- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
2015-ലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം ആദ്യമായി സംസ്ഥാനത്ത് ആംആദ്മി പാർട്ടി മറ്റൊരു മെമ്പർ; ശക്തമായ ഒരു ബദലിനെ ജനങ്ങൾ സ്വീകരിക്കുമെന്നതിനുള്ള ഉദാഹരണമോ കരിങ്കുന്നത്തെ ആംആദ്മി വിജയം; കെജ്രിവാളിനും പ്രതീക്ഷ; ബീനാ കുര്യന്റെ വിജയം ചർച്ചകളിൽ
തൊടുപുഴ : കരിങ്കുന്നം പഞ്ചായത്തിലെ ഏഴാം വാർഡായ നെടിയകാട്ട് ആംആദ്മി സ്ഥാനാർത്ഥി ബീനാകുര്യൻ അട്ടിമറി വിജയം നേടുമ്പോൾ അമ്പരപ്പിൽ ഇടതു വലതു മുന്നണികൾ. കരിങ്കുന്നം പഞ്ചായത്തിലെ നെടിയകാട് വാർഡ് കാലങ്ങളായി യു.ഡി.എഫ്. കോട്ടയാണ്. എന്നാൽ, ഇത്തവണ ആംആദ്മി സ്ഥാനാർത്ഥിക്ക് മുൻപിൽ അടിപതറി. നാല് വോട്ടിനാണ് ആംആദ്മിയുടെ വിജയം. സംസ്ഥാനത്ത് അക്കൗണ്ട് തുറന്നതിനെ അഭിനന്ദിച്ച് എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാൾ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിപ്പ് പങ്കുവച്ചു. സംസ്ഥാനത്തെ എഎപി വിപ്ലവത്തിന്റെ ആരംഭമാണിതെന്നും എഎപി കേരളഘടകവും എക്സിൽ അഭിപ്രായപ്പെട്ടു.
ജനങ്ങൾക്കൊപ്പം എന്നുമുണ്ടാകുമെന്നും തന്നാൽ കഴിയാവുന്ന സേവനങ്ങൾ ചെയ്യുമെന്നും ബീനാകുര്യൻ പറഞ്ഞു. ലാബ് ടെക്നീഷ്യനായ ബീനാ കുര്യൻ സ്വന്തമായി ലാബ് നടത്തുന്നുണ്ട്. രണ്ട് വർഷം മുൻപ് ആംആദ്മിയിൽ ചേർന്നു. ഭർത്താവ് കരിങ്കുന്നം കുമ്പളാനിക്കൽ ബോബി അബ്രഹാമും ആംആദ്മി പ്രവർത്തകനാണ്. മക്കൾ: സാലസ്, ജൂലിയൻ, ഹന്ന. ബീന ഡൽഹിയിലായിരുന്നു. ഇവിടെ വച്ചാണ് ആംആദ്മിയുമായി അടുക്കുന്നത്. ഡൽഹിയിലും പ്രചരണത്തിൽ പങ്കെടുത്തു. ഇതാണ് കരിങ്കുന്നത്തെ സ്ഥാനാർത്ഥിത്വത്തിൽ നിർണ്ണായകമായത്. അത് വിജയമാകുകയും ചെയ്തു.
ചേർത്തല തെക്ക് പഞ്ചായത്തിലെ 21-ാം വാർഡിൽ 2015-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചശേഷം ആദ്യമായാണ് സംസ്ഥാനത്ത് ആംആദ്മി പാർട്ടി മറ്റൊരു തിരഞ്ഞെടുപ്പ് വിജയം നേടുന്നത്. ബീനാ കുര്യനെ അഭിനന്ദിച്ചുകൊണ്ട് പാർട്ടി കേരള ഘടകം ഇട്ട കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് കെജ്രിവാൾ അഭിനന്ദനം രേഖപ്പെടുത്തിയത്. 2015-ൽ ചേർത്തല തെക്ക് പഞ്ചായത്തിൽനടന്ന ഉപതിരഞ്ഞെടുപ്പിൽ ടോമി എരിശ്ശേരിയാണ് ആംആദ്മിക്ക് കേരളത്തിൽ കന്നിവിജയം നേടിക്കൊടുത്തത്. ശക്തമായ ഒരു ബദലിനെ ജനങ്ങൾ സ്വീകരിക്കുമെന്നതിനുള്ള ഉദാഹരണമാണ് ഈ വിജയമെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൺ പറഞ്ഞു.
