തിരുവനന്തപുരം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് രജിസ്‌ട്രേഷൻ, പുരാവസ്തു, മ്യൂസിയം വകുപ്പുകൾ. അഹമ്മദ് ദേവർ കോവിൽ കൈകാര്യം ചെയ്തിരുന്ന തുറമുഖ വകുപ്പ് കടന്നപ്പള്ളിക്ക് നൽകിയില്ല. മന്ത്രി വി എൻ വാസവനാകും തുറമുഖ വകുപ്പ് മന്ത്രി.

തുറമുഖത്തിനു പകരമായി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് വി.എൻ.വാസവന്റെ റജിസ്‌ട്രേഷൻ വകുപ്പ് നൽകി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് രാമചന്ദ്രൻ കടന്നപ്പള്ളിയായിരുന്നു തുറമുഖ മന്ത്രി. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഘടകകക്ഷിയിൽനിന്ന് തുറമുഖ വകുപ്പ് സിപിഎം ഏറ്റെടുത്തത്.

രജിസ്‌ട്രേഷനു പുറമേ മ്യൂസിയവും പുരാവസ്തു വകുപ്പും ആർക്കീവ്‌സും രാമചന്ദ്രൻ കടന്നപ്പള്ളിക്കു നൽകി. ഗണേശ് കുമാറിന് റോഡ് ട്രാൻസ്‌പോർട്ട്, മോട്ടർ വെഹിക്കിൾ, വാട്ടർ ട്രാൻസ്‌പോർട്ട് വകുപ്പുകൾ നൽകി. എന്നാൽ, ഗണേശ് ആഗ്രഹിച്ച സിനിമ വകുപ്പ് നൽകിയില്ല. ആ വകുപ്പിന്റെ ചുമതല സജി ചെറിയാൻ തന്നെ വഹിക്കും.



രാമചന്ദ്രൻ കടന്നപ്പള്ളിക്ക് തൈക്കാട് ഹൗസോ നിളയോ ഔദ്യോഗിക വസതിയായി നൽകും. നിളയിൽ താമസിച്ചിരുന്ന വീണാ ജോർജ് വാടക വീട്ടിലേക്ക് മാറിയിരുന്നു. ഗണേശ് കുമാർ ഔദ്യോഗിക വസതി ആവശ്യപ്പെട്ടിട്ടില്ല. കടന്നപ്പള്ളിക്ക് ആറാം നമ്പർ സ്റ്റേറ്റ് കാർ നൽകി. ഗണേശ് കുമാറിന് ഏഴാം നമ്പർ കാറാണ് നൽകിയത്.

വൈകീട്ട് നാലുമണിയോടെയാണ് പുതിയ മന്ത്രിമാരായി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ ബി ഗണേശ് കുമാറും ചുമതലയേറ്റത്. രാജ്ഭവനിൽ ഒരുക്കിയ പന്തലിലെ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

രാമചന്ദ്രൻ കടന്നപ്പള്ളി സഗൗരവത്തിലും ഗണേശ് കുമാർ ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിച്ചു. പുതിയ മന്ത്രിമാർ പങ്കെടുക്കുന്ന മന്ത്രിസഭായോഗം ജനുവരി മൂന്നിന് ചേരും.

ഏക എംഎൽഎയുള്ള പ്രധാന ഘടകകക്ഷികൾ രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടാമെന്ന എൽഡിഎഫിലെ ധാരണ അനുസരിച്ചാണു മന്ത്രിപദവി വച്ചുമാറ്റം. ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണു കോൺഗ്രസ്(എസ്), കേരള കോൺഗ്രസ്(ബി) പ്രതിനിധികൾ മന്ത്രി സ്ഥാനത്തേക്ക് എത്തിയത്.

കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റുകൂടിയായ കടന്നപ്പള്ളി മൂന്നാംതവണയാണ് മന്ത്രിയാകുന്നത്. കേരള കോൺഗ്രസ് ബി ചെയർമാനും ചലച്ചിത്രനടനുമായ കെ ബി ഗണേശ്‌കുമാർ 2001 മുതൽ പത്തനാപുരം മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗമാണ്.