പന്തളം: പത്തനംതിട്ട പാർലമെന്റ് മണ്ഡലംഎൻ.ഡി.എ സ്ഥാനാത്ഥി അനിൽ ആന്റണി മണികണ്ഠസ്വാമിയുടെ പാദസ്പർശനമേറ്റ മണ്ണിൽ നിന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം. വലിയകോയിക്കൽ ക്ഷേത്രം സന്ദർശിച്ചു. രാവിലെ ഒമ്പതു മണിയോടുകൂടിയായിരുന്നു മേടക്കല്ല് കടന്ന് വലിയകോയിക്കൽ ക്ഷേത്ര ദർശനത്തിന് എത്തിയത്. അച്ചൻകോവിലാറ്റിൽ പാദശുദ്ധി വരുത്തി എത്തിയ അനിൽ ആന്റണി നടയ്ക്കൽ ഗണപതിക്ക് നാളികേരമുടച്ചു.

തുടർന്ന് ക്ഷേത്രത്തിനുള്ളിൽ തൊഴുകരങ്ങളോടു കൂടി. മേൽശാന്തി നീരാഞ്ജനമുഴിഞ്ഞു, പ്രസാദം നൽകി. രാവിലെ ഗണപതി ഹോമം അനിലിന്റെ നാമത്തിൽ ക്ഷേത്രത്തിൽ നടത്തിയിരുന്നു. ഗണപതി ഹോമത്തിന്റെയും, നീരാഞ്ജനത്തിന്റെയും പ്രസാദം നെറ്റിയിൽ ചാർത്തി. സ്രാമ്പിക്കൽ കൊട്ടാരത്തിലെ തിരുവാഭരണമാളിക കണ്ടു തൊഴുതു. മണികണ്ഠന്റെ മണ്ണിൽ നിന്നും തെരഞ്ഞെടുപ്പ് പര്യടനം തുടങ്ങാൻ കഴിഞ്ഞത് ജന്മഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

എന്റെ ജീവിതത്തിൽ ഏറ്റവും നല്ല ദിവസമായി ഞാൻ കരുതുന്നു. അയ്യപ്പന്റെ അനുഗ്രഹം എനിക്ക് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ചരിത്രപരമായ ഈ തെരഞ്ഞെടുപ്പിൽ വിജയിക്കും എന്ന ഉറച്ച ആത്മവിശ്വാസം എനിക്കുണ്ട്. മൂന്നാം തവണയും നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഒരു സുസ്ഥിര ഭരണം ഇതിലൂടെ ഒരു ഒരു വികസിത ഭാരതം അതിൽ കേരളവും പത്തനംതിട്ടയും ഭാഗമാകും എന്നതിൽ സംശയമില്ലന്നും അനിൽ ആന്റണി പറഞ്ഞു.

ബി.ജെ..പി. സംസ്ഥാന കൗൺസിൽ അംഗം കൊട്ടേത്ത് ശ്രീപ്രദീപ്, ജില്ലാ സെക്രട്ടറി കെ. ബിനുമോൻ, മണ്ഡലം പ്രസിഡന്റ് ജി. ഗിരിഷ് കുമാർ,യുവമോർച്ച ജില്ലാ പ്രസിഡന്റ് നിതിൻ ശിവ, നഗരസഭാ ചെയർപേഴ്സൺ സുശീല സന്തോഷ്, കൗൺസിലറന്മാരായ പി.കെ. പുഷ്പലത, സൂര്യ എസ്.നായർ, വലിയകോയിക്കൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ബിനു നരേന്ദ്രൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.