ഇത്തവണ കരിങ്കുന്നത്ത് ബീനാകുര്യൻ 202 വോട്ടുകൾ നേടി. യു.ഡി.എഫ്. സ്ഥാനാർത്ഥി സോണിയ ജോസിന് 198 വോട്ട് ലഭിച്ചു. എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥിക്ക് 27-ഉം ബിജെപി. സ്ഥാനാർത്ഥിക്ക് രണ്ടും വോട്ടുകൾ നേടാനെ കഴിഞ്ഞുള്ളു. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ 59 വോട്ടുകൾ യു.ഡി.എഫിന് കുറഞ്ഞു. 2020 തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഷൈബിജോൺ 257 വോട്ടുകൾ നേടിയാണ് വിജയിച്ചത്. 149 വോട്ടിന്റെ ഭൂരിപക്ഷം. ഇത്തവണ കോൺഗ്രസിന് വേണ്ടി മത്സരിച്ച സോണിയ ജോസ് അന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ട് മത്സരിച്ചിരുന്നു. ഒറ്റയ്ക്ക് മത്സരിച്ച സോണിയ അന്ന് 104 വോട്ടുകളും നേടിയിരുന്നു. ഇത്തവണ സോണിയ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ മെച്ചപ്പെട്ട വിജയമാണ് കോൺഗ്രസ് പ്രതീക്ഷിച്ചത്.
എൽ.ഡി.എഫിൽ വലിയ വോട്ടുചോർച്ച ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ 118 വോട്ടുകൾ ലഭിച്ചിരുന്നു. ഇത്തവണ 81 വോട്ടുകൾ കുറഞ്ഞു.കോൺഗ്രസിന്റെ പഞ്ചായത്തംഗമായിരുന്ന ഷൈബിജോൺ രാജിവെച്ച ഒഴിവിലേക്കാണ് ചൊവ്വാഴ്ച ഉപതിരഞ്ഞെടുപ്പ് നടന്നത്. അതിനിടെ പണമെറിഞ്ഞാണ് ആംആദ്മി വിജയം നേടിയതെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത് വന്നു. സിപിഎമ്മിന്റെ മൂക്കാലോളം വോട്ടുകൾ ആംആദ്മിയിലേക്ക് പോയെന്ന് കോൺഗ്രസ് കരിങ്കുന്നം മണ്ഡലം പ്രസിഡന്റ് ജോയി കട്ടക്കയം ആരോപിച്ചു. ആംആദ്മി പണം എറിഞ്ഞ് കോൺഗ്രസിന് കിട്ടിക്കൊണ്ടിരുന്ന ചില വോട്ടുകളും കൈക്കലാക്കിയിട്ടുണ്ടെന്നും ഇതിൽ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
കരിംങ്കുന്നം വാർഡ് 7 ഉപതിരഞ്ഞെടുപ്പിലെ വിജയം ആം ആദ്മി പാർട്ടിക്ക് പുതിയ ആവേശമായിട്ടുണ്ട്. കരിങ്കുന്നം കേന്ദ്രീകരിച്ച് നാളുകളായി മെഡിക്കൽ ലാബ് നടത്തിവരുന്ന ബീന നാട്ടുകാർക്കെല്ലാം സുപരിചിതയും, ജനക്ഷേമ പ്രവർത്തനങ്ങളിൽ ഇടപെടുന്ന നല്ല വ്യക്തിത്വത്തിന് ഉടമയുമായിരുന്നു. ഇത് മനസ്സിലാക്കിയാണ് ബീനയെ സ്ഥാനാർത്ഥിയാക്കിയത്. അരീക്കരയിലും തീപാറും പോരാട്ടമാണ് നടന്നത്. ഇവിടെ കേരളാ കോൺഗ്രസിലെ ബിന്ദു മാത്യു 236 വോട്ടിന് ജയിച്ചു. ആംആദ്മിക്കായി മത്സരിച്ച സുജിത വിനോദ് 217 വോട്ട് നേടി രണ്ടാമത് എത്തി.
തിരുവനന്തപുരത്ത് മണമ്പൂർ വാർഡിലും കായംകുളത്ത് ഫാക്ടറി വാർഡിലും ആംആദ്മി മത്സരിച്ചിരുന്നു. പക്ഷേ രണ്ടിടത്തും ശക്തമായ മുന്നേറ്റം കാഴ്ച വയ്ക്കാൻ ആംആദ്മിക്കായില്ല.




