- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുര്യനും നന്ദകുമാറിനും അനിൽ ആന്റണിയുടെ മറുപടി
പത്തനംതിട്ട: അനിൽ ആന്റണി തന്റെ പക്കൽ നിന്നും പണം വാങ്ങിയെന്ന ദല്ലാൾ നന്ദകുമാറിന്റെ ആരോപണം ശരിവെച്ചു രംഗത്തുവന്ന് കോൺഗ്രസ് നേതാവ് പി ജെ കുര്യനെതിരെ രൂക്ഷമായ മറുപടിയുമായി പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി. പി കെ കുര്യനാണ് തനിക്ക് ദല്ലാൾ നന്ദകുമാറിനെ പരിചയപ്പെടുത്തിയതെന്ന് അനിൽ പറഞ്ഞു. പി ജെ കുര്യൻ രാഷ്ടീയ കുതികാൽ വെട്ടുന്ന ആളാണ്. എ കെ ആന്റണിയെയും ഉമ്മൻ ചാണ്ടിയെയും വഞ്ചിച്ച ആളാണ്. ജഡ്ജിയെ മാറ്റുന്നത് അടക്കമുള്ള നടക്കാത്ത കാര്യങ്ങളുമായി നന്ദകുമാർ തന്നെ സമീപിച്ചു. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഇപ്പോൾ ഉന്നയിക്കുകയാണ്. ഇത് പരാജയഭീതി മൂലമാണെന്നും അനിൽ പറഞ്ഞു. കുര്യന്റെ പ്രമാദമായ കേസ് ഒത്തു തീർപ്പാക്കിയത് നന്ദകുമാർ ആണെന്നും അനിൽ മറുപടിയായി പറഞ്ഞു.
തന്നെ തോൽപ്പിക്കാനുള്ള എല്ലാം ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ ഒടുവിൽ ക്രിമിനൽ ആയ നന്ദകുമാറിനെ ഇറക്കിയെന്ന് അനിൽ ആന്റണി ആരോപിച്ചു. സ്വന്തം വീട്ടിൽ മോഷണം നടത്തിയ ആളാണ് നന്ദകുമാർ. 12 വർഷം മുൻപ് നന്ദകുമാറിനെ കണ്ടിട്ടുണ്ട്. നന്ദകുമാറിനെ പരിചയപ്പെടുത്തിയത് പി ജെ കുര്യനാണ്. കുര്യന്റെ ആളാണ് എന്ന് പറഞ്ഞാണ് വന്നതും പരിചയപ്പെട്ടതും. നടക്കാത്ത കാര്യങ്ങൾ പറഞ്ഞാണ് നന്ദകുമാർ വന്നത്. കരുണാകരനെയും ആന്റണിയെയും ഉമ്മൻ ചാണ്ടിയെയും ചതിച്ച ആളാണ് പി ജെ കുര്യൻ.
