- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ആര്യാടന്റെ നേതൃത്വത്തിലുണ്ടാക്കിയ കോൺഗ്രസാണ് മലപ്പുറത്തെ കോൺഗ്രസ്'! ഫലസ്തീൻ ഐക്യദാർഡ്യത്തിന്റെ പേരിൽ നടപടി എടുത്താൽ അത് മലബാറിൽ തിരിച്ചടിയാകും; ആര്യാടൻ ഷൗക്കത്തിനെതിരായ അച്ചടക്ക നടപടി താക്കീതിൽ ഒതുങ്ങിയേക്കും; ഉമ്മൻ ചാണ്ടിയില്ലാത്ത 'എ ഗ്രൂപ്പ്' പ്രതിസന്ധിയിൽ
തിരുവനന്തപുരം: കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് പാർട്ടി വിലക്ക് ലംഘിച്ചെന്ന വിവാദത്തിൽ ഇനി കൂടുതൽ നടപടികൾ ഉണ്ടാകില്ല. മലപ്പുറത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് വിവാദം ഒഴിവാക്കും. താക്കീതിൽ നടപടി ഒതുക്കാനാണ് സാധ്യത. ഷൗക്കത്ത് വിഷയം പരിശോധനയ്ക്കായി കോൺഗ്രസ് അച്ചടക്ക സമിതിക്കു വിട്ടിട്ടുണ്ട്. ഷൗക്കത്ത് നൽകിയ വിശദീകരണം തള്ളിക്കൊണ്ടാണു തീരുമാനം. ഒരാഴ്ചയ്ക്കകം അച്ചടക്ക സമിതി റിപ്പോർട്ട് നൽകണം. കോൺഗ്രസിനുള്ളിൽ എ ഗ്രൂപ്പിന്റെ മലപ്പുറത്തെ മുഖമാണ് ഷൗക്കത്ത്. ഉമ്മൻ ചാണ്ടിയുടെ മരണ ശേഷം എ ഗ്രൂപ്പിന് വന്ന ക്ഷീണവും ഷൗക്കത്തിനെതിരായ നടപടിക്ക് കാരണമായിട്ടുണ്ട്. ഷൗക്കത്തിന് വേണ്ടി ആരും കോൺഗ്രസിനുള്ളിൽ വാദിക്കാനുണ്ടായില്ലെന്നതാണ് വസ്തുത.
അതിന്റെ അടിസ്ഥാനത്തിൽ അച്ചടക്ക നടപടി തീരുമാനിക്കുമെന്നാണ് വിശദീകരണം. അതുവരെ പാർട്ടി പരിപാടികളിൽ നിന്നു മാറിനിൽക്കണമെന്നു കെപിസിസി ആര്യാടൻ ഷൗക്കത്തിനു നിർദ്ദേശം നൽകി. എന്നാൽ ഷൗക്കത്തിനെതിരെ ഗൗരവമുള്ള നടപടികളൊന്നും ഉണ്ടാകില്ല. പാർട്ടിയുടെ വിലക്ക് ലംഘിച്ച് ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ മലപ്പുറത്ത് ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ച വിഷയത്തിലാണു കെപിസിസി നേതൃത്വത്തിന്റെ ഇടപെടൽ. ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ചത് എങ്ങനെ അച്ചടക്ക ലംഘനമാകുമെന്നതാണ് ഷൗക്കത്ത് അനുകൂലികളുടെ ചോദ്യം.
ഒരു തരത്തിലുള്ള വിഭാഗീയ പ്രവർത്തനവും ഫൗണ്ടേഷന്റെ പേരിൽ നടത്തിയിട്ടില്ലെന്നാണു കെപിസിസിക്കു ഷൗക്കത്ത് നൽകിയ വിശദീകരണം. ആര്യാടൻ മുഹമ്മദിന്റെ മതനിരപേക്ഷ ആശയങ്ങൾ പ്രചരിപ്പിക്കാനും ജീവകാരുണ്യസാമൂഹികസാംസ്‌കാരിക പ്രവർത്തനങ്ങൾ നടത്താനുമാണു ഫൗണ്ടേഷൻ. മൂന്നിനു നടക്കേണ്ട പരിപാടി നടത്തരുതെന്നു കെപിസിസിയുടെ നിർദ്ദേശം ലഭിച്ചതു രണ്ടിനാണ്. ഒരു ദിവസത്തെ സമയം മാത്രം ലഭിച്ചതിനാൽ പരിപാടി ഉപേക്ഷിക്കാൻ സാവകാശം ലഭിച്ചില്ലെന്നും വിശദീകരിച്ചു. എന്നാൽ അതിന് മുമ്പ് തന്നെ കാര്യങ്ങൾ ഷൗക്കത്തിനെ അറിയിച്ചുവെന്നാണ് നേതൃത്വത്തിന്റെ നിലപാട്.
