തിരുവനന്തപുരം: സിപിഎം നേതാവ് ബൃന്ദാ കാരാട്ടിന്റെ വെല്ലുവിളിക്ക് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബൃന്ദയുടെ പരാമർശം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. അവർ എന്നെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോ എന്നും ഗവർണർ ചോദിച്ചു.

ഇത്തരം കാര്യങ്ങൾ താൻ പ്രോത്സാഹിപ്പിക്കുന്നില്ല. താൻ ചെയ്യുന്നത് നിയമപരമായ ചുമതലയാണ് എന്നും ഗവർണർ പറഞ്ഞു. രാഷ്ട്രീയത്തിലിറങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ ബിജെപി ടിക്കറ്റിൽ ഏതെങ്കിലും സീറ്റിൽ മത്സരിക്കാനായിരുന്നു ബൃന്ദ കാരാട്ട് ഗവർണറോട് ആവശ്യപ്പെട്ടിരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് പുതുവത്സര വിരുന്നിലേക്ക് തന്നെ ക്ഷണിച്ചിരുന്നുവെന്ന് ഗവർണർ പറഞ്ഞു. പോകാത്തത് എന്തെന്ന് മാധ്യമപ്രവർത്തകർ അന്വേഷിക്കണം. ഇത്തരം കാര്യങ്ങളിൽ മറുപടി പറയാൻ താത്പര്യമില്ല. തന്നോട് ചോദിക്കുന്നത് പോലെ മുഖ്യമന്ത്രിയോടും കാര്യങ്ങൾ ചോദിക്കണമെന്നും ഗവർണർ പറഞ്ഞു.

ബില്ലുകൾ ഒപ്പിടാതെ സംസ്ഥാന സർക്കാരുമായി ഗവർണർ കൊമ്പുകോർക്കുന്നതിനിടെയാണ് സിപിഎം നേതാവ് ബൃന്ദാ കാരാട്ട് വെല്ലുവിളിയുമായി രംഗത്തുവന്നത. ബിജെപിയുടെ അജണ്ട നടപ്പാക്കുന്ന ഗവർണർ നേരിട്ട് രാഷ്ട്രീയത്തിലിറങ്ങി ബിജെപി സ്ഥാനാർത്ഥിയായി തന്നെ വരുന്ന പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കട്ടെയെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.

'രാഷ്ട്രീയത്തിലേക്കിറങ്ങാൻ ബഹുമാനപ്പെട്ട ഗവർണർക്ക് താത്പര്യമുണ്ടെങ്കിൽ അദ്ദേഹമത് ചെയ്യണം. കാരണം 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നു. ഗവർണർക്ക് തന്റെ രാഷ്ട്രീയ ശക്തി തിരിച്ചറിയാൻ ആഗ്രഹമുണ്ടെങ്കിൽ അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിക്കണം, അദ്ദേഹം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് നേരിട്ട് ഇറങ്ങുന്നതായിരിക്കും ഉചിതം. ബിജെപി ടിക്കറ്റിൽ കേരളത്തിൽ ഏതെങ്കിലും സീറ്റിൽ നിന്നും മത്സരിക്കൂ' -ബൃന്ദ കാരാട്ട് പറഞ്ഞു.

സർക്കാരിനെതിരെ ദിവസവും പ്രസ്താവനകൾ നടത്തി ഗവർണർ പദവിക്ക് അപമാനമുണ്ടാക്കാതെ പകരം മുഖ്യമന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഗവർണർ പരിഹരിക്കണമെന്നും ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടിരുന്നു.