പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതിരുന്നതിനെ തുടർന്ന് ഇടഞ്ഞു നിൽക്കുന്ന പിസി ജോർജിനെ അനുനയിപ്പിക്കാൻ പത്തനംതിട്ടയിതെ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണി തന്നെ രംഗത്തിറങ്ങിയേക്കും. അനിൽ ഇന്ന് വൈകീട്ട് അഞ്ചിന് പൂഞ്ഞാറിലെ വീട്ടിലെത്തി പിസി ജോർജുമായി കൂടിക്കാഴ്ച നടത്തും.

പിസി ജോർജുമായുള്ള ചർച്ചയ്ക്ക് ശേഷമാകും അനിൽ ആന്റണി പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുക. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പിസി ജോർജ്ജിന്റെ പരാതി പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് സന്ദർശനം. പിസി ജോർജ്ജിന്റെ പിന്തുണ തേടിയ ശേഷം മാത്രം മണ്ഡലപര്യടനം തുടങ്ങാനാണ് അനിൽ ആന്റണി തീരുമാനിച്ചിരിക്കുന്നത്. തന്റെ പ്രചരണത്തിന് മുന്നിൽ നിൽക്കണമെന്ന് അനിൽ ജോർജ്ജിനോട് അഭിപ്രായപ്പെട്ടും.

അനിൽ ആന്റണിയുടെ സ്ഥാനാർത്ഥിത്വത്തെ പി സി ജോർജ്ജ് എതിർത്ത പശ്ചാത്തലത്തിലാണ് അനുനയ ശ്രമം. പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് അനിൽ ആന്റണി ഇന്ന് പിസി ജോർജ്ജിനെ കാണാനെത്തുന്നത്. ബിജെപി ജില്ലാ നേതാക്കൾക്കൊപ്പമാകും അനിൽ ആന്റണി ഇന്ന് വൈകിട്ട് പിസി ജോർജിനെ കാണുക.

അനിൽ ആന്റണിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഉയർന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ സാഹചര്യം ബിജെപി കേന്ദ്ര നേതൃത്വം നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാന ഘടകത്തോട് വിവരങ്ങൾ തേടിയിട്ടുണ്ട്. അതിനിടെ പി സി ജോർജിനെതിരായ പരാതി ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ഇതോടെ കേന്ദ്ര നേതാക്കൾക്കും പിസിയുടെ നീക്കങ്ങളിൽ അതൃപ്തിയുണ്ട്. സ്ഥാനാർത്ഥി നിർണയത്തിന് ശേഷം രാജ്യത്ത് മറ്റെവിടെയും ഉയരാത്ത പ്രതിഷേധവും പ്രസ്താവനകളുമാണ് പിസിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. അതേസമയം പി സിയെ അനുനയിപ്പിക്കാനുള്ള ഫോർമുലകളും ബിജെപി നേതൃത്വം ഒരുക്കുന്നുണ്ട്.

പത്തനംതിട്ടയിൽ താൻ മത്സരിക്കണമെന്നാണ് ജനം ആഗ്രഹിച്ചിരുന്നത്. അനിൽ ആന്റണിക്ക് കേരളവുമായി ബന്ധമില്ലെന്നായിരുന്നു പി സി ജോർജതിന്റെ അഭിപ്രായം. എകെ ആന്റണിക്ക് കേരളത്തിൽ ലഭിക്കുന്ന പിന്തുണ മകനില്ല എന്നതാണ് പ്രശ്നം. എകെ ആന്റണി പരസ്യമായി അനിൽ ആന്റണിയെ പിന്തുണച്ചാൽ കുറച്ചുകൂടി എളുപ്പമായേനെയെന്നും പിസി ജോർജ് പറഞ്ഞു. അതേസമയം പിസി ജോർജിന്റെ പരാമർശങ്ങൾ അനിൽ ആന്റണി തള്ളി. പത്തനംതിട്ടയെ നയിക്കാൻ താൻ തന്നെയാണ് യോഗ്യൻ. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടിയല്ല ബിജെപിയിൽ ചേർന്നത്. കേന്ദ്രസർക്കാരിന്റെ പദ്ധതികൾ പത്തനംതിട്ടയിൽ തനിക്ക് നടപ്പാക്കാനാകും. പിസി ജോർജിന്റെ പരാമർശം വിമർശനമായി തോന്നുന്നില്ലെന്നും അനിൽ ആന്റണി അഭിപ്രായപ്പെട്ടു.

