാദ പരാമർശങ്ങൾ. 2024 ലെ തെരഞ്ഞെടുപ്പിൽ മോദി അധികാരത്തിൽ വന്നാൽ എസ്സൻസിന്റെ സമ്മേളനം നടത്താൻ പോലും കഴിയില്ലെന്നും ആർ.എസ്.എസിന്റെ മൂടുതാങ്ങുന്ന പണി എസ്സൻസ് നിർത്തണമെന്നും താൻ അവിടെ പ്രസംഗിച്ചതായി അനിൽകുമാർ ചൂണ്ടിക്കാട്ടി.

അനിൽകുമാറിന്റെ പ്രസംഗത്തിനെതിരെ കെ ടി ജലീലും എ എം ആരിഫ് എംപിയും രംഗത്തുവന്നിരുന്നു. സമസ്തയും എതിർപ്പുയർത്തി രംഗത്തുവന്നതോടെ സിപിഎം വിഷയത്തിൽ പ്രതികരിച്ചേക്കും. അതേസമയം മുസ്ലിംലീഗും അനിൽകുമാറിന്റെ പ്രസ്താവനക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.

എസ്സ്‌സൻസ് സമ്മേളനത്തിൽ അനിൽകുമാർ പറഞ്ഞത് ഇങ്ങനെ:

'മലപ്പുറത്ത് നിന്ന് വരുന്ന പുതിയ പെൺകുട്ടികളെ കാണൂ നിങ്ങൾ. തട്ടം തലയിലിടാൻ വന്നാൽ അത് വേണ്ടായെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് ഈ കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടുതന്നെയാണ്, വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിത്തന്നെയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതുകൊണ്ട് സ്വതന്ത്രചിന്ത വന്നതിൽ ഈ പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ല.

പട്ടിണി കിടക്കുന്ന സമൂഹത്തിലെ എല്ലാവരും മതരഹിതരാണെങ്കിൽ ആ സമൂഹം പുരോഗമന സമൂഹമാണെന്ന് സിപിഎം വിശ്വസിക്കുന്നില്ല. മുസ്ലിം സ്ത്രീകൾ പട്ടിണി കിടക്കുന്നില്ലെങ്കിൽ അതിനു നന്ദി പറയേണ്ടത് എസ്സെൻസിനോടല്ല, മാർക്സിസ്റ്റ് പാർട്ടിയോടാണ്. ഒരു യുക്തിവാദപ്രസ്ഥാനത്തിന്റെയും പിന്തുണ കൊണ്ടല്ല പട്ടിണി മാറുന്നത്. പട്ടിണി മാറ്റുക എന്നത് വർഗസമരത്തിന്റെ ഭാഗമായി തൊഴിലാളിയുടെ പണിയാണ്, കൃഷിക്കാരന്റെ പണിയാണ്. ആ കൃഷിക്കാരൻ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടാവും. മതത്തിൽ വിശ്വസിക്കുന്നുണ്ടാവും. അത് രണ്ടാമത്തെ കാര്യമാണ്. ചൂഷണത്തെ എതിർക്കാൻ അണിനിരത്തുക എന്നതാണ് ഞങ്ങളുടെ രാഷ്ട്രീയം'.

'ആർ.എസ്.എസ് വ്യാജ ഏകത്വമുണ്ടാക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യാ രാജ്യത്ത് ഒരു സിവിൽകോഡുണ്ട്. 2024ലെ യുദ്ധത്തിലേക്കു പോകുമ്പോൾ മോദിയെ ഗുജറാത്തിലേക്ക് അയക്കുക എന്ന ചെറിയൊരു കാര്യമല്ല ഉള്ളത്. നമ്മുടെ മനുഷ്യമനസ്സിന്റെ, രാഷ്ട്രശരീരത്തിന്റെ നാഡീഞരമ്പിലേക്ക് വർഗീയത ഒലിച്ചിറങ്ങിയിരിക്കുന്നു. ഒരു സൈനികൻ പുറത്ത് പി.എഫ്.ഐ എന്നു ചാപ്പകുത്തി അതിന്റെ പേരിൽ നാട്ടിൽ വൈരമുണ്ടാക്കാൻ കൃത്രിമങ്ങൾ സൃഷ്ടിക്കപ്പെടുന്ന, വ്യാജങ്ങളുടെ നിർമ്മിതിയുണ്ടാക്കുന്ന സമൂഹത്തിൽ വ്യാജ ഏകത്വമുണ്ടാക്കാനാണു ഭരണകൂടം ശ്രമിക്കുന്നത്. ആ വ്യാജ ഏകത്വത്തിനു നിന്നുകൊടുക്കലാണ് ഏക സിവിൽകോഡിനു വേണ്ടിയുള്ള വാദങ്ങൾ''.

