കൊച്ചി: ഇടതുപക്ഷത്തിനൊപ്പം നിലയിരുറപ്പിച്ചു വി എസ് അച്യുതാനന്ദൻ അടക്കമുള്ളവർക്ക് വേണ്ടി വാദിച്ചയാളാണ് മുൻ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം അപ്പുക്കുട്ടൻ വള്ളിക്കുന്ന്. പിന്നീട് ദേശാഭിമാനിയിൽ നിന്നടക്കം അദ്ദേഹം പുറത്തായി. സിപിഎം വിഷയങ്ങളിൽ ടിവി ചർച്ചകളിൽ നിറഞ്ഞിരുന്ന അദ്ദേഹം ഇടക്കാലം കൊണ്ട് മാധ്യമങ്ങളിലും കാണാതിയിരുന്നു. ഇപ്പോൾ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് കനത്ത തിരിച്ചടി ഏറ്റതോടെ വിമർശനവുമായി വള്ളിക്കുന്ന് രംഗത്തെത്തി.

പിണറായി വിജയൻ നടപ്പാക്കുന്നത് മോദിയുടെ അജണ്ടയാണെന്ന് അപ്പുക്കുട്ടൻ വള്ളിക്കുന്ന് വിമർശിക്കുന്നു. മുഖ്യമന്ത്രിയായതിനു ശേഷം പിണറായി വിജയൻ ആർഎസ്എസ്സുമായി സന്ധി ഉടമ്പടിയുണ്ടാക്കി. പിണറായിയുടെ എല്ലാ വഴികളും മോദിയിലേക്കാണ് പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകി അഭിമുഖത്തിലാണ് വള്ളിക്കുന്നിന്റെ പരാമർശം.

മോദി ഗവൺമെന്റിന്റെ നയങ്ങളാണ് ഇവിടെ നടപ്പാക്കുന്നത്. കേരളത്തിലെ സിപിഎം മാറിപ്പോയിരിക്കുന്നത്. ബാഹ്യശക്തികളാണ് ഇപ്പോൾ തീരുമാനമെടുക്കുന്നത്. മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. മുഖ്യമന്ത്രിയായി പിണറായി വിജയൻ ചുമതലയേറ്റതിനു പിന്നാലെ ന്യൂഡൽഹിയിലെ വീട്ടിൽ പോയി പ്രധാനമന്ത്രിയെ കണ്ടിരുന്നു. തന്റെ വീട് സ്വന്തം വീടു പോലെ കാണണം എന്ന് തന്നോട് മോദി പറഞ്ഞതായാണ് അന്ന് പിണറായി പറഞ്ഞത്. ഇവരുടെ ബന്ധം വളരെ വർഷങ്ങൾക്ക് മുൻപ് ആരംഭിച്ചതാണ്. സ്വർണക്കടത്ത് നടത്തിയത് എവിടെ നിന്നാണെന്നും തനിക്ക് അറിയാമെന്ന് പറഞ്ഞ് പിണറായിയെ പേരെടുത്ത് പറഞ്ഞ് മോദി വിമർശിച്ചിട്ടും അത് തള്ളിപ്പറയാൻ അദ്ദേഹം തയ്യാറായില്ല.- അദ്ദേഹം വിമർശിച്ചു.

മുഖ്യമന്ത്രിയായതിനു ശേഷം പിണറായി വിജയൻ ആർഎസ്എസ്സുമായി സന്ധി ഉടമ്പടിയുണ്ടാക്കി. ബിജെപി നേതാക്കളേയും തന്റെ അംഗരക്ഷകരും പരിവാരങ്ങളുമൊന്നുമില്ലാതെ ആർഎസ്എസ് നേതാക്കളുമായി തിരുവനന്തപുരത്ത് മീറ്റിങ് നടത്തി. മോദിയുടെ താൽപ്പര്യങ്ങൾക്ക് അനുസരിച്ചാണ് പിണറായി പ്രവർത്തിക്കുന്നത്. പിണറായിയുടെ എല്ലാ വഴികളും മോദിയിലേക്കാണ് പോകുന്നത്. കാബിനറ്റ് റാങ്ക് നൽകി ഇരുത്തിയിരിക്കുന്ന കെ വി തോമസ് ഉൾപ്പടെ നിരവധി പേരാണ് പിണറായിയുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി പ്രവർത്തിക്കുന്നതെന്നും അപ്പുക്കുട്ടൻ വള്ളിക്കുന്ന് പറഞ്ഞു.

