- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആനാവൂർ നാഗപ്പന്റെ കത്തിലൂടെ ജോലി ലഭിച്ച മൂന്നു പേരിൽ ഒരാൾ സിഐടിയു മുൻ സംസ്ഥാന ട്രഷറർ പരേതനായ കാട്ടാക്കട ശശിയുടെ മകൻ; തിരുവനന്തപുരത്ത് പാർട്ടി പിടിക്കാൻ കൂടെ നിന്ന 'സഖാവിന്റെ മകന്' പാർട്ടി സെക്രട്ടറി നൽകിയത് അട്ടിമറി നിയമനം; മേയറുടെ കത്ത് കിട്ടാക്കനിയും; കത്ത് വിവാദം തുടരുമ്പോൾ
തിരുവനന്തപുരം: ജില്ലാ മർക്കന്റൈൽ സഹകരണ സംഘത്തിലെ നിയമനവുമായി ബന്ധപ്പെട്ട് പുറത്തു വന്ന കത്തിലും നിറയുന്നത് ബന്ധു നിയമനം. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ കത്തിലൂടെ ജോലി ലഭിച്ച മൂന്നു പേരിൽ ഒരാൾ സിഐടിയു മുൻ സംസ്ഥാന ട്രഷറർ പരേതനായ കാട്ടാക്കട ശശിയുടെ മകനാണ്. തിരുവനന്തപുരം സിപിഎം സെക്രട്ടറിയേറ്റ് അംഗമായിരുന്നു ശശി. കാട്ടക്കടയിലെ പ്രധാന നേതാവായിരുന്നു. സിപിഎമ്മിലെ ജില്ലാ നേതൃത്വത്തിൽ പിടിമുറുക്കാൻ ആനാവൂരിന് ഒപ്പം നിന്ന നേതാവാണ് കാട്ടക്കട ശശി.
കാട്ടാക്കട ശശിയുടെ മകൻ ജെ.എസ്.കിരണിന് ജൂനിയർ ക്ലാർക്കായിട്ടാണ് നിയമനം ലഭിച്ചത്. സഹകരണ സംഘം ഉപദേശം ചോദിച്ചപ്പോൾ നിർദ്ദേശം നൽകുക മാത്രമാണ് ചെയ്തതെന്ന ആനാവൂരിന്റെ വാദം ഇതോടെ പൊളിഞ്ഞു. പാർട്ടി നിയമനാണ് ഇതെന്നും വ്യക്തമായി. സഹകരണ സംഘത്തിൽ പിൻവാതിലിലൂടെ സഹകരണ സംഘത്തിൽ മൂന്നു പേരെ നിയമിക്കണമെന്ന് അറിയിച്ചുള്ള ആനാവൂരിന്റെ കത്ത് ആണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. കത്ത് എഴുതിയത് താൻ തന്നെയാണെന്ന് ആനാവൂർ സമ്മതിക്കുകയും ചെയ്തു. ഇതോടെ കത്തെഴുത്ത് സിപിഎമ്മിൽ പതിവാണെന്നും വ്യക്തമായി.
കഴിഞ്ഞ വർഷം ജൂലൈ 6 നാണ് ജില്ലാ മർക്കന്റൈൽ സഹകരണ സംഘം ബോർഡ് ഓഫ് ഡയറക്ട!!േഴ്സ് അംഗവും സംഘത്തിലെ പാർട്ടി കാര്യങ്ങൾ നടപ്പാക്കാൻ ചുമതലപ്പെട്ടയാളുമായ ബാബുജാന് സിപിഎം ജില്ലാ കമ്മിറ്റിയുടെ ലെറ്റർ പാഡിൽ ആനാവൂർ കത്തു നൽകിയത്. ജൂനിയർ ക്ലാർക്ക് വിഭാഗത്തിൽ വി എസ്.മഞ്ജു, ജെ.എസ്.കിരൺ എന്നിവരെയും ഡ്രൈവറായി ആർ.എസ്.ഷിബിൻ രാജിനെയും നിയമിക്കണമെന്നും അറ്റൻഡർ തസ്തികയിലേക്ക് തൽക്കാലം നിയമനം വേണ്ടെന്നുമായിരുന്നു ആനാവൂരിന്റെ കത്തിലെ നിർദ്ദേശം. മേയറുടേതായി വന്ന നിയമനക്കത്തിന്റെ പേരിലെ വിവാദത്തിൽ പെട്ട സിപിഎമ്മിന് ഇത് മറ്റൊരു തിരിച്ചടിയായി. ഏതായാലും മേയറുടെ കത്തിൽ അന്വേഷണം നിലച്ച മട്ടാണ്.
