- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എല്ലാ സംസ്ഥാനത്തും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് കൂടിയേ തീരൂ; 2019ൽ മാറി നിന്ന കേരളത്തിന്റെ മനസ്സ് പിടിക്കാൻ മാസ്റ്റർ പ്ലാനൊരുക്കുക അമിത് ഷാ; തൃശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിക്കാൻ അരയും തലയും മുറുക്കി ദേശീയ നേതൃത്വം എത്തും; തിരുവനന്തപുരത്തും പ്രതീക്ഷ
തിരുവനന്തപുരം: കേരളത്തിൽ താമര വിരിയിക്കാൻ പ്രത്യേക മാസ്റ്റർ പ്ലാനുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിൽ പ്രചരണവും തന്ത്രങ്ങളും അമിത് ഷാ നേരിട്ട് ഏകോപിപ്പിക്കും. ഇതിന് വേണ്ടി അതിവിശ്വസ്തരുടെ ടീമിനേയും നിയോഗിച്ചിട്ടുണ്ട്. സർവ്വേ അടക്കം നടത്തി ഈ സംഘം കാര്യങ്ങൾ അമിത് ഷായെ ബോധിപ്പിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലും സീറ്റുണ്ടാകണമെന്നതാണ് അമിത് ഷായുടെ ലക്ഷ്യം.
കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരിഞ്ഞെടുപ്പിൽ ബിജെപി കേവല ഭൂരിപക്ഷം നേടി. രണ്ടു തവണയും കേരളത്തിൽ നിന്ന് എംപിമാരുണ്ടായില്ല. കഴിഞ്ഞ തവണ കേരളത്തിൽ നിന്ന് മാത്രമാണ് ബിജെപിക്ക് എംപിമാരുണ്ടാകാതെ പോയത്. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും എംപിമാരുണ്ടാകണമെന്നതാണ് ബിജെപിയുടെ നയം. അതുകൊണ്ട് തന്നെ കേരളത്തിൽ ജയിക്കേണ്ടത് അനിവാര്യത. ഈ സാഹചര്യത്തിലാണ് അമിത് ഷാ നേരിട്ട് ഇടപെടുന്നത്.
ബിജെപി ഇതുവരെ ജയിക്കാത്തതും എന്നാൽ ജയസാധ്യത കാണുന്നതുമായ 160 മണ്ഡലങ്ങളിൽ അമിത് ഷാ നേരിട്ട് മേൽനോട്ടം നിർവഹിക്കുന്ന 40 എണ്ണത്തിന്റെ പട്ടികയിൽ തിരുവനന്തപുരവും തൃശൂരും ഉൾപ്പെടുന്നു. ഇതിൽ തൃശൂരിന് പ്രത്യേക പരിഗണന നൽകും. സുരേഷ് ഗോപിയാകും സ്ഥാനാർത്ഥി. സുരേഷ് ഗോപിയുമായി അമിത് ഷാ നിരന്തര സമ്പർക്കത്തിലാണെന്നും സൂചനയുണ്ട്.
രാജ്യത്ത് ജയിക്കാൻ പരമാവധി ശ്രമം നടത്താൻ നിർദേശിച്ച് പ്രത്യേക പദ്ധതിയൊരുക്കുന്ന 160 മണ്ഡലങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് ഇവയടക്കം 6 എണ്ണമുണ്ട്. പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങൽ, പാലക്കാട് എന്നിവയാണ് ബാക്കി നാലെണ്ണം. 160 മണ്ഡലങ്ങളിൽ 50 സ്ഥലത്തെങ്കിലും ജയിക്കാൻ ലക്ഷ്യമിട്ടാണ് ബിജെപി രണ്ടുവർഷമായി പ്രവർത്തനം. സിറ്റിങ് സീറ്റുകളിൽ ചിലത് നഷ്ടമാകാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് ഇത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മറ്റും സീറ്റ് കുറയാനുള്ള സാധ്യതയും ബിജെപി മുന്നിൽ കാണുന്നുണ്ട്.
