ആലപ്പുഴ: ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിന് മുന്നിലും പ്രതി പിണറായി വിജയൻ. മുഖ്യമന്ത്രി പിണറായി വിജയനെയും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനെയും രൂക്ഷമായി വിമർശിച്ച യോഗത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ, മുന്മന്ത്രി എ.കെ ബാലൻ എന്നിവർക്കെതിരെയും വിമർശനം ഉയർന്നു. അതിവിചിത്ര വിലയിരുത്തലാണ് യോഗത്തിലുണ്ടായത്. ആലപ്പുഴയിലെ സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച പറ്റിയെന്നും കെ സി വേണുഗോപാൽ മത്സരിച്ചില്ലെങ്കിൽ ആലപ്പുഴയിൽ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ വിജയിക്കുകയും എ എം ആരിഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമായിരുന്നുവെന്നും യോഗത്തിന്റെ വിലയിരുത്തൽ.

തോമസ് ഐസക്കിനെ ആലപ്പുഴയിൽ മത്സരിപ്പിക്കണമായിരുന്നുവെന്നും ജില്ല സെക്രട്ടേറിയറ്റിൽ ഈ ഘട്ടത്തിൽ വിലയിരുത്തുന്നു. സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചു. എ എം ആരിഫ് ദുർബല സ്ഥാനാർത്ഥിയായിരുന്നു. ആരിഫിന്റെ സ്ഥാനാർത്ഥിത്തത്തോടെ അവിടെ തോൽവി ഉറപ്പായി. കെ സി വേണുഗോപാൽ മത്സരിച്ചില്ലായിരുന്നെങ്കിൽ ആരിഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ശോഭാ സുരേന്ദ്രൻ വിജയിക്കുകയും ചെയ്യുമായിരുന്നുവെന്നാണ് ചർച്ചകളിലെ പൊതു വികാരം. ധനമന്ത്രി കെ എൻ ബാലഗോപാൽ, ആരോഗ്യമന്ത്രി വീണ ജോർജ് എന്നിവരെ പേരെടുത്ത് പറഞ്ഞും വിമർശനം ഉയർന്നു. ധനകാര്യ-ആരോഗ്യ വകുപ്പുകൾ സമ്പൂർണ പരാജയമെന്നായിരുന്നു ഉയർന്ന വിമർശനം.

വോട്ടു ചോർച്ചയുമായി ബന്ധപ്പെട്ട ചർച്ചയിൽ എച്ച് സലാം എംഎൽഎ വെള്ളാപ്പള്ളിയെ പിന്തുണച്ച് രംഗത്തെത്തി. മലബാറിൽ വോട്ടു ചോർന്നത് വെള്ളാപ്പള്ളി കാരണമല്ലല്ലോ എന്നായിരുന്നു എച്ച്.സലാമിന്റെ പരാമർശം.ഏതെങ്കിലും പ്രത്യേക സമുദായത്തിന്റെ മാത്രമല്ല, എല്ലാ വിഭാഗത്തിന്റെയും വോട്ടു ചോർന്നുവെന്നും എച്ച് സലാം എംഎൽഎ പറഞ്ഞു. പി.പി. ചിത്തരഞ്ജൻ എംഎൽഎ, കെ പ്രസാദും എച്ച് സലാമിനെ പിന്തുണച്ചു. ഈഴവ വോട്ടുകൾ മാത്രമല്ല പാർട്ടിക്ക് നഷ്ടമായത്. മത്സ്യ തൊഴിലാളികളും കർഷക തൊഴിലാളികളും കയർ തൊഴിലാളികളും ഉൾപ്പടെ അടിസ്ഥാന വർഗം തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തു നിന്നകന്നു നിന്നുവെന്നും യോഗം വിലയിരുത്തി.

ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കുറ്റപ്പെടുത്തിയ സംസ്ഥാന സെക്രട്ടറിയുടെ നിരീക്ഷണത്തിനെതിരെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം ഉയർന്നു. ബിജെപിക്കു വോട്ട് ലഭിക്കാൻ വെള്ളാപ്പള്ളിയെപ്പോലുള്ളവരും പ്രവർത്തിച്ചെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ കഴിഞ്ഞ ദിവസം പാർട്ടി മുഖപത്രത്തിലെ ലേഖനത്തിൽ പറഞ്ഞിരുന്നു. ഈ നിരീക്ഷണം തള്ളിക്കൊണ്ടാണു ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ വിമർശനം ഉന്നയിച്ചത്. എം വിഗോവിന്ദന്റെ ആരോപണത്തോടു വെള്ളാപ്പള്ളി നടേശൻ ഇതുവരെ പ്രതികരിച്ചിട്ടുമില്ല.

മുതിർന്ന നേതാക്കളായ ഇ പി ജയരാജനും എ കെ ബാലനും നേരെ വിമർശനം ഉയർന്നു. ജാവദേക്കറെ കണ്ടെന്ന ഇ പി ജയരാജന്റെ തിരഞ്ഞെടുപ്പ് ദിവസത്തെ പ്രതികരണം ബിജെപിക്ക് ഗുണം ചെയ്തു. പാർട്ടിയുടെ അഭിപ്രായം പറയാൻ എ കെ ബാലനെ ആരും ഏൽച്ചിട്ടില്ലെന്നും വിമർശനമുണ്ടായി. ജനങ്ങളെ നേരിട്ട് ഏറ്റവും ബാധിക്കുന്ന ധന, ആരോഗ്യ വകുപ്പുകളുടെ ചുമതലക്കാരായ മന്ത്രിമാർ, പ്രശ്‌നങ്ങളിൽ വേണ്ടരീതിയിൽ ഇടപെടുന്നില്ലെന്നായിരുന്നു എ. മഹേന്ദ്രന്റെയും എസ്.ഹരിശങ്കറിന്റെയും കുറ്റപ്പെടുത്തൽ. ഉദ്യോഗസ്ഥരാണു കാര്യങ്ങൾ തീരുമാനിക്കുന്നത്. ഒരു വ്യവസ്ഥയുമില്ല. കാര്യങ്ങൾ പറഞ്ഞാൽ പരിഹാരമില്ല.

സാമൂഹിക സുരക്ഷാ പെൻഷൻ മുടങ്ങിയതിനെപ്പറ്റി ജനങ്ങളോടു മറുപടി പറയാൻ കഴിഞ്ഞില്ല. യുഡിഎഫ് 16 മാസത്തെ പെൻഷൻ കുടിശികയാക്കിയെന്നു പറഞ്ഞ് അധികാരത്തിൽ എത്തിയിട്ട് തിരഞ്ഞെടുപ്പു കാലത്തു പോലും പെൻഷൻ നൽകാൻ ധനവകുപ്പിനു കഴിഞ്ഞില്ലെന്ന വിമർശനവും ഉയർന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ മന്ത്രി സജി ചെറിയാനും ദിനേശൻ പുത്തലത്തും യോഗത്തിൽ സെക്രട്ടേറിയറ്റ് തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ കേന്ദ്ര കമ്മിറ്റി യോഗം തുടങ്ങിയതിനാൽ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റിയംഗങ്ങളും പങ്കെടുത്തില്ല.