കത്തുവിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഒരടി പോലും മുന്നോട്ടു നീങ്ങാനാകാതെ ക്രൈംബ്രാഞ്ചും വിജിലൻസും വലയുകയാണ്. വിവാദ കത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയാത്തതാണു അന്വേഷണ സംഘങ്ങളെ വലയ്ക്കുന്നത്. ക്രൈംബ്രാഞ്ച് സംഘത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡി.ജി.പിക്കു കൈമാറും. അവധിയിലായിരുന്ന ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി: ഷെയ്ക്ക് ദർവേഷ് സാഹിബ് മടങ്ങിയെത്തിയതോടെയാണ് റിപ്പോർട്ട് നൽകാൻ തീരുമാനിച്ചത്. വിജിലൻസും ഉടൻ റിപ്പോർട്ട് നൽകും. കോർപ്പറേഷനിലെ കൂടുതൽ ജീവനക്കാരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. മൊഴിയെടുക്കേണ്ടവരുടെ പട്ടിക തയാറാക്കി. കോർപ്പറേഷനിലെ കമ്പ്യൂട്ടറുകൾ പരിശോധിക്കും. താൽക്കാലിക നിയമനങ്ങൾക്കു പട്ടിക ചോദിച്ചു സിപിഎം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യാ രാജേന്ദ്രൻ എഴുതിയെന്ന് പറയപ്പെടുന്ന കത്തിന്റെ ഒറിജിനൽ നശിപ്പിച്ചെന്നാണു ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ.
അതിനിടെ തന്റെ അധികാരം സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയർ അടിയറവു വച്ചെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ആരോപിച്ചു. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മേയർ രാജിവെക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്നും സംസ്ഥാനത്തൊട്ടാകെ സമരം വ്യാപിപ്പിക്കുമെന്നും ഷാഫി പറഞ്ഞു. ഈ സമരത്തിന് കൂടുതൽ കരുത്ത് പകരുന്നതാണ് ആനാവൂരിന്റെ ജില്ലാ മർക്കന്റൈൽ സഹകരണ സംഘത്തിലെ നിയമനവുമായി ബന്ധപ്പെട്ട് പുറത്തു വന്ന കത്തും. കത്തിന്റെ അടിസ്ഥാനത്തിൽ ജോലി ലഭിച്ച ഒരാൾ സിപിഎം മുൻ ഏരിയ സെക്രട്ടറിയുടെ മകനാണ്. മറ്റു രണ്ടു പേർക്കും പാർട്ടി ബന്ധമുണ്ടെന്നാണ് വിവരം.
ഉപദേശം ചോദിച്ചപ്പോൾ നിർദ്ദേശം നൽകിയെന്നും അതിലെന്താണ് തെറ്റെന്നുമാണ് ആനാവൂർ വാദിക്കുന്നത്. എന്നാൽ, ശിപാർശക്കത്തല്ല നിയമിക്കണമെന്ന നിർദ്ദേശമാണ് ജില്ല സെക്രട്ടറി കത്തിലൂടെ നൽകിയതെന്നാണ് വ്യക്തമാവുന്നത്.സഹകരണ സംഘത്തിലെ നിയമനത്തിന് മൂന്നു പേരുകൾ നിർദ്ദേശിച്ചുള്ള ആനാവൂർ നാഗപ്പന്റെ കത്ത് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.
മറുനാടന് മലയാളി ബ്യൂറോ