തിരുവനന്തപുരം: പത്തനംതിട്ടയിൽ ബിജെപിക്കായി മത്സരിക്കുന്ന മകൻ അനിൽ കെ ആന്റണി തോൽക്കണമെന്ന് എകെ ആന്റണി. ബിജെപിക്ക് ഇനി കേരളത്തിൽ സുവർണ്ണ കാലഘട്ടം ഉണ്ടാകില്ലെന്നും ആന്റണി വിശദീകരിച്ചു. പതിവ് ശൈലികൾ വിട്ട് രാഷ്ട്രീയ എതിരാളികളെ കടന്നാക്രമിക്കുകയായിരുന്നു ആന്റണി. കോൺഗ്രസിനെ തള്ളി പറയുന്നവരെ കടന്നാക്രമിക്കുകയായിരുന്നു ആന്റണി. അതിനിടെ താൻ പത്തനംതിട്ടയിൽ ജയിക്കുമെന്നും കോൺഗ്രസ് തകരുമെന്നും ആന്റണിക്ക് മറുപടിയായി അനിൽ കെ ആന്റണിയും പ്രതികരിച്ചു.

പത്തനംതിട്ടയിൽ പ്രചരണത്തിന് പോകില്ലെന്ന് അന്റണി പറഞ്ഞു. എന്നാൽ ബിജെപിയേയും അനിൽ കെ ആന്റണിയേയും കടന്നാക്രമിക്കുകയായിരുന്നു കോൺഗ്രസിന്റെ മുതിർന്ന നേതാവ്. കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിക്കൊപ്പം ചേരുന്നത് തെറ്റെന്ന് എകെആന്റണി പറഞ്ഞു. കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നാണ് തുടക്കം മുതൽ നിലപാട്. മക്കളെ പറ്റി എന്നെ കൊണ്ട് അധികം പറയിപ്പിക്കരുത്.ആ ഭാഷ ശീലിച്ചിട്ടില്ല.താൻ പ്രചാരണത്തിന് പോകാതെ തന്നെ പത്തനംതിട്ടയിൽ ആന്റോ ആന്റണി, വൻ ഭൂരിപക്ഷത്തിൽ ജയിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്തത് ആരോഗ്യ പ്രശ്നം കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.ബിജെപിയുടെ സുവർണകാലം കഴിഞ്ഞു. സുവർണകാലം ശബരിമല പ്രശ്നമുണ്ടായ കാലത്താണ്. അത് കഴിഞ്ഞു-ആന്റണി പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പല്ല.ഇന്ത്യ അടുത്ത അഞ്ച് വർഷം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ്.തെരഞ്ഞെടുപ്പ് ജീവൻ മരണ പോരാട്ടമാണ്.ഡു ഓർ ഡൈ.ഇന്ത്യയെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണ്.ഇന്ത്യയെ സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ്. ഇന്ത്യയെന്ന ആശയത്തെ ഞെക്കി ഞെരുക്കി ഇല്ലാതാക്കാനാണ് ശ്രമം.ബിജെപി ഭരണം അവസാനിപ്പിക്കണം.ആർഎസ്എസിന്റെ പിൻ സീറ്റ് ഡ്രൈവ് അവസാനിപ്പിക്കണം.ഭരണഘടന മൂല്യങ്ങൾ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കപ്പെടാനുള്ള തെരഞ്ഞെടുപ്പാണ്.മോദി വീണ്ടും അധികാരത്തിൽ എത്തിയാൽ ഭരണഘടനയും ജനാധിപത്യവും അട്ടിമറിക്കപ്പെടുമെന്നും ആന്റണി പറഞ്ഞു.