പത്തനംതിട്ട മണ്ഡലത്തിൽനിന്ന് തന്നെ ഒഴിവാക്കുന്നതിനായി പ്രവർത്തിച്ച തുഷാർ വെള്ളാപ്പള്ളിക്കും വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും ദൈവം കൊടുക്കുമെന്ന് പി.സി. ജോർജ് പറഞ്ഞിരുന്നു. പത്തനംതിട്ട സീറ്റ് കിട്ടാത്തതിൽ നഷ്ടബോധം ഇല്ല. നിന്നാൽ ജയിക്കുമായിരുന്നെന്ന് നൂറു ശതമാനം ഉറപ്പുണ്ട്. തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് മത്സരിക്കും എന്ന് കേൾക്കുന്നു. ജയിപ്പിക്കാൻ പറ്റുമോ എന്ന് നോക്കുമെന്നും പി.സി. ജോർജ് മുനവെച്ചു കൊണ്ട് വ്യക്തമാക്കി. 'ദൈവം സാക്ഷിയായി പറയുകയാണ്. ഞാനൊരിക്കലും ആരോടും സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ബിജെപിയിൽ ചേർന്നത് ജനുവരി 31നാണ്. പാർട്ടിയിൽ ചേർന്ന ഉടനെ സീറ്റ് വേണമെന്ന് പറയുന്നത് മര്യാദയല്ല.'- പി.സി. ജോർജ് പറഞ്ഞു.

പത്തനംതിട്ടയിൽ ബിജെപി നേതൃത്വം ഒരു അന്വേഷണം നടത്തിയപ്പോൾ 95 ശതമാനം ആളുകളും സ്ഥാനാർത്ഥിയായി പി.സി. ജോർജിന്റെ പേരാണ് പറഞ്ഞത്. അല്ലാതെ ഞാൻ സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. അനിൽ ആന്റണിക്ക് ആരുമായും ബന്ധമില്ല. ആന്റണിയുടെ മകൻ എന്ന് പറഞ്ഞു മനസ്സിലാക്കണം. ആ ചെറുപ്പക്കാരൻ കോൺഗ്രസിന്റ മീഡിയ പ്രവർത്തനവുമായി ഡൽഹിയിലായിരുന്നു. പിന്നീടാണ് ബിജെപിയിൽ ചേർന്നത്. കേരളത്തിൽ ബിജെപി പ്രവർത്തകരുടെ ഇടയിൽ പോലും പ്രശസ്തനായ ഒരാളല്ല." പി.സി. ജോർജ് ചൂണ്ടിക്കാട്ടി.

വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും നടത്തിയ ഗൂഢാലോചനയിൽ തുഷാർ വെള്ളാപ്പള്ളി പങ്കെടുക്കാൻ പാടില്ലായിരുന്നുവെന്ന് പി.സി. ജോർജ് പറഞ്ഞു. തുഷാർ കോട്ടയത്തു നിന്നാൽ ജയിപ്പിക്കാൻ ശ്രമിക്കും. ബിജെപിയുടെ സ്ഥാനാർത്ഥി ആരായാലും ജയിപ്പിക്കാൻ പരമാവധി ശ്രമിക്കുമെന്നും പി.സി. ജോർജ് വ്യക്തമാക്കി.

പത്തനംതിട്ടയിൽ ക്രൈസ്തവ വിഭാഗമടക്കം മുഴുവൻ സമുദായങ്ങളുടെയും പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അനിൽ ആന്റണി. ബിജെപി കഴിഞ്ഞ തവണ സമാഹരിച്ചതിനേക്കാൾ ഏറെ ദൂരം മുന്നോട്ടുപോകുമെന്നും തന്റെ വിജയത്തിൽ പിസി ജോർജ്ജിനും ഒരു പങ്ക് ഉണ്ടായിരിക്കുമെന്നും അനിൽ ആന്റണി പറഞ്ഞിരുന്നു. എന്നാൽ പിസിയുടെ ശ്രമം ക്രൈസ്തവ വോട്ടുകളെ ഭിന്നിപ്പിക്കും. ഇതിനൊപ്പം എൻ എസ് എസ് വോട്ടുകളും വഴിമാറാൻ അവസരമൊരുക്കുമെന്ന ആശങ്ക ബിജെപി സംസ്ഥാന നേൃത്വത്തിനുണ്ട്. പത്തനംതിട്ടയിൽ മൂന്ന് ക്രൈസ്തവർ തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ വിഭാഗങ്ങളേയും അനിൽ ആന്റണിയിലേക്ക് അടുപ്പിക്കാനാണ് ബിജെപി ശ്രമം. ഇതിന് വിഘാതമാകും പിസിയുടെ പരസ്യ പ്രസ്താവനകൾ.