- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പലഹാരപൊതിയുമായി വരുന്ന മകന് ഇനിയില്ല; ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപയും വീടും നല്‍കും; സഹോദരന്റെ മകന് ജോലി; ഉറപ്പുനല്‍കി സര്‍ക്കാര്‍
തിരുവനന്തപുരം: ആമയിഴഞ്ചാന്‍തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പെട്ടു മരിച്ച ശുചീകരണ തൊഴിലാളി എന്‍.ജോയിയുടെ കുടുംബത്തിന് ഉറപ്പുകള്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍. ജോയിയുടെ അമ്മ മെല്‍ഹിക്ക് അടിയന്തര സഹായമായി 10 ലക്ഷം രൂപ നല്‍കും. ജോയിയുടെ അനുജന്റെ മകന് റെയില്‍വേയോ സര്‍ക്കാരോ ജോലി നല്‍കുമെന്നും വാഗ്ദാനമുണ്ട്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളില്‍ വിശ്വസിച്ചാണു പ്രതിഷേധങ്ങളിലേക്കു പോകാത്തതെന്നു കുടുംബം പ്രതികരിച്ചു.
ജോയിയുടെ സഹോദരന്റെ മകന് ജോലി നല്‍കുമെന്നും പാറശാല എം.എല്‍.എ സി.കെ ഹരീന്ദ്രനും മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബത്തെ അറിയിച്ചു. ജോയിയുടെ അമ്മയ്ക്ക് വീടുനിര്‍മിച്ച് നല്‍കും. പൊളിഞ്ഞ് കിടക്കുന്ന വീട്ടിലേക്കുള്ള വഴി ശരിയാക്കും. അമ്മയ്ക്ക് 10 ലക്ഷം രൂപധനസഹായവും നല്‍കും. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന.
ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായി മൂന്ന് ദിവസത്തിന് ശേഷമാണ് ജോയിയുടെ മൃതദേഹം ലഭിച്ചത്. തകരപ്പറമ്പിലെ കനാലില്‍ പൈപ്പില്‍ കുടുങ്ങിയനിലയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം ജോയിയുടേതെന്ന് സ്ഥിരീകരിച്ചു. മൂന്ന് ദിവസത്തെ പഴക്കമുള്ളതിനാല്‍ അഴുകിയനിലയിലായിരുന്നു മൃതദേഹം.
കാണാതായ സ്ഥലത്തുനിന്ന് ഒരു കിലോമീറ്റര്‍ അകലെ തകരപ്പറമ്പിലെ കനാലില്‍ നിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്. കാണാതായതിന് പിന്നാലെ സമീപത്തെ തോടുകളില്‍ പരിശോധനയ്ക്കായി നഗരസഭ ജീവനക്കാരെ നിയമിച്ചിരുന്നു. ഇവരാണ് രാവിലെ 9.15-ഓടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍നടപടികള്‍ക്കായി മെഡിക്കല്‍ കോളേജില്‍ എത്തിച്ച മൃതദേഹം, കുടുംബക്കാര്‍ എത്തി തിരിച്ചറിയുകയായിരുന്നു. മൃതദേഹം നെയ്യാറ്റിന്‍കരയിലെ മാരായമുട്ടത്തെ വീട്ടിലേക്ക് കൊണ്ടുപോയി സംസ്‌കരിച്ചു.
ആമയിഴഞ്ചാന്‍ തോടിന്റെ തമ്പാനൂര്‍ റെയില്‍വേ പാളത്തിന്റെ അടിയിലൂടെ കടന്നുപോകുന്ന ഭാഗത്താണ് ശനിയാഴ്ച പതിനൊന്നുമണിയോടെ ജോയി ഒഴുക്കില്‍പ്പെട്ടത്. തോട്ടില്‍ ആള്‍പ്പൊക്കം ഉയരത്തില്‍ മാലിന്യം കുമിഞ്ഞുകൂടിയത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിരുന്നു. പാളത്തിന്റെ അടിഭാഗത്ത് 140 മീറ്റര്‍ നീളത്തില്‍ തുരങ്കത്തിലൂടെയാണ് വെള്ളം ഒഴുകുന്നത്. തുടര്‍ന്ന് സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമായിരുന്നു നടന്നത്. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
ജോയിയെ കണ്ടെത്താന്‍ മഹത്തായ രക്ഷാപ്രവര്‍ത്തനമാണു നടന്നതെന്നും പങ്കെടുത്തവരെ അഭിനന്ദിക്കുന്നതായും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. റെയില്‍വേ ഭൂമിയിലായിരുന്നു അപകടം. സര്‍ക്കാരിനും നഗരസഭയ്ക്കും ഒന്നും ചെയ്യാനാകില്ല. മാലിന്യ സംസ്‌കരണം ഉറപ്പാക്കാന്‍ റെയില്‍വേയുമായി യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥരെത്തിയില്ല. റെയില്‍വേ ചെയ്യേണ്ട 20 കാര്യങ്ങള്‍ യോഗത്തില്‍ വ്യക്തമാക്കിയിരുന്നെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ മന്ത്രി വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവ് ഔചിത്യം കാണിച്ചില്ല. ദുരന്തത്തിനിടയിലും രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിച്ചെന്നും എം.ബി.രാജേഷ് അഭിപ്രായപ്പെട്ടു. തോട് വൃത്തിയാക്കുന്നതിനിടെ ശനിയാഴ്ച കാണാതായ ജോയിയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെയാണു തകരപ്പറമ്പ് - വഞ്ചിയൂര്‍ ഭാഗത്തുനിന്നു കണ്ടെത്തിയത്. ജോയിയുടെ മരണത്തില്‍ അതീവദുഃഖമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.