- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്തെ തെറ്റു തിരുത്തലിൽ മേയർ കസേര തെറിക്കുമോ?
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് തിരുത്തേണ്ടി വരും. കെ എസ് ആർ ടി സി ഡ്രൈവറുമായി റോഡിലുണ്ടായ തർക്കം അടക്കം സിപിഎമ്മിന് തിരിച്ചടിയായി എന്നാണ് വിലയിരുത്തൽ. മേയർ ആര്യ രാജേന്ദ്രന്റെ പെരുമാറ്റത്തിനെതിരെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം അതിശക്തമായി ഉയർന്നു. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ കുറച്ചതായാണ് വിമർശനം. ഇങ്ങനെ പോയാൽ തിരുവനന്തപുരം കോർപറേഷൻ തിരഞ്ഞെടുപ്പിൽ പാർട്ടി വലിയ വില കൊടുക്കേണ്ടി വരുമെന്നും വിമർശനമുണ്ടായി. വിഷയം സംസ്ഥാന നേതൃത്വത്തേയും ജില്ലാ കമ്മറ്റി അറിയിക്കും. മേയറെ മാറ്റണമെന്ന വികാരം സിപിഎമ്മിലെ ജില്ലാ ഘടകത്തിൽ ശക്തമാണ്. എന്നാൽ സംസ്ഥാന സമിതിയാണ് ഈ വിഷയത്തിൽ തീരുമാനം എടുക്കേണ്ടത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കൈവരിച്ച വളർച്ചയും സിപിഎം യോഗം പരിശോധിച്ചു. തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ വോട്ട് വിഹിതം വർധിച്ചതാണ് പരിശോധിച്ചത്. ബിജെപി വളർച്ച തടയാതെ മുന്നോട്ടു പോകാനാകില്ലെന്ന് യോഗം വിലയിരുത്തി. ശനിയാഴ്ച ജില്ലാ കമ്മിറ്റി യോഗം ചേരുന്നുണ്ട്. മേയർ വിഷയവും ജില്ലാ കമ്മറ്റി വിശദമായി പരിശോധിക്കും. ജില്ലാ നേതൃത്വം റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിന് നൽകാനും സാധ്യതയുണ്ട്. മേയർക്കെതിരായ നീക്കത്തിൽ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണ കിട്ടില്ലെന്ന തിരിച്ചറിവും സിപിഎം ജില്ലാ നേതൃത്വത്തിനുണ്ട്.
തലസ്ഥാന ജില്ലയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഉണ്ടാക്കിയത് കനത്ത പ്രതിസന്ധിയെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി. തലസ്ഥാനത്തെ വോട്ട് കണക്ക് പരിശോധിച്ച് ബിജെപി വളർച്ച കൃത്യമായി വിലയിരുത്തും. ആറ്റിങ്ങൽ, തിരുവനന്തപുരം മണ്ഡലങ്ങളിലെ വോട്ട് കണക്കിൽ ബിജെപി മുന്നിലാണ്. തെരഞ്ഞെടുപ്പ് തോൽവിക്ക് ഭരണവിരുദ്ധ വികാരം കാരണമായെന്നാണ് ജില്ലാ സെക്രട്ടറിയേറ്റിലെ വിലയിരുത്തൽ. ഈഴവ വോട്ടിൽ വലിയ ചോർച്ച ഉണ്ടായി. സർക്കാർ ജനങ്ങളുടേതാണെന്ന തോന്നൽ ഇല്ലാതായെന്നും വിമർശനം ഉയർന്നു.
കോർപറേഷൻ ഭരണത്തെയും സെക്രട്ടറിയേറ്റ് വിമർശിച്ചു. നഗരസഭാ പ്രവർത്തനത്തിൽ ജനകീയത ഇല്ല. ഇങ്ങനെ പോയാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി കളം പിടിക്കുമെന്നാണ് വിമർശനം. നഗരസഭാ ഭരണ നേതൃത്വത്തിന്റെ ഇടപെടലുകൾ ഒട്ടും ജനകീയമല്ലെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. റോഡ് പണിയിൽ അടക്കം ജാഗ്രത വേണമെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിലപാട്. സ്മാർട് സിറ്റി പദ്ധതി കൈകാര്യം ചെയ്തതിൽ വലിയ വീഴ്ചയുണ്ടായി എന്നും വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്ത് ആരും വിമർശിച്ചില്ലെന്നതും ശ്രദ്ധേയമാണ്. എന്നാൽ ജില്ലാ കമ്മറ്റി യോഗത്തിൽ രൂക്ഷമായ അഭിപ്രായങ്ങൾ സർക്കാരിനെതിരെ ഉയരാൻ സാധ്യതയുണ്ട്.
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ സിപിഎം വിജയം പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ സിപിഎം ജില്ലാ സെക്രട്ടറി കൂടിയായ വി ജോയിയെ കോൺഗ്രസിലെ ആടുർ പ്രകാശ് തോൽപ്പിച്ചു. മൂന്ന് ലക്ഷത്തിൽ അധികം വോട്ടുകൾ ഇവിടെ ബിജെപി നേടുകയും ചെയ്തു. തിരുവനന്തപുരത്ത് സിപിഐ സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ മൂന്നാമതാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിശദ അവലോകനം നടന്നത്.