- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കരുവന്നൂരും കൊടകര കുഴൽപ്പണവുമായി ബന്ധം; രണ്ടും സിപിഎം പ്രസവിച്ച ഇരട്ടകുട്ടികൾ; എ.സി മൊയ്തീന്റെ അറസ്റ്റ് നീട്ടിക്കൊണ്ടുപോകുന്നത് ഈ അഡ്ജസ്റ്റ്മെന്റിന്റെ ഭാഗം; ആരോപണവുമായി അനിൽ അക്കര
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പും കൊടകര കുഴൽപ്പണ ഇടപാടും പരസ്പരം ബന്ധപ്പെട്ട് നിൽക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര. കൊടകര കുഴൽപ്പണക്കേസ് പ്രതികൾക്ക് സിപിഎം നേതാക്കൾ വായ്പ നൽകിയിരുന്നതായും അനിൽ അക്കര ആരോപിച്ചു. കുട്ടനെല്ലൂർ സഹകരണ ബാങ്കിൽ നിന്ന് ഒന്നരക്കോടി രൂപ നൽകി. കരുവന്നൂർ തട്ടിപ്പ് കേസിലെ പ്രതി പി.സതീഷ്‌കുമാർ ആണ് ഇടപാട് നടത്തിയത്.
കരുവന്നൂർ കേസ് ഇല്ലാതാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്തിയെന്നും അനിൽ അക്കര പത്രസമ്മേളനത്തിൽ ആരോപിച്ചു. ഈ രണ്ട് കേസുകളും അട്ടിമറിക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ശ്രമിക്കുകയാണ്. കൊടകര കേസിൽ പ്രതിയായ ദീപക് ശങ്കരൻ ബിജെപി പ്രവർത്തകനാണെന്ന് ബിജെപി തന്നെ സമ്മതിച്ചിട്ടുള്ളതാണ്. കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം പിന്നീട് മുന്നോട്ടുപോയില്ല. അവരുടെ ഫണ്ടിന്റെ ഉറവിടം കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കാണ്. ഈ ബാങ്ക് കേന്ദ്രീകരിച്ച് വലിയ തോതിലുള്ള കൊള്ള നടന്നിട്ടുണ്ട്. അതിൽ സതീഷ്‌കുമാറിന് പങ്കുണ്ട്.
കുട്ടനെല്ലൂർ സഹകരണ ബാങ്കിൽ നിന്ന് രഞ്ജിത്, മനോജ്, ദീപ്തി, മിനി, സജീവൻ എന്നീ അഞ്ച് പേരുടെ പേരിലാണ് ഒന്നേകാൽ കോടി തട്ടിയെടുത്തത്. ഇതിൽ രഞ്ജിതും ദീപ്തിയും ദമ്പതിമാരാണ്. ദീപക് ശങ്കറിന്റെ സഹോദരിയാണ് ദീപ്തി. അന്തരിച്ച ഒരു കോൺഗ്രസ് നേതാവിന്റെ ഭാര്യയുടെയൂം മക്കളുടെയും പേരിലാണ് ഈ അഞ്ച് പേരും വ്യാജമായി വായ്പ എടുത്തിരിക്കുന്നത്. ഡിവൈഎഫ്ഐ മുൻ ജില്ലാ നേതാവിന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ ബാങ്ക്.
കൊടകര കുഴൽപ്പണക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ രീതിയിൽ പോയിരുന്നെങ്കിൽ സിപിഎം നേതാക്കളും പ്രതികളാകുമായിരുന്നു. കരുവന്നൂർ കേസുമായി ബന്ധമുള്ള 14 ബാങ്കുകളിൽ ഒന്നാണ് കുട്ടനെല്ലൂർ. ഇ.ഡി അന്വേഷണം കുട്ടനെല്ലൂരിലും എത്തിക്കാണും.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആരോപണ വിധേയനെ ഉൾപ്പെടുത്തി നടത്തിയ ചർച്ച പണം നഷ്ടപ്പെട്ടവർക്ക് പണം ലഭ്യമാക്കാനല്ല, ക്രൈംബ്രാഞ്ച് അന്വേഷണം ഇല്ലാതാക്കാനാണ്. പ്രതികളായ കിരണിന്റെയും ജിൽസിന്റെയും ബാധ്യത ഏറ്റെടുത്ത് ഇടപാടുകാരുടെ പണം നൽകി കേസിൽ സെറ്റിൽ ചെയ്യാനാണ് നീക്കം. ക്രൈംബ്രാഞ്ച് കേസ് അവസാനിപ്പിച്ചാൽ ഇ.ഡി അന്വേഷണത്തിന് തടയിടാമെന്നാണ് സിപിഎം ആലോചന. അങ്ങനെ വന്നാലും കിരണിന്റെയും ജിൽസിന്റെയും അക്കൗണ്ടിൽ വന്ന കോടികളുടെ കണക്ക് സിപിഎം ബോധ്യപ്പെടുത്തണം.
എ.സി മൊയ്തീന്റെ അറസ്റ്റ് നീട്ടിക്കൊണ്ടുപോകുന്നത് ഈ അഡ്ജസ്റ്റ്മെന്റിന്റെ ഭാഗമായാണ്. കരുവന്നൂരിൽ അന്വേഷിച്ചെത്തുന്ന ഇ.ഡിക്ക് കൊടകരയിലും പിടിമുറുക്കേണ്ടി വരും. അതുകൊണ്ട് ഒത്തുതീർപ്പിലെത്താൻ ഇ.ഡി സാവകാശം നൽകുകയാണോ എന്ന് സംശയമുണ്ട്. തൃശൂരിൽ സുരേഷ്ഗോപിക്ക് വഴിയൊരുക്കകയണ് ഇ.ഡിയെന്ന ഗോവിന്ദൻ മാസ്റ്ററുടെ ആരോപണത്തെ കുറിച്ച് തനിക്കറിയില്ലെന്നും അനിൽ അക്കര പറഞ്ഞു.
കരുവന്നൂരും കൊടകര കുഴൽപ്പണക്കേസും സിപിഎം പ്രസവിച്ച ഇരട്ടകുട്ടികളാണ്. കരുവന്നൂർ ചെറിയ മീനാണ്. കുട്ടനെല്ലൂർ ചെറിയ സ്രാവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




