- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'കല്ലുവെച്ച നുണ പറയുന്നതാര്? കാലം മാറി ഇരുമ്പ് മറയ്ക്ക് തുരുമ്പായി ഓട്ടവീണു? താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ, താൻ ചോദിക്ക് താനാരാണെന്ന്'; കരുവന്നൂരിൽ പി കെ ബിജു പറയുന്നത് നുണയെന്ന് അനിൽ അക്കര; രേഖകൾ പുറത്തുവിട്ടു
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ എ സി മൊയ്തീന് പിന്നാലെ പി കെ ബിജുവിനെതിരെയും ആരോപണം ഉയരുകയാണ്. അനിൽ അക്കരയാണ് ബിജുവിനെതിരെ ആരോപണങ്ങളുമായി രംഗത്തുവന്നത്. ഇതോടെ ബിജുവും മറുപടിയുമായി രംഗത്തുവന്നു. തനിക്ക് കരുവന്നൂർ ബാങ്കുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു ബിജുവിന്റെ വാദം. ഇതോടെ ഈ വിഷയത്തിൽ വീണ്ടും പ്രതികരണവുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര രംഗത്തുവന്നു.
കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ.ബിജുവിന്റെ പ്രസ്താവന നുണയാണെന്നാണ് അനിൽ അക്കര അഭിപ്രായപ്പെട്ടത്. ബാങ്ക് തട്ടിപ്പിന്റെ അന്വേഷണ കമ്മിഷനായി ബിജുവിനെ നിയോഗിച്ച രേഖ അനിൽ അക്കര പുറത്തുവിട്ടുകൊണ്ടാണ് ബിജു കള്ളം പറയുകയാണെന്ന് അനിൽ ആരോപിച്ചത്. സിപിഎമ്മാണ് ബിജുവിനെ അന്വേഷണ കമ്മിഷനായി നിയമിച്ചതെന്നാണ് സമൂഹമാധ്യമത്തിലൂടെ അനിൽ പുറത്തുവിട്ട രേഖയിലുള്ളത്.
രേഖകൾ പങ്കുവെച്ച് അനിൽ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ:
കല്ലുവെച്ച നുണ പറയുന്നതാര്?
കരുവന്നൂർ ബാങ്കിലെ
സിപിഎം കമ്മീഷൻ അംഗമായ
പി കെ ബിജു പറയുന്നു അങ്ങനെ
ഒരു കമ്മീഷൻ ഇല്ലന്ന്.
പാർട്ടിയാപ്പീസിൽ ഇരിക്കുന്ന
അന്വേഷണ റിപ്പോർട്ട് ഇന്ന്
അരിയങ്ങാടിയിൽപ്പോലും കിട്ടും.
കാലം മാറി ഇരുമ്പ്
മറയ്ക്ക് തുരുമ്പായി ഓട്ടവീണു ??
താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ
താൻ ചോദിക്ക് താനാരാണെന്ന്
അതാണ് ഇപ്പോൾ ഓർമ്മവരുന്നത്
നേരത്തെ അന്വേഷണ കമ്മിഷൻ അംഗമായിട്ടില്ലെന്നായിരുന്നു പി.കെ.ബിജുവിന്റെ പ്രതികരണം. കരുവന്നൂർ ബാങ്ക് തട്ടിപ്പിനെക്കുറിച്ച് പി.കെ.ബിജുവിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി തയാറാക്കിയ റിപ്പോർട്ടിൽ കേസിലെ ഒന്നാം പ്രതി പി.സതീഷ്‌കുമാറിനെക്കുറിച്ചു പരാമർശമില്ലാത്തു തട്ടിപ്പു കേസിലെ സിപിഎം ബന്ധം വ്യക്തമാക്കുന്നുവെന്ന് അനിൽ അക്കര ആരോപിച്ചിരുന്നു.