''ഏക സിവിൽകോഡ് വേണ്ടെന്ന് സിപിഎം അഭിപ്രായപ്പെട്ടിട്ടുണ്ടോ? ജനാധിപത്യ സമൂഹത്തിന്റെ വികാസത്തെക്കുറിച്ചാണ് സിപിഎം പറയുന്നത്. സിവിൽകോഡ് മാത്രമല്ല, ഇന്നത്തെ രാഷ്ട്രവ്യവസ്ഥയിലെ എല്ലാ കാര്യങ്ങളും മാറ്റിമറിക്കണമെന്നു പറയുന്ന ഒരു പരിപാടി ഞങ്ങൾക്കുണ്ട്. സമ്പത്തിന്റെ തുല്യത ഉൾപ്പെടെ. സമൂഹത്തിൽ ഇപ്പോൾ നടക്കുന്ന ഗവേഷണം കോർപറേറ്റ് മുതലാളിക്കു വേണ്ടിയാണ്.''

''ഏക സിവിൽകോഡുമായി മണിപ്പൂരിലും അസമിലും ത്രിപുരയിലും പോകുമോ? മണിപ്പൂരിലെ സ്ത്രീകൾ നഗ്‌നരാക്കപ്പെട്ടു പെരുവഴിയിലൂടെ നടക്കുമ്പോൾ അവർക്ക് ഉടുവസ്ത്രം കൊടുക്കലാണ് അടിയന്തരം; പൊതു സിവിൽകോഡല്ല. അവരുടെ ഉടുവസ്ത്രം നഷ്ടപ്പെടുത്തുന്ന ഫാസിസം മുന്നിൽനിൽക്കുമ്പോഴാണ് നിങ്ങൾ പൊതു സിവിൽകോഡിനെയും സ്ത്രീ സ്വാതന്ത്ര്യത്തെയും കുറിച്ച് പറയുന്നത്. ഉടുവസ്ത്രം ഉരിഞ്ഞുപോകുന്ന ഇന്ത്യയിലെ സ്ത്രീക്ക് ഉടുതുണി മടക്കിക്കൊടുക്കുകയാണ് സിപിഎമ്മിന്റെ അജണ്ട''

''സ്ത്രീകളോട് അമ്പലത്തിലും പള്ളിയിലും പോകേണ്ട എന്നല്ല സിപിഎം പറഞ്ഞത്; തൊഴിൽകേന്ദ്രത്തിലേക്കു പോകാനാണ്. 1944ൽ ഇ.എം.എസ് ഓങ്ങല്ലൂരിൽ നമ്പൂതിരിമാരുടെ സമ്മേളനത്തിൽ ഒരു പ്രസംഗം നടത്തിയിരുന്നു. നമ്പൂതിരി സ്ത്രീകൾ പണിക്കു പോകണം, ഒരു പണിയും കിട്ടിയില്ലെങ്കിൽ കിഴിഞ്ഞ പണിയായ തോട്ടിപ്പണിക്കെങ്കിലും പോകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അന്തർജനങ്ങൾ അന്തർജനങ്ങളായി ഇരിക്കുകയല്ല, ഒരു പണിയും കിട്ടിയില്ലെങ്കിൽ തോട്ടിപ്പണിക്കു പോകണമെന്നു പറഞ്ഞ ഒരു ഇ.എം.എസ് ഉണ്ട്. സ്ത്രീയെ സ്ത്രീയായി, അവരുടെ അധികാരം താഴെയാക്കാതെ, അന്തസ്സായി ജോലിയെടുത്ത്, സമൂഹത്തിലെ ഏതു പുരുഷനുമൊപ്പം ഉയർന്നുനിൽക്കാനുള്ള തരത്തിൽ സ്ത്രീ ശ്രദ്ധിക്കപ്പെടണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്''

''എസ്സൻസും സിപിഎമ്മും തമ്മിൽ മത്സരമില്ല. എസ്സൻസ് പ്രവർത്തിക്കുന്നത് ആശയരംഗത്താണെങ്കിൽ സിപിഎം ഭൗതികരംഗത്താണു പ്രവർത്തിക്കുന്നത്. സ്ത്രീപദവി ഉയർത്തലാണ് ഭൗതികരംഗത്ത് പ്രവർത്തിക്കുന്ന ഞങ്ങളുടെ ചുമതല. കേരളത്തിൽ സ്ത്രീപദവി ഉയർത്തിയത് ആരാണ്? നായനാർ സർക്കാർ നടപ്പാക്കിയ അധികാരവികേന്ദ്രീകരണത്തിന്റെയും ജനകീയാസൂത്രണത്തിന്റെയും കുടുംബശ്രീയുടെയും ഭാഗമായി നമ്മുടെ നാട്ടിലെ അമ്മമാരുടെ കൈയിൽ പണം വരുന്നുണ്ടെങ്കിൽ അത് അവർക്കുണ്ടാക്കുന്ന അഭിമാനബോധം സ്ത്രീപദവി ഉയർത്തലാണ്'' -അനിൽകുമാർ പറഞ്ഞു.