- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'കത്ത് നൽകിയ തീയതിയിൽ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല; വിവാദം പാർട്ടി അന്വേഷിക്കും'; കത്ത് എഴുതിയോ ഇല്ലയോ എന്ന് വ്യക്തമാക്കാതെ ആര്യ രാജേന്ദ്രൻ; മേയറോട് സംസാരിച്ച ശേഷം പ്രതികരിക്കാമെന്ന് ആനാവൂർ; ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരിയെ പുറത്താക്കണമെന്ന് കോൺഗ്രസ്
തിരുവനന്തപുരം: കോർപറേഷനിലെ താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാൻ കരാർ നിയമന ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചെന്ന ആരോപണം പൂർണ്ണമായും തള്ളാതെ മേയർ ആര്യ രാജേന്ദ്രൻ. കത്ത് നൽകിയ തീയതിയിൽ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല എന്നത് മാത്രമാണ് മേയറുടെ വിശദീകരണം. കത്ത് എഴുതിയോ ഇല്ലയോ എന്ന് ആര്യാ രാജേന്ദ്രൻ വ്യക്തമാക്കിയിട്ടില്ല. വിവാദം പാർട്ടി അന്വേഷിക്കുന്നുണ്ടെന്നും നേതൃത്വവുമായി ആലോചിച്ച ശേഷം ഔദ്യോഗികമായി പ്രതികരിക്കാമെന്നും മേയർ വ്യക്തമാക്കി.
കത്ത് വ്യാജമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും പറഞ്ഞിട്ടില്ല. ഇത്തരം ഒരു കത്ത് താൻ കണ്ടിട്ടില്ലെന്ന് മാത്രമാണ് പ്രതികരിച്ചത്. കത്ത് വ്യാജമാണെന്ന് ഇപ്പോൾ പറയാൻ ആകില്ലെന്നും ആനാവൂർ നാഗപ്പൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട മറ്റു നേതാക്കളെ ആരെയും വിളിച്ച് വിശദീകരണം തേടിയിട്ടില്ലെന്നും മേയറോട് സംസാരിച്ച ശേഷം പ്രതികരിക്കാമെന്നും ആനാവൂർ പറയുന്നു.
നഗസഭയിലെ 295 താത്ക്കാലിക തസ്തികകളിലേക്ക് പാർട്ടിക്കാരെ നിയമിക്കാൻ മുൻഗണനാ പട്ടിക ആവശ്യപ്പെട്ട് നവംബർ ഒന്നിനാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ കത്തയച്ചത്. അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്കാണ് കരാർ നിയമനം. മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിലായിരുന്നു കത്ത്.
ഈ കത്ത് സിപിഎം ജില്ലാ നേതാക്കന്മാർ അതാത് വാർഡുകളിലെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം വിവാദമായത്. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ ഈ മാസം ഒന്നിന് അയച്ച കത്ത് ചില പാർട്ടി നേതാക്കളുടെ വാട്സാപ് ഗ്രൂപ്പുകൾ വഴിയാണു പരസ്യമായത്. അതേ സമയം തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രനെതിരെ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി കോർപറേഷനിൽ രണ്ടുവർഷത്തിനുള്ളിൽ നടന്ന താൽകാലിക നിയമനങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോർപറേഷനിലെ മുൻ കൗൺസിലർ ജി.എസ്.ശ്രീകുമാറാണ് പരാതി നൽകിയത്.
മേയർക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ രംഗത്തെത്തി. മേയറുടെ ഓഫിസിലേക്ക് തള്ളിക്കയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മാറ്റാൻ പൊലീസ് ശ്രമിക്കുന്നു. യുവമോർച്ച പ്രവർത്തകരും ഓഫിസിലേക്ക് കയറി. മേയറുടെ നടപടി സത്യപ്രതിജ്ഞ ലംഘനമാണെന്നും മേയർ രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
മേയറെക്കൊണ്ടു പാർട്ടി വൃത്തികേട് ചെയ്യിക്കുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞത്. പിൻവാതിൽ നിയമനത്തിനു പാർട്ടി കേന്ദ്രീകരിച്ചു മാഫിയ സംഘമുണ്ടെന്നും സതീശൻ ആരോപിച്ചു. സഖാക്കൾക്കു ജോലി നൽകാൻ വേണ്ടിയുള്ള കത്ത് നഗ്നമായ നിയമലംഘനമാണെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. ഇടതുഭരണം ഇടതുപക്ഷക്കാർക്കു വേണ്ടിയാണ്. ശുപാർശയുടെ അടിസ്ഥാനത്തിൽ മാത്രമാണു നിയമനമെന്നും സുധാകരൻ വിമർശിച്ചു.
കേരളത്തിലെ യുവജനങ്ങൾക്കും പൊതുസമൂഹത്തിനും പൊള്ളുന്ന തോന്ന്യാസമാണ് മേയർ ആര്യാ രാജേന്ദ്രന്റെ കത്തെന്നു ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. അടിമുടി അഴിമതിയുടെ പര്യായമായി മാറിയ ആര്യയെ മേയർ സ്ഥാനത്തുനിന്ന് ഒരു നിമിഷംപോലും വൈകാതെ പുറത്താക്കണം. എകെജി സെന്ററിലേക്ക് ആളെ എടുക്കുന്നത് പോലെയാണ് തിരുവനന്തപുരം കോർപറേഷനിലേക്ക് മേയർ പാർട്ടിക്കാരെ തിരുകി കയറ്റാൻ ശ്രമിക്കുന്നത്.
ആനാവൂർ നാഗപ്പനോ സിപിഎമ്മോ അല്ല തൊഴിലാളികൾക്ക് ശമ്പളം കൊടുക്കേണ്ടത്. ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നാണ്. അതീവ ഗൗരവമുള്ള ഈ വിഷയം നഗ്നമായ സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഷാഫി പറഞ്ഞു. തിരുവനന്തപുരം മേയറുടെ നടപടി ഉളുപ്പില്ലായ്മയുടെ അങ്ങേയറ്റമാണെന്നു വി.ടി.ബൽറാം വിമർശിച്ചു. ''കേവലം ട്രോൾ ചെയ്യപ്പെടേണ്ട ഒരു കാര്യമല്ല ഇത്. സിപിഎമ്മിലെ ഗ്രൂപ്പിസമായി തള്ളിക്കളയേണ്ടതുമല്ല. ഗുരുതരമായ അഴിമതിയാണ്. ഉളുപ്പില്ലായ്മയുടെ അങ്ങേയറ്റമാണ്. സത്യപ്രതിജ്ഞാ ലംഘനമാണ്.
ജനങ്ങളോടുള്ള വഞ്ചനയാണ്. ഏറ്റവും പ്രായം കുറഞ്ഞ ഈ അഴിമതിക്കാരിയെ മേയർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണം. ഇവർക്കെതിരെ ലോകായുക്ത കേസെടുക്കണം. ആര്യാ രാജേന്ദ്രന്റെ കാലത്തുണ്ടായ എല്ലാ ക്രമക്കേടുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണം. ഇവരെ ഒരു പാവയായി മുന്നിൽ വച്ചുകൊണ്ട് മറ്റാരെങ്കിലും നടത്തുന്ന അഴിമതിയാണെങ്കിൽ അതും പുറത്തു വരണം.'' ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
മറുനാടന് മലയാളി ബ്യൂറോ