ബിജെപി സ്ഥാനാർത്ഥിയും തന്റെ മകനുമായ അനിൽ ആന്റണി തോൽക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു അനിൽ ആന്റണി. പത്തനം തിട്ടയൽ ആന്റോ ആന്റണി ജയിക്കണമെന്നും തന്റെ മതം കോൺഗ്രസാണെന്നും ആന്റണി തിരുവനന്തപുരത്ത് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പറഞ്ഞു. ഏത് മക്കളും മോദിയോടൊപ്പം ചേരുന്നത് തെറ്റാണെന്ന് ആന്റണി പറഞ്ഞു. മറ്റ് മക്കളെ കുറിച്ച് പറയാൻ ആഗ്രഹിക്കുന്നില്ല. മക്കളെ കുറിച്ച് തന്നെക്കൊണ്ട് അധികം പറയിപ്പിക്കരുതെന്നും ആ ഭാഷ താൻ ശീലിച്ചിട്ടില്ലെന്നും അത് തന്റെ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും ആന്റണി പറഞ്ഞു. ഇത് സംബന്ധിച്ച കൂടുതൽ ചോദ്യങ്ങൾക്ക് ഇത്രയൊക്കെ മതിയെന്നായിരുന്നു ആന്റണിയുടെ പ്രതികരണം.

കേരളത്തിന്റെ സമഗ്ര മേഖലയേയും തകർത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. വനഖലയിലെ ജനങേങൾ ഓടി പോകട്ടെ എന്ന ദുഷ്ടലാക്ക് ഉണ്ടോ സർക്കാരിന് എന്ന് പോലും സംശയിക്കുന്നു. പരമ്പരാഗത മേഖലയാകെ തകന്നു, തീരദേശ ജീവിതം ദുസ്സഹമായി. ജീവിക്കാൻ വഴിയില്ലാതെ റഷ്യയിൽ യുദ്ധം ചെയ്യാൻ വരെ യുവാക്കൾ പോകുന്നു. പ്രതീക്ഷ നശിച്ച് കേരളത്തിൽ ഇനി ജീവിച്ചിട്ട് കാര്യമില്ല എന്ന് തിരിച്ചറിയുന്നു.എന്നിട്ടും മുഖ്യമന്ത്രി എന്ത് ചെയ്യുന്നു.ഇങ്ങനെ പോയാൽ കേരളം ഇതരസംസ്ഥാന തൊഴിലാളികളുടെ മാത്രം നാടായി മാറും കേന്ദ്രത്തിൽ ബിജെപിക്കെതിരെയും കേരളത്തിൽ പിണറായി ദുർഭരണത്തിന് എതിരെയും വിധിയെഴുതണമെന്നും എകെ ആന്റണി വോട്ടർമാരോട് അഭ്യർത്ഥിച്ചു

ബിജെപിക്ക് കേരളത്തിൽ കഴിഞ്ഞ തവണത്തെക്കാൾ വോട്ടുകുറയും. ഇരുപത് സീറ്റിലും അവർ മൂന്നാം സ്ഥാനത്ത് ആയിരിക്കുമെന്നും ആന്റണി പറഞ്ഞു. കേരളത്തിൽ ബോധപൂർവം മതസ്പർധ വളർത്താൻ വേണ്ടിയാണ് കേരള സ്റ്റോറി സിനിമ പ്രദർശിപ്പിച്ചത്. ആ കെണിയിൽ വീഴരുതേ എന്നാണ് തന്റെ അഭ്യർത്ഥന. ബിജെപിയുടെ കെണിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ പിന്തുണയെ സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് നിലപാട് പറഞ്ഞിട്ടുണ്ട്. സംസ്ഥാന അധ്യക്ഷൻ പറയുന്നതാണ് പാർട്ടിയുടെ അന്തിമനിലപാടെന്നും ആന്റണി പറഞ്ഞു.

