- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദ പരാമർശവുമായി ആന്റോ ആന്റണി എംപി
പത്തനംതിട്ട: പുൽവാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാന് എന്താണ് പങ്കെന്ന് ചോദിച്ച ആന്റോ ആന്റണി എംപിക്കെതിരേ പ്രതിഷേധവുമായി ബിജെപിയും യുവമോർച്ചയും. ആന്റോയെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. യുവമോർച്ച ആന്റോയുടെ കോലം കത്തിച്ചു. റബർ വിലയിടിവിനെ കുറിച്ച് സംസാരിക്കാൻ പ്രസ് ക്ലബിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോഴായിരുന്നു ആന്റോയുടെ വിവാദ പരാമർശം. പുൽവാമ ആക്രമണത്തിൽ പാക്കിസ്ഥാന് പങ്കില്ലേയെന്ന് മാധ്യമ പ്രവർത്തർ ചോദിച്ചപ്പോഴാണ് പാക്കിസ്ഥാന് എന്ത് പങ്കാണുള്ളതെന്ന് എംപി തിരിച്ചു ചോദിച്ചത്.
ആന്റോ പറഞ്ഞത് ഇങ്ങനെ: ഇത്തവണ പൗരത്വ ഭേദഗതി നിയമം. കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് എന്തായിരുന്നു. പുൽവാമയായിരുന്നു. എന്തായിരുന്നു പുൽവാമ? നമ്മുടെ 42 ജവാന്മാരുടെ ജീവൻ ബലി കൊടുത്തതല്ലേ? എന്നിട്ടല്ലേ തെരഞ്ഞെടുപ്പ് ജയിച്ചത്. അന്ന് തന്നെ മുൻപ് ആർമിയെ നയിച്ചിട്ടുള്ളവർ പറഞ്ഞിരുന്നു ഇങ്ങനെ ഒരു പ്രദേശത്ത് ഇത്രയും ആർ.ഡി.എക്സുമായി ഗവൺമെന്റിന്റെ സംവിധാനം അറിയാതെ ഒരാൾക്ക് കടന്നു ചെല്ലാൻ കഴിയില്ല. ഇക്കാര്യത്തിൽ സംശയമുണ്ടെന്ന് പറഞ്ഞു. ആ സംശയം ദൂരീകരിച്ചതാരാണ്? അന്നത്തെ കാശ്മീർ ഗവർണർ സത്യപാൽ മാലിക്.
അദ്ദേഹം പറഞ്ഞില്ലേ കൃത്രിമമായി സൃഷ്ടിച്ചതാണ് ഈ സ്ഫോടനം. 42 ജവാന്മാരുടെ മരണത്തിന് ഗവൺമെന്റിന് ഉത്തരവാദിത്തം ഉണ്ടെന്ന് പറഞ്ഞില്ലേ? പാക്കിസ്ഥാന് ഇതിൽ എന്ത് ഇൻവോൾവ്മെന്റാണുള്ളത്. ഇന്ത്യൻ ടെറിട്ടറിയിൽ നടന്ന ഒരു സ്ഫോടനം. ജവാന്മാരെ ഹെലികോപ്ടറിലാണ് കൊണ്ടു പോകേണ്ടിയിരുന്നത്. എന്നാൽ, ആ ജവാന്മാരെ പർപ്പസ്ഫുൾ ആയി റോഡിലൂടെ വിടുകയും അവിടെ സ്ഫോടനം ഉണ്ടാവുകയും ഈ ജവാന്മാർ മരിക്കുകയും ചെയ്തു എന്നുള്ളതല്ലേ ഗവർണർ പറഞ്ഞത്. അന്ന് ആ സംസ്ഥാനം ഭരിച്ചിരുന്ന, ബിജെപി നിയോഗിച്ചിരുന്ന ഗവർണർ ആണിത് പറഞ്ഞത്. ഇത്രയും ഗുരുതരമായ ഒരു കുറ്റകൃത്യം ഒരു തെരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടി ചെയ്തവർ എന്തും ചെയ്യുമെന്ന് ഞങ്ങൾക്ക് അറിയാമെന്നും ആന്റോ പറഞ്ഞു.
പുൽവാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാന് പങ്കില്ലെന്ന് പറഞ്ഞ ആന്റോ ആന്റണി എംപി രാജ്യത്തെ അപമാനിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആന്റോക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ആരുടെ വോട്ടിന് വേണ്ടിയാണ് ഇത്തരമൊരു നീചമായ പ്രസ്താവന നടത്തിയതെന്ന് ആന്റോ പറയണം.
ഇന്ത്യൻ സൈന്യം ആവർത്തിച്ച് വ്യക്തമാക്കിയ കാര്യമാണ് നാല് വോട്ടിന് വേണ്ടി പത്തനംതിട്ട എംപി മാറ്റി പറയുന്നത്. രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ച 44 സൈനികരെ അവഹേളിക്കുകയും സൈന്യത്തിന്റെ ആത്മവീര്യത്തെ ചോദ്യം ചെയ്യുകയും ചെയ്ത പ്രസ്താവനയാണിത്. ആന്റോയുടെ പാക്കിസ്ഥാൻ അനുകൂല നിലപാടിന് പത്തനംതിട്ടയിലെ ദേശസ്നേഹികൾ വോട്ടിലൂടെ മറുപടി പറയുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
രാജ്യദ്രോഹ പ്രസ്താവന നടത്തി സൈനികരെ അപമാനിച്ച ആന്റോ ആന്റണിക്കെതിരെ യുവമോർച്ച ജില്ല കമ്മിറ്റി ജില്ലാ ആസ്ഥാനത്ത് കോലം കത്തിച്ച് പ്രതിഷേധിച്ചു. ജില്ല പ്രസിഡന്റ് നിതിൻ ശിവ ഉദ്ഘാടനം ചെയ്തു.ജില്ല വൈസ് പ്രസിഡന്റ് അമൽ അയിരൂർ അധ്യക്ഷത വഹിച്ചു.ജില്ല ജനറൽ സെക്രട്ടറി അഖിൽ വർഗീസ്, ജില്ല സെക്രട്ടറി വൈശാഖ് വിശ്വ, ജില്ല വൈസ് പ്രസിഡന്റ് വിപിൻ വാസുദേവ്,ജില്ല മീഡിയ കൺവീനർ ശരത് ഏഴംകുളം,ജില്ല കമ്മിറ്റി അംഗം ആദർശ് എം ആർ,ജിത്തു രഘുനാഥ്,ഗോകുൽ നാരങ്ങാനം,കൃഷ്ണനുണ്ണി, രാഹുൽ തുടങ്ങിയവർ നേതൃത്വം നൽകി.