തിരുവനന്തപുരം മണ്ഡലത്തിന്റെ ചുമതല കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് നൽകിയിരുന്നു. ഇനി അമിത് ഷാ നിർദേശിക്കുന്ന ദേശീയ ഭാരവാഹികളുടെ സംഘമാകും തൃശൂരിലും തിരുവനന്തപുരത്തും പ്രവർത്തനം ശ്രദ്ധിക്കുക. ജയിക്കാൻ വേണ്ട സാഹചര്യമെന്താണെന്ന് ബിജെപി ദേശീയനേതൃത്വം 2 സർവേ നടത്തി വിവരം ശേഖരിച്ചിട്ടുണ്ട്. ക്രൈസ്തവ സഭകളെ ഉന്നമിട്ടുള്ള പ്രവർത്തനത്തിന് പ്രത്യേക സംഘത്തെ നിശ്ചയിച്ചിട്ടുണ്ട്.
ജയിക്കാനായി തിരുവനന്തപുരത്തും തൃശൂരും ഇപ്പോൾ ലഭിച്ചതിനെക്കാൾ 75,000 ഒരു ലക്ഷം വോട്ട് അധികം കണ്ടെത്തണം. തിരുവനന്തപുരത്ത് കോൺഗ്രസിനായി ശശി തരൂർ മത്സരിക്കുമെന്നാണ് സൂചന. വീണ്ടും തരൂർ മത്സരിച്ചാൽ ബിജെപിക്ക് സാധ്യത കുറയും. അപ്പോഴും മികച്ച സ്ഥാനാർത്ഥിയാണെങ്കിൽ അട്ടിമറിക്കാമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്. തൃശൂരിലെ സാഹചര്യം പൂർണ്ണമായും അനുകൂലമാണെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലും തിരുവനന്തപുരത്ത് ബിജെപിയായിരുന്നു രണ്ടാമത്.
തൃശൂരിൽ 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി തന്നെയായിരുന്നു മണ്ഡലത്തിൽ മത്സരിച്ചത്. ഞെട്ടിക്കുന്ന പ്രകടമായിരുന്നു അന്ന് താരം കാഴ്ചവെച്ചത്. സുരേഷ് ഗോപിയിലൂടെ വോട്ട് നില 2014 ലേതിനേക്കാൾ മൂന്നിരട്ടിയോളം വർധിപ്പിക്കാൻ ബിജെപിക്ക് സാധിച്ചിരുന്നു. 17.5 ശതമാനം വർധനവോടെ 293822 വോട്ടായിരുന്നു സുരേഷ് ഗോപിക്ക് ലഭിച്ചത്. 415089 വോട്ടുകൾ നേടി യുഡിഎഫിന്റെ ടിഎൻ പ്രതാപനായിരുന്നു വിജയിച്ചത്.
മികച്ച പ്രകടനം കാഴ്ച വെച്ച സുരേഷ് ഗോപിയെ തൊട്ട് പിന്നാലെ നടന്ന നിയമസഭ തിരഞ്ഞെടുപ്പിലും തൃശൂരിൽ ബിജെപി മത്സരിപ്പിച്ചിരുന്നു. കടുത്ത മത്സരമായിരുന്നു സുരേഷ് ഗോപി കാഴ്ചവെച്ചത്. 40457 വോട്ടായിരുന്നു സുരേഷ് ഗോപിക്ക് ലഭിച്ചത്. സിപിഐയിലെ ബാലചന്ദ്രൻ 44263 വോട്ടുകൾ നേടിയാണ് മണ്ഡലത്തിൽ വിജയിച്ചത്.
ഇത്തവണ തുടക്കം മുതൽ തന്നെ സുരേഷ് ഗോപിയുടെ പേരാണ് മണ്ഡലത്തിൽ ചർച്ചയായത്. തുടർച്ചയായി പരാജയം രുചിച്ചിട്ടും മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ സുരേഷ് ഗോപി സജീവമാക്കിയിരുന്നു. മാത്രമല്ല, പാർട്ടി സർവ്വേകളും മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ ജനപ്രീതി ഉയർന്നതായി കണ്ടെത്തിയിട്ടുണ്ട്. ശക്തമായ പ്രവർത്തനം നടത്തിയാൽ സുരേഷ് ഗോപിയിലൂടെ മണ്ഡലം കൂടെ പോരുമെന്ന് തന്നെയാണ് ബിജെപിയുടെ വിശ്വാസം.