അതേസമയം 'എനിക്ക് വളരെ ബഹുമാനമുള്ള വ്യക്തിയാണ് എ.കെ. ആന്റണി. 84 വയസ്സായി. പക്ഷെ ഇന്നും രാഷ്ട്രവിരുദ്ധമായി പ്രവർത്തിക്കുന്ന ഗാന്ധി കുടുംബത്തിന് വേണ്ടി പ്രവർത്തിക്കുകയാണ്. പഴയ പ്രതിരോധ മന്ത്രിയായ അദ്ദേഹം ഇന്ത്യൻ സൈന്യത്തെയും സൈനികരെയും അവഹേളിച്ച, പാക്കിസ്ഥാന്റെ തീവ്രവാദ ശ്രമങ്ങളെ വെള്ളപൂശാൻ ശ്രമിച്ച രാജ്യവിരുദ്ധനായ, ചതിയനായ ഒരു എംപിക്ക് വേണ്ടി സംസാരിച്ച് കാണുമ്പോൾ എനിക്ക് വിഷമമാണ് തോന്നിയത്. രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസ് പാർട്ടിയെ ജനം മൂന്നാം തവണയും ചവറ്റുകൊട്ടയിലേക്കെറിയും. നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകും. ഇതെല്ലാം കണ്ട് കോൺഗ്രസ് പാർട്ടിയിലെ കാലഹരണപ്പെട്ടവരും രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും കുടുംബത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്നവരുമായി മാറി.

കോൺഗ്രസ് പഴയ കോൺഗ്രസല്ല. കോൺഗ്രസ് പാർട്ടി ഇന്ന് വെറുമൊരു കുടുംബത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു രാജ്യവിരുദ്ധ പാർട്ടിയാണ്. അതിനെ രാഹുൽ ഗാന്ധി വളർത്തി വളർത്തി പാതാളത്തിലെത്തിച്ചു. 15 വർഷമായി പത്തനംതിട്ട മണ്ഡലത്തിൽ ഒരു വികസനവും നടന്നിട്ടില്ല. ആന്റോ ആന്റണി ചില തീവ്ര ചിന്താഗതിയുള്ള മുസ്‌ലിം വോട്ടുകൾക്ക് വേണ്ടി മാത്രം ഇന്ത്യയെ തള്ളിപ്പറഞ്ഞു, ഇന്ത്യൻ സൈന്യത്തെ അപമാനിച്ചു. പാക്കിസ്ഥാന്റെ തീവ്രവാദ ശ്രമങ്ങളെ വെള്ളപൂശി. ഇതുപോലുള്ള രാജ്യവിരുദ്ധ നയങ്ങൾ പിന്നെയും പിന്നെയും എടുക്കുന്നതിനാലാണ് ഇന്ന് ദേശീയ രാഷ്ട്രീയത്തിൽനിന്ന് കോൺഗ്രസിനെ ഇന്ത്യൻ ജനത ചവറ്റുകൊട്ടയിലേക്കെറിഞ്ഞത്.

ഈ തെരഞ്ഞെടുപ്പിലും നരേന്ദ്ര മോദി നയിക്കുന്ന ബിജെപി 370ലധികം സീറ്റുകളോടെ വിജയിക്കും. 400ലധികം സീറ്റുകൾ എൻ.ഡി.എക്ക് ലഭിക്കും. ഈ ?തെരഞ്ഞെടുപ്പിലും കോ?ൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം പോലും ലഭിക്കില്ല. പത്തനംതിട്ടയിൽ ഞാൻ വിജയിക്കും. രാജ്യവിരുദ്ധനായ, തീവ്രവാദികളെ പിന്തുണച്ച ആന്റോ ആന്റണി വലിയ വോട്ടിന് പരാജയപ്പെടും. കൂടുതൽ തീവ്രവാദം ഉണ്ടാക്കാ?നാണോ കോൺഗ്രസ് ജയിക്കേണ്ടത്.

ഞാനിന്ന് നരേന്ദ്ര മോദി നയിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ ദേശീയ സെക്രട്ടറിയാണ്, ദേശീയ വക്താവാണ്, ദേശീയ മാനിഫെസ്റ്റോ കമ്മിറ്റിയിലിരിക്കുന്ന വ്യക്തിയാണ്. അങ്ങനെയുള്ള ഞാൻ യാതൊരു പ്രസക്തിയുമില്ലാത്ത കോൺഗ്രസ് പാർട്ടിയിലേക്ക് തിരിച്ചുപോകുമെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടോയെന്നും അനിൽ ആന്റണി ചോദിച്ചു.