അതേസമയം വി എസ് അച്യുതാനന്ദൻ ഇന്ന് സജീവമായിരുന്നെങ്കിൽ പാർട്ടിക്കുള്ളിൽ പാർട്ടിക്ക് വേണ്ടി മുന്നിൽ നിന്ന് പോരാൻ അദ്ദേഹം ഉണ്ടാകുമായിരുന്നുവെന്നും അപ്പുക്കുട്ടൻ വള്ളിക്കുന്ന് പറഞ്ഞു. അങ്ങനെയുള്ള വേറെയാരും സിപിഎമ്മിൽ നിലവിൽ ഉണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വി എസ്സിനോടുള്ള തന്റെ സമീപനം മാറുന്നത് അദ്ദേഹം മാത്രമേ പാർട്ടിക്കുള്ളിൽ പ്രതിപക്ഷ സ്ഥാനത്ത് നിന്ന് കൊണ്ട് ചോദ്യങ്ങൾ ചോദിക്കാനുള്ളൂ എന്ന് മനസ്സിലാക്കിയപ്പോഴാണ്. അത് ശരിയാണെന്ന് കാലം തെളിയിക്കുകയും ചെയ്തു. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. എന്നാൽ കേസിലെ പ്രതികളായ 65 ഓളം പേരെ സംരക്ഷിക്കണമെന്നായിരുന്നു പാർട്ടി നിലപാട്. പാത്രക്കാർക്ക് വിതരണം ചെയ്ത കുറിപ്പിൽ പ്രമേയത്തിന്റെ ഒരു ഭാഗം മാത്രമാണ് പറഞ്ഞത്. എന്നാൽ അതിന്റെ പിന്നിലെ ഇക്കാര്യം പാർട്ടി മറച്ചു വെച്ചു. അത്തരം ഒരു അന്വേഷണം കൊണ്ട് യാതൊരു ഫലവുമില്ലെന്ന് പറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അന്ന് രാത്രി മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു എന്നെ വിളിച്ചു. അദ്ദേഹം ഇടതുപക്ഷത്തിന് വേണ്ടി എല്ലാ കാലത്തും വാദിക്കുന്ന ഒരാളാണ്. പാർട്ടി നിലപാട് അദ്ദേഹത്തെ നിരാശനാക്കി. ഒരു ഇടതുപക്ഷ പാർട്ടിക്ക് എങ്ങനെ ഇത്തരത്തിൽ ആകാൻ കഴിയുമെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഇതാണ് അവസ്ഥയെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞുവെന്ന് അപ്പുക്കുട്ടൻ വള്ളിക്കുന്ന് വ്യക്തമാക്കി. കൊച്ചിയിൽ വെച്ച് സിപിഎമ്മിൽ സംസ്ഥാന സമ്മേളനം നടക്കുന്നതിനിടെ വി എസ് അച്യുതാനന്ദൻ ഒരിക്കൽ ഇറങ്ങി പോകുന്ന സാഹചര്യമുണ്ടായി. സമ്മേളനത്തിനിടെ ഉയർന്ന വിമർശനങ്ങൾ കാരണമാണ് അദ്ദേഹം ഇറങ്ങി പോയെന്നാണ് എല്ലാരും പറഞ്ഞത്.

എന്നാൽ അങ്ങനെയല്ല, അന്നത്തെ പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനോട് ടിപി വധക്കേസ് പ്രതികളെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ പാർട്ടി തയ്യാറാകണമെന്ന് വി എസ് ആവശ്യപ്പെട്ടിരുന്നു. അതിന് തയ്യാറാകാതെ വന്നതോടെയാണ് അദ്ദേഹം ഇറങ്ങി പോയത്. ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നു. അന്നാണ് ഞാൻ ആദ്യമായി വി എസ്സിനെ വിളിക്കുന്നത്. അദ്ദേഹം എന്നോട് കാര്യങ്ങളെല്ലാം പറഞ്ഞു. അന്ന് വൈകീട്ട് ഒരു ടിവി ചാനൽ ചർച്ചയിൽ പങ്കെടുത്തപ്പോൾ ഞാൻ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞു. ഇതോടെയാണ് ചർച്ചകൾ മാറിയത്. തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ പിണറായി വിജയനാണ് വി എസ്സിനെ കരുവാക്കിയതെന്നും അപ്പുക്കുട്ടൻ വള്ളിക്കുന്ന് വെളിപ്പെടുത്തി.