- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അനിൽ ആന്റണിയെ ഐടി കൺവീനർ ആക്കിയപ്പോൾ ആന്റണി എതിർത്തു; അനിലിനെ കെപിസിസി ജനറൽ സെക്രട്ടറിയാക്കാൻ മുല്ലപ്പള്ളി ശ്രമിച്ചു; മകന് ആ പദവി കിട്ടാതിരിക്കാൻ കാരണം അച്ഛന്റെ എതിർപ്പെന്ന് ഹസൻ; കടുത്ത വേദനയിലുള്ള എകെയെ ആരും സൈബറിടത്തിൽ ആക്രമിക്കരുതെന്ന് യുഡിഎഫ് കൺവീനർ; കോൺഗ്രസിൽ 'അരികൊമ്പൻ' വിവാദം തുടരുമ്പോൾ
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിക്കെതിരായ സൈബർ ആക്രമണം നിർത്തണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കൺവീനർ എം.എം. ഹസൻ. മകൻ ബിജെപിയിൽ പോയതിന് ആന്റണിയെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ലെന്നും ഹസൻ പറഞ്ഞു. ഇതോടെ ആന്റണിയെ കോൺഗ്രസുകാർ തന്നെ വിമർശിക്കുന്നുണ്ടെന്നും വ്യക്തമാക്കി. രണ്ടു ദിവസമായി വീട്ടിൽ തന്നെ കഴിയുകയാണ് ആന്റണി. കടുത്ത മാനസിക വേദനയിലാണ് മുൻ മുഖ്യമന്ത്രി. ഇതിനിടെയാണ് ഹസന്റെ വെളിപ്പെടുത്തൽ.
അനിൽ ആന്റണിയെ ഐടി കൺവീനർ ആക്കിയപ്പോൾ ആന്റണി എതിർത്തിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസിഡന്റായിരിക്കെ അനിലിനെ കെപിസിസി ജനറൽ സെക്രട്ടറിയാക്കാൻ ശ്രമിച്ചു. എന്നാൽ ആന്റണി അതിനെ എതിർത്തു. അനിലിന് വേണ്ടി പദവിക്കായി ഒരിക്കലും ആന്റണി ശ്രമിച്ചിട്ടില്ലെന്നും ഹസൻ പറഞ്ഞു. ആന്റനി കടുത്ത വേദനയിലാണെന്നും ഹസൻ അറിയിച്ചു. ഹസന്റെ വെളിപ്പെടുത്തലിൽ മുല്ലപ്പള്ളി നടത്തുന്ന പ്രതികരണം നിർണ്ണായകമാകും. കെപിസിസിയിൽ അതിനിർണ്ണായക സ്ഥാനമാണ് ജനറൽ സെക്രട്ടറിയുടേത്.
ഏത് സാഹചര്യത്തിലാണ് മുല്ലപ്പള്ളി ഇത്തരമൊരു നീക്കം നടത്തിയതെന്നതാണ് ഉയരുന്ന ചോദ്യം. ശശി തരൂരിന്റെ അതിവിശ്വസ്തനായാണ് അനിൽ ആന്റണി അറിയപ്പെട്ടിരുന്നത്. എന്നിട്ടും എന്തു കൊണ്ട് അനിലിനെ ഭാരവാഹിയാക്കാൻ ശ്രമിച്ചുവെന്നത് നിർണ്ണായക ചോദ്യമായി മാറും. ആന്റണിക്ക് പിന്തുണ തേടിയുള്ള ഹസന്റെ പ്രസ്താവനയിൽ വെട്ടിലാകുന്നത് മുല്ലപ്പള്ളിയാണ്. അതിനിടെ അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരനും രംഗത്തു വന്നു.
അരിക്കൊമ്പനാണെന്ന് വിചാരിച്ചാവും അനിൽ ആന്റണിയെ ബിജെപി പിടിച്ചത്, കുഴിയാനയാണെന്ന് കാണാൻ പോകുന്നതേയുള്ളൂയെന്ന് സുധാകരൻ പരിഹസിച്ചു. അനിലിന് പിന്നാലെ കോൺഗ്രസിൽ നിന്ന് ഇനിയും നേതാക്കൾ ബിജെപിയിലെത്തുമെന്ന അമിത് ഷായുടെ പ്രതികരണത്തെയും സുധാകരൻ തള്ളി. ഒരുപാട് പേർ വരുമെന്ന അമിത് ഷായുടെ പ്രതീക്ഷ നല്ലതാണ്. ഒരു ആത്മവിശ്വാസം എപ്പോഴും ആവശ്യമല്ലേ. പക്ഷെ അമിത് ഷാ വിചാരിക്കുന്നതെന്നും സംഭവിക്കാൻ പോകുന്നില്ലെന്നതാണ് സത്യമെന്ന് സുധാകരൻ പറഞ്ഞു.
എകെ ആന്റണിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിലും സുധാകരൻ പ്രതികരിച്ചു. 'എകെ ആന്റണിക്കെതിരായ സൈബർ ആക്രമണം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഉണ്ടെങ്കിൽ അത് അപലപനീയമാണ്. ആന്റണിക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് പാർട്ടി വിരുദ്ധമാണ്. പാർട്ടിക്ക് വേണ്ടി ആന്റണി ചെയ്ത പ്രവർത്തനങ്ങൾ ആർക്കും മറക്കാൻ സാധിക്കില്ല. അദ്ദേഹത്തെ വില കുറച്ച് കാണിക്കാൻ ശ്രമിച്ചാൽ അതിനെ എതിർക്കും, നടപടി സ്വീകരിക്കും.'
ബിജെപിയിലേക്ക് അടുത്തത് കെ. സുധാകരൻ എന്ന എം.വി ജയരാജന്റെ പ്രസ്താവനയെയും സുധാകരൻ പരിഹസിച്ചു. ജയരാജന്റേത് വായയ്ക്ക് തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന ശൈലിയാണ്. ജയരാജനല്ല തന്റെ രാഷ്ട്രീയ ഗുരുവെന്ന് അദ്ദേഹം പറഞ്ഞു. എലത്തൂർ ട്രെയിൻ ആക്രമണത്തിൽ പൊലീസ് അന്വേഷണത്തിൽ ഗുരുതര വീഴ്ച സംഭവിച്ചെന്നും സുധാകരൻ പറഞ്ഞു. അലസമായ അന്വേഷണമാണ് പൊലീസിന്റേത്. മൃതദേഹം കണ്ടെത്തിയത് മൂന്നു മണിക്കൂറിന് ശേഷമാണ്. ആക്രമണം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
മഹിളാ കോൺഗ്രസ് പുനഃസംഘടനയെ ചൊല്ലിയുള്ളത് ചെറിയ പ്രശ്നങ്ങൾ മാത്രമാണെന്നും കോൺഗ്രസിൽ എല്ലാവർക്കും തൃപ്തികരമായ പട്ടിക പുറത്തിറക്കാൻ കഴിയുമോയെന്നും സുധാകരൻ ചോദിച്ചു.
മറുനാടന് മലയാളി ബ്യൂറോ