കോഴിക്കോട്: വാട്ട്‌സാപ് ഗ്രൂപ്പിൽ ബലിപ്പെരുന്നാളിന് എതിരെ പോസ്റ്റിട്ട സിപിഎം ലോക്കൽ സെക്രട്ടറിയെ പുറത്താക്കി. കോഴിക്കോട് പുതുപ്പാടിയിലെ ലോക്കൽ സെക്രട്ടറി പി കെ ഷൈജലിനെതിരെയാണ് നടപടി. ബലിപ്പെരുന്നാളുമായി ബന്ധപ്പെട്ട് പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പിലെ ഷൈജലിന്റെ പരാമർശത്തിനെതിരെ വലിയ പ്രതിഷേധമുയർന്നിരുന്നു.

പുതുപ്പാടിയിലെ വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളും പഞ്ചായത്ത് അംഗങ്ങളും ഉള്ള ഗ്രൂപ്പിലാണ് ഷൈജൽ വിവാദ പരാമർശം നടത്തിയത്. പുതുപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പറായ വ്യക്തി ബലിപ്പെരുന്നാൾ ആശംസ നേർന്നുകൊണ്ട് ഇട്ട പോസ്റ്റിന് താഴെയാണ് ഷൈജൽ ബലിപ്പെരുന്നാളിനെ വിമർശിച്ച് കുറിപ്പിട്ടത്.

ഷൈജലിനെതിരെ മുസ്ലിം ലീഗ് താമരശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു. മതസ്പർദ്ധ വളർത്തുന്ന പരാമർശമാണ് ഷൈജൽ നടത്തിയതെന്ന് ആരോപിച്ചാണ് പരാതി. വിവിധ മതസംഘടനകളും ഷൈജലിന്റെ പരാമർശത്തിനെതിരെ രംഗത്തുവന്നിരുന്നു. വിവാദമായതോടെ ഷൈജൽ ഖേദപ്രകടനം നടത്തിയിരുന്നു,

ഷൈജലിന്റെ പരാമർശത്തിനെതിരെ പ്രവർത്തകർ ഉൾപ്പെടെ രംഗത്തെത്തിയതിനു പിന്നാലെയാണു നടപടി. മുസ്ലിം സംഘടനകളും ഷൈജലിനെതിരെ രംഗത്തെത്തി. 'നാട്ടുവാർത്ത' പ്രാദേശിക വാട്ട്‌സാപ് ഗ്രൂപ്പിൽ മുസ്‌ലിം മതവിശ്വാസികളിൽ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുംവിധം പാർട്ടി നയത്തിനു വിരുദ്ധമായി പോസ്റ്റ് ഇട്ടതിനാണു ഷൈജലിനെ ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കം ചെയ്യാൻ തീരുമാനിച്ചതെന്ന് സിപിഎം വാർത്താകുറിപ്പിൽ അറിയിച്ചു.

സിപിഎം. ഏരിയാ കമ്മിറ്റി അംഗം ടി.എ. മൊയ്തീനാണ് പകരം ചുമതല. ഈ വിഷയത്തെ മുൻ നിർത്തി വിശ്വാസികൾക്കിടയിൽ കുപ്രചരണം നടത്താനും പാർട്ടിയെ കടന്നാക്രമിക്കാനും ഒരു വിഭാഗം നടത്തുന്ന നീക്കങ്ങളിൽ പാർട്ടി സഖാക്കളും നാട്ടുകാരും ജാഗ്രത പുലർത്തണമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

ബിന്ദു ഉദയന്റെ അധ്യക്ഷതയിൽ ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ ഏരിയാ സെക്രട്ടറി കെ. ബാബു, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.സി. വേലായുധൻ, ടി.എ. മൊയ്തീൻ എന്നിവർ പങ്കെടുത്തു.