ഈ വിശദീകരണം തള്ളിക്കൊണ്ട് കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ ഇന്നലെ വീണ്ടും ആര്യാടൻ ഷൗക്കത്തിനു കത്തുനൽകി. പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ച ഘട്ടത്തിൽ കഴിഞ്ഞ 27നു കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഷൗക്കത്തിനെ ഫോണിൽ വിളിച്ച് പിന്മാറാൻ ആവശ്യപ്പെട്ടിരുന്നതായി കത്തിൽ പറയുന്നു. സംഘടനാ തർക്കങ്ങൾ പാർട്ടിയിൽ പരിഹരിക്കാമെന്ന് ഉറപ്പും നൽകിയെന്നാണ് വിശദീകരണം. എന്നാൽ ഷൗക്കത്തിനെതിരെ നടപടി എടുക്കുന്നത് ഫലസ്തീൻ ചർച്ചകളുടെ കാലത്ത് കോൺഗ്രസിന് തിരിച്ചടിയാകും. ഇത് ചില മുതിർന്ന നേതാക്കൾ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കടുത്ത നടപടികളിലേക്ക് കടക്കില്ല.
മലപ്പുറം ജില്ലയിലെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് പാർട്ടിയിലെ വിഭാഗീയതയ്ക്ക് പിന്നിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ ഡി.സി.സി. പ്രസിഡന്റ് വി എസ്. ജോയിയും എ.പി. അനിൽകുമാറുമടങ്ങുന്ന കെ.സി. വേണുഗോപാലിന്റെ സംഘം വെട്ടിനിരത്തുകയാണെന്നായിരുന്നു എ ഗ്രൂപ്പിന്റെ ആരോപണം. വിഭാഗീയത ശക്തമായി നിൽക്കുന്നതിനിടെയാണ് ആര്യാടൻ ഫൗണ്ടേഷൻ ഫലസ്തീൻ ഐക്യദാർഢ്യറാലി പ്രഖ്യാപിച്ചത്.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ വേണ്ടിയല്ല ആര്യാടൻ ഫൗണ്ടേഷനെന്ന് കെപിസിസി. ജനറൽ സെക്രട്ടറിയും ഫൗണ്ടഷേൻ ചെയർമാനുമായ ആര്യാടൻ ഷൗക്കത്ത് മലപ്പുറത്ത് നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ ജനസദസ്സിൽ വിശദീകരിച്ചിരുന്നു. 'ആര്യാടൻ എന്തിന് വേണ്ടി ജീവിച്ചുവോ അത് അദ്ദേഹത്തിന്റെ കാലശേഷവും നടപ്പിലാക്കാനാണ് ആര്യാടൻ ഫൗണ്ടേഷൻ രൂപീകരിച്ചത്. നമ്മൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പൗരന്മാരാണ്. ഒരിക്കലും പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തില്ല. അതിന് വേണ്ടിയല്ല ആര്യാടൻ ഫൗണ്ടേഷൻ', എന്നായിരുന്നു ആര്യാടൻ ഷൗക്കത്തിന്റെ വാക്കുകൾ.
മലപ്പുറത്ത് കോൺഗ്രസ് പ്രസ്ഥാനത്തെ കെട്ടിപ്പടുത്തത് വലിയ വെല്ലുവിളികളേയും പ്രതിസന്ധികളേയും അതിജീവിച്ചാണ്. ആര്യാടന്റെ നേതൃത്വത്തിലുണ്ടാക്കിയ കോൺഗ്രസാണ് മലപ്പുറത്തെ കോൺഗ്രസ്. ആര്യാടൻ ഫൗണ്ടേഷന് രണ്ടുദ്ദേശങ്ങളാണ് ഉള്ളത്. ഒന്ന്, കോൺഗ്രസ് പ്രവർത്തകരെ ആശയപരമായി ആയുധവത്കരിക്കുക. രണ്ട്, മലപ്പുറത്ത് നടക്കുന്ന ജീവകാരുണ്യപ്രവർത്തനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരുക. ഫലസ്തീൻ ഐക്യദാർഢ്യസദസ്സിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നത് എന്തിനാണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.