ആന്റോ ആന്റണിയും കുടുംബവും സഹകരണ ബാങ്കിൽ നിന്ന് പണം തട്ടിയിട്ടുണ്ട്. ആന്റോ ആന്റണിയും അദ്ദേഹത്തിന്റെ ഗുരു പി ജെ കുര്യനും ചേർന്നാണ് നന്ദകുമാറിനെ ഇറക്കിയത്. 2013ന് ശേഷം നന്ദകുമാറിനെ കണ്ടിട്ടില്ലെന്നും പി ജെ കുര്യൻ കള്ളം പറയുന്നുവെന്നും അനിൽ ആന്റണി വാദിച്ചു. അതേസമയം ആന്റോ ആന്റണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ തന്റെ കൈയിൽ തെളിവില്ലെന്നും തെളിവ് ലഭിച്ചാലുടൻ വരാമെന്നും അനിൽ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ അനിൽ ആന്റണിക്കെതിരെ ദല്ലാൾ നന്ദകുമാർ ഉയർത്തിയ ആരോപണം സ്ഥിരീകരിച്ച് പി ജെ കുര്യൻ രംഗത്തുവന്നിരുന്നു. അനിൽ ആന്റണി വാങ്ങിയ പണം തിരികെ കിട്ടാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നന്ദകുമാർ തന്നെ വന്നു കണ്ടിരുന്നുവെന്ന് പി ജെ കുര്യൻ പറഞ്ഞു. പണം തിരികെ ലഭിക്കാൻ വേണ്ടി നന്ദകുമാറിനായി ഇടപെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. പണം വാങ്ങിയിട്ടുണ്ടെങ്കിൽ തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് ആന്റണിയോടാണോ അനിൽ ആന്റണിയോടാണോ എന്ന് ഓർമ്മയില്ല. സിബിഐ കാര്യമോ നിയമന കാര്യമോ തനിക്ക് അറിയില്ല. എത്ര രൂപ ആണെന്നും പറഞ്ഞതായി ഓർമ്മയില്ല. എന്തിനെന്ന് ചോദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രായമായ മാതാപിതാക്കളെ ഒഴിവാക്കുന്നതുപോലെയാണ് അനിൽ ആന്റണി കോൺഗ്രസിനെ ഒഴിവാക്കി ബിജെപിയിൽ പോയത്. അനിൽ ആന്റണി ബിജെപി വിട്ട് വന്നാൽ കോൺഗ്രസിൽ എടുക്കണം എന്നാണ് തന്റെ അഭിപ്രായം. നന്ദകുമാറുമായി തനിക്ക് പരിചയമുണ്ട്. കോൺഗ്രസിന്റെ മോശം കാലത്താണ് അനിൽ ആന്റണി കോൺഗ്രസ് പാർട്ടി വിട്ടത്. ഇന്ത്യ മുന്നണി ജയിക്കുമ്പോൾ അനിൽ ആന്റണി കോൺഗ്രസിലേക്ക് തിരിച്ചുവരും. അതാണ് അനിൽ ആന്റണിയുടെ സ്വഭാവം. എ കെ ആന്റണിയെ ആർക്കും സ്വാധീനിക്കാൻ കഴിയില്ലെന്നും ആന്റണി അഴിമതിക്ക് കൂട്ടുനിൽക്കില്ലെന്നും പി ജെ കുര്യൻ പറഞ്ഞു.
ഒന്നാം യുപിഎ സർക്കാരിന്റെ അവസാന കാലത്തും രണ്ടാം യുപിഎ കാലത്തും ഡൽഹിയിലെ അറിയപ്പെടുന്ന ബ്രോക്കർ ആയിരുന്നു അനിൽ ആന്റണിയെന്നും സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിന് തന്റെ കയ്യിൽ നിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്നും ദല്ലാൾ നന്ദകുമാർ ആരോപിച്ചിരുന്നു. നിയമനം ലഭിച്ചില്ല, പണം തിരിച്ചു തന്നില്ല. പി ടി തോമസ് ഇടപെട്ടാണ് പണം നൽകിയത്. അനിൽ ആന്റണി നിഷേധിച്ചാൽ സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
പിതാവിനെ വെച്ച് വില പേശി പണം വാങ്ങിയ ആളാണ് അനിൽ ആന്റണി. അനിൽ അംബാനിയുടേതിന് സമാനമായ ഒപ്പാണ് വിസിറ്റേഴ്‌സിന്റെ ബുക്കിൽ അനിൽ ആന്റണി ഇട്ടത്. പി ജെ കുര്യനും ഉമ തോമസിനും ഇക്കാര്യങ്ങൾ അറിയാം. ചില ഡിഫൻസ് നോട്ടുകൾ പുറത്ത് പോയി. ഇത് പിടിക്കപ്പെടാതിരിക്കാനാണ് അനിൽ ബിജെപിയിൽ ചേർന്നത്. താൻ പറഞ്ഞ കാര്യം ആന്റണിയെ അറിയിച്ചു എന്നാണ് പി ജെ കുര്യൻ പറഞ്ഞതെന്നതടക്കമുള്ള ആരോപണങ്ങളാണ് നന്ദകുമാർ ഉയർത്തിയത്.