- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസ് വിശ്വാസികൾക്ക് സ്ഥാനം നൽകുന്ന പാർട്ടിയെന്ന് കെ മുരളീധരൻ; സാമുദായിക സംഘടനയല്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ; എ കെ ആന്റണിയുടെ മൃദുഹിന്ദുത്വ പരാമർശത്തിൽ കോൺഗ്രസിൽ ഭിന്നത; പിന്നിൽ തരൂരിനെ പിടിച്ചുകെട്ടാൻ ബ്രഹ്മാസ്ത്രവുമായി മുതിർന്ന നേതാവ്
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി കഴിഞ്ഞ ദിവസം നടത്തിയ മൃദുഹിന്ദുത്വ പരാമർശം ചർച്ചയാകുന്നതിനിടെ വിഷയത്തിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ ഭിന്നത. കെ. മുരളീധരൻ എംപി. ആന്റണിയെ പിന്തുണച്ചപ്പോൾ രാജ്മോഹൻ ഉണ്ണിത്താൻ എംപി. എതിർപ്പുമായി രംഗത്തെത്തി. അതേ സമയം പാർട്ടിക്കുള്ളിൽ ശശി തരൂരിനെ തഴയാൻ നടത്തിയ നീക്കങ്ങളുടെ തുടർച്ചയാണ് പുതിയ പരാമർശങ്ങൾക്ക് പിന്നിലെന്നാണ് വിലയിരുത്തൽ.
ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടേയും കാലത്തും അമ്പലങ്ങളിൽ പോയിട്ടുണ്ട്. ഹിന്ദു മതത്തിന്റെ ഹോൾ സെയിൽ ബിജെപിക്ക് വിട്ടു കൊടുക്കുന്നത് സിപിഎമ്മാണെന്നുമായിരുന്നു ആന്റണിയെ പിന്തുണച്ച് കെ മുരളീധരൻ പ്രതികരിച്ചത്. വിശ്വാസികൾക്ക് സ്ഥാനം കൊടുക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. മൃദു ഹിന്ദുത്വം എന്ന വാക്ക് യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതാണ്. കുറി തൊടാൻ പാടില്ല എന്ന നിലപാട് ശരിയല്ല. ആന്റണിയുടെ നിലപാട് കൃത്യമാണ്. മൃദു ഹിന്ദുത്വം എന്ന വാക്ക് ലീഗ് ഇതുവരെ പ്രയോഗിച്ചിട്ടില്ലെന്നും മുരളീധരൻ പ്രതികരിച്ചു.
എന്നാൽ എ.കെ. ആന്റണിയുടെ പ്രസ്താവനയെ തള്ളിക്കൊണ്ട് രാജ് മോഹൻ ഉണ്ണിത്താൻ എംപി. രംഗത്തെത്തി. കോൺഗ്രസ് സാമുദായിക സംഘടനയല്ല. ഏതെങ്കിലും വിഭാഗത്തെ ഉൾപ്പെടുത്തണമെന്നോ ഒഴിവാക്കണമെന്നോ നിലപാട് സ്വീകരിക്കാൻ ആവില്ല. എല്ലാ വിഭാഗക്കാരേയും ഉൾക്കൊള്ളുന്ന സംവിധാനമാണ് കോൺഗ്രസിന്റേത് എന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
ചന്ദനക്കുറിയെ മൃദുഹിന്ദുത്വവുമായി ബന്ധിപ്പിക്കുന്നത് ബിജെപി.യെ സഹായിക്കുമെന്നായിരുന്നു എ.കെ. ആന്റണിയുടെ പ്രസ്താവന. ''മുസ്ലിമിനും ക്രിസ്ത്യാനിക്കും പള്ളിയിൽ പോകാം. ഹൈന്ദവ സുഹൃത്തുക്കളാരെങ്കിലും അമ്പലത്തിൽപോയാൽ, നെറ്റിയിൽ തിലകംചാർത്തിയാൽ, ചന്ദനക്കുറിയിട്ടാൽ ഉടൻതന്നെ അവർ മൃദുഹിന്ദുത്വം സ്വീകരിക്കുന്നവരെന്ന സമീപനമുണ്ടാകുന്നുണ്ട്. ഈ സമീപനം മോദിയുടെ ഭരണം വീണ്ടും വരാനേ സഹായിക്കുകയുള്ളൂ'' - എന്നായിരുന്നു കോൺഗ്രസിന്റെ 138-ാം സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്യവെ എ.കെ. ആന്റണി പറഞ്ഞത്.
ന്യൂനപക്ഷംമാത്രം പോരാ. ജനങ്ങളിൽ ഭൂരിപക്ഷം ഹിന്ദുക്കളാണ്. ന്യൂനപക്ഷത്തോടൊപ്പം ഹിന്ദുക്കളുടെ ഭൂരിപക്ഷത്തെക്കൂടി മോദിക്കെതിരായ സമരത്തിൽ കൂടെനിർത്താൻ കഴിയണം. അതിന് എല്ലാവരും കുറച്ചുകൂടി ജാഗ്രത പാലിക്കണം. എല്ലാവിഭാഗം ജനങ്ങളെയും ഒരുമിച്ചുനിർത്താൻ കോൺഗ്രസിന് കഴിയണം. ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും ഒരേപോലെ വിശ്വാസത്തിലെടുക്കാൻ കഴിയണം -ആന്റണി കൂട്ടിച്ചേർത്തു. ഈ പ്രസ്താവനയാണ് ചർച്ചയാകുന്നത്.
അതേ സമയം കോൺഗ്രസിനുള്ളില് ശശി തരൂരിനെ ലക്ഷ്യമിട്ട് നടത്തിയ നീക്കങ്ങളുടെ തുടർച്ചയാണ് പുതിയ പരാമർശങ്ങൾക്ക് പിന്നിലെന്നും പറയപ്പെടുന്നു. ഭൂരിപക്ഷ വിഭാഗങ്ങൾക്കിടയിൽ നിർണായക സ്വാധീനം നേടിയ ശശി തരൂരിന്റെ വളർച്ച തടയാൻ എ കെ ആന്റണിയെ മുന്നിൽ നിർത്തി നീക്കം നടത്തുന്നുവെന്ന വിമർശനമാണ് ഉയരുന്നത്.
പെരുന്നയിൽ എൻഎസ് എസ് ആസ്ഥാനത്ത് ജനുവരി രണ്ടിന് നടക്കുന്ന മന്നം ജയന്തി സമ്മേളനത്തിൽ ശശി തരൂർ പങ്കെടുക്കാനിരിക്കെയാണ് കോൺഗ്രസിൽ വിഷയം ഉയർന്നുവരുന്നത്. എൻ എസ് എസിന്റെ ഏറ്റവും സുപ്രധാനമായ സമ്മേളനത്തിലാണ് ശശി തരൂർ പങ്കെടുക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ തമ്മിൽ വാക്പോര് നടന്നതിന്റെ പിന്നാലെയാണ് തരൂരിനെ തങ്ങളുടെ പ്രധാനപ്പെട്ട ചടങ്ങിലേക്ക് എൻ എസ് എസ് ക്ഷണിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