എന്നാൽ അനിൽ അക്കര ആരോപിക്കുന്നതു പോലെ ഒരു ബന്ധവുമില്ലെന്നും ആരോപണത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നുമായിരുന്നു പി.കെ.ബിജുവിന്റെ പ്രതികരണം.
''കരുവന്നൂർ തട്ടിപ്പിലെ ഒരു പ്രതിയുമായും അനിൽ അക്കര ആരോപിക്കുന്നത് പോലെ ഒരു ബന്ധവുമില്ല. വാട്‌സാപ്പിലൂടെയും ഫോൺ വഴിയും പ്രതിയുമായി ബന്ധപ്പെട്ടിരുന്നു എന്ന ആക്ഷേപം പച്ചക്കള്ളമാണ്. എന്തെങ്കിലും തെളിവുണ്ടെങ്കിൽ അനിൽ അക്കര മാധ്യമങ്ങൾക്കു നൽകണം. പൊതുജീവിതത്തിൽ നാളിതുവരെ സത്യസന്ധ്യമായാണ് പ്രവർത്തിച്ചിട്ടുള്ളത്. 2009 മുതൽ 2019 വരെയാണ് ഞാൻ പാർലമെന്റ് അംഗമായി പ്രവർത്തിച്ചത്. ഇക്കാലയളവിൽ കുറച്ചുകാലം വടക്കാഞ്ചേരി എംഎൽഎയായി പ്രവർത്തിച്ച അനിൽ അക്കര അന്ന് പറയാത്ത നട്ടാൽ കുരുക്കാത്ത നുണകളാണ് പ്രചരിപ്പിക്കുന്നത്.'' പി.കെ. ബിജു പറഞ്ഞു.
''പാർലമെന്റ് അംഗമായി പ്രവർത്തിച്ച ഘട്ടങ്ങളിൽ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിലും മുളംകുന്നത്ത് കാവിലും വാടക വീടുകളിലാണ് താമസിച്ചിരുന്നത്. ഇതിന്റെ വാടക ബന്ധപ്പെട്ടവർ എന്റെ കൈയിൽനിന്നു തന്നെ അവരുടെ അക്കൗണ്ടുകളിലേക്ക് നൽകുകയാണ് ചെയ്തത്. അവരെല്ലാം ഇപ്പോൾ ജീവിച്ചിരിക്കുന്നവരുമാണ്. അവരോടും ചോദിക്കാവുന്നതാണ്. എന്റെ എല്ലാ പണമിടപാടുകളും നിയമാനുസൃതമായും സുതാര്യവുമായാണ് നടത്തുന്നത്. ഒരു കള്ളപ്പണക്കാരനായ മെന്ററിന്റെയും ആവശ്യം കമ്യൂണിസ്റ്റ് പാർട്ടിക്കാർക്ക് ആവശ്യമില്ല. ഞങ്ങളുടെ മെൻന്റർ പാർട്ടിയും പൊതുജനങ്ങളുമാണ്.
എനിക്കെതിരായ കള്ളപ്രചാരവേല 2009ൽ ആലത്തൂർ പാർലമെന്റ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായപ്പോൾ മുതൽ അനിൽ അക്കര നടത്തുന്നതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ വ്യാജന്മാരെ വച്ച് എനിക്കെതിരെ വിവിധ കോടതികളിൽ കേസുകൾ നൽകുന്നതിന്റെ പിന്നിലും അനിൽ അക്കരയാണ്. എന്നാൽ ഒരു കേസിലും വിജയിക്കാനായില്ല. നിർദ്ധനരായ 140 കുടുംബങ്ങൾക്ക് വീട് നൽകുന്ന ലൈഫ് മിഷൻ പരാതി അട്ടിമറിച്ച് മുൻ എംഎൽഎക്കെതിരെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനം വിധിയെഴുതിയതാണ്. അനിൽ അക്കരയുടെ ഈ ആരോപണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും.'' പി.കെ.ബിജു വ്യക്തമാക്കിയിരുന്നു.




