തിരുവനന്തപുരം: ആര്യാടൻ ഷൗക്കത്തിനെതിരെ നടപടിയുണ്ടായാൽ ഇടതുപക്ഷം സംരക്ഷിക്കുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ പറയുമ്പോൾ ചർച്ചയാകുന്നത് യുഡിഎഫിനെ തളർത്താനുള്ള ഇടതു നീക്കം. ഷൗക്കത്ത് മതനിരപേക്ഷത ഉയർത്തുന്ന നേതാവാണെന്നും ആര്യാടൻ ഷൗക്കത്തിനെതിരെ നടപടിയെടുത്താൽ കോൺഗ്രസ് വള പൊട്ടുന്നത് പോലെ പൊട്ടുമെന്നും എ.കെ ബാലൻ പറഞ്ഞു. ഫലസ്തീൻ യുദ്ധ സാഹചര്യം ചർച്ചയാക്കി കോൺഗ്രസിൽ നിന്നും നേതാക്കളെ അടർത്തിയെടുക്കുകയാണ് ലക്ഷ്യം. നേരത്തെ മുസ്ലിം ലീഗിനെ ഐക്യദാർഡ്യ റാലിയിലേക്ക് സിപിഎം ക്ഷണിച്ചു. എന്നാൽ അവർ പങ്കെടുക്കുന്നില്ലെന്ന് വിശദീകരിച്ചു. ഇതിന് പിന്നാലെയാണ് ഷൗക്കത്തിന് വേണ്ടിയുള്ള സിപിഎം വാദം.

ഫലസ്തീൻ അനുകൂല റാലിയുടെ പേരിൽ ഷൗക്കത്തിനെതിരെ നടപടി സിപിഎം ആയുധമാക്കിയിരിക്കെ, കരുതലോടെയാണ് കോൺഗ്രസ് നേതൃത്വവും നീങ്ങുന്നത്. അച്ചടക്കനടപടിയുടെ കാര്യത്തിൽ തുടക്കത്തിൽ കാണിച്ച ആവേശം നേതൃത്വത്തിന് ഇപ്പോൾ ഇല്ല. എല്ലാ വശങ്ങളും അച്ചടക്കസമിതി പരിശോധിക്കുമെന്നും സമിതിയുടെ തീരുമാനമാണ് അന്തിമമെന്നുമാണ് നേതൃത്വം വിശദീകരിക്കുന്നത്. ഷൗക്കത്തിൽ നിന്ന് ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കത്ത് കിട്ടിയാൽ അത് വച്ച് നടപടികൾ അവസാനിപ്പിക്കുന്നതും ആലോചനയിലുണ്ട്. സിപിഎം ഇടപെടലുകാരണമാണ് ഷൗക്കത്തിനെതിരെ നടപടി എടുക്കാത്തതെന്ന ചർച്ച ഉയർത്താനാണ് എകെ ബാലന്റെ പുതിയ പ്രതികരണം.

'ആര്യാടൻ ഷൗക്കത്തിനെതിരെ നടപടിയെടുത്താൽ കോൺഗ്രസ് വള പൊട്ടുന്നത് പോലെ പൊട്ടും. കോൺഗ്രസിനൊപ്പം യുഡിഎഫ് ഘടകകക്ഷികൾ ഇല്ല. ലീഗിന്റെ മനസ് എവിടെയാണെന്നും ശരീരം എവിടെയാണെന്നും കേരളം കണ്ടു. സിപിഎം ഐക്യദാർഡ്യ പരിപാടിയിൽ സാങ്കേതികമായി ഇല്ലെന്ന നിലപാട് മാത്രമാണ് കുഞ്ഞാലിക്കുട്ടിക്കുള്ളത്. അദ്ദേഹത്തെ പൂർണമായും പിന്തുണക്കുന്നു. ഷൗക്കത്തിനെതിരെ നടപടിയുണ്ടായാൽ ഇടതുപക്ഷം സംരക്ഷിക്കും. ഷൗക്കത്ത് മതനിരപേക്ഷത ഉയർത്തുന്ന നേതാവാണ്. ബിജെപിക്കൊപ്പമാണ് കോൺഗ്രസ് നിലപാട്. സുധാകരൻ ലീഗിനോട് മാപ്പു പറയുകയാണ് വേണ്ടത്. ഗവർണറുടെ പ്രസ്താവനയ്ക്കുള്ള ലീഗ് മറുപടി പോലും യുഡിഎഫ് നിലപാടല്ല. സുധാകരൻ മറുപടി പറയട്ടെ. ഷൗക്കത്തിന്റെ കാര്യത്തിൽ സിപിഎം ആണോ കോൺഗ്രസിൽ പ്രശ്നമുണ്ടാക്കിയത്?'. എ.കെ ബാലൻ ചോദിച്ചു.

പാർട്ടി വിലക്ക് ലംഘിച്ച് റാലി നടത്തിയ ആര്യാടൻ ഷൗക്കത്ത് പാർട്ടി അച്ചടക്കസമിതിക്ക് മുൻപാകെ ഖേദം പ്രകടിപ്പിക്കുമെന്നാണ് സൂചന. പാർട്ടിക്ക് തെറ്റിദ്ധാരണ ഉണ്ടായതിലാണ് ഖേദം പ്രകടിപ്പിക്കുക. റാലിയിൽ നിന്ന് പിന്മാറാൻ കഴിയാത്ത സാഹചര്യവും അദ്ദേഹം വിശദീകരിക്കും. ഷൗക്കത്തിനെതിരെ കടുത്ത അച്ചടക്കനടപടി എടുക്കേണ്ടെന്ന നിലപാടാണ് നിലവിൽ കോൺഗ്രസിനുള്ളത്. തികച്ചും വൈകാരികമായ ഫലസ്തീൻ വിഷയത്തിലെ റാലിയിൽ നിന്ന് പിന്നോട്ടുപോയിരുന്നെങ്കിൽ പാർട്ടിക്ക് തിരിച്ചടിയായേനെ എന്ന നിലപാടും ഷൗക്കത്ത് അച്ചടക്കസമിതിക്ക് മുൻപാകെ വിശദീകരിക്കും. സിപിഎമ്മുമായി സഹകരിക്കാൻ ഷൗക്കത്തിന് താൽപ്പര്യമില്ല.

കോൺഗ്രസ് നേതൃത്വത്തിന് തെറ്റിദ്ധാരണ ഉണ്ടായതിൽ നിർവ്യാജമായ ഖേദം പ്രകടിപ്പിച്ച് കത്തും നൽകുമെന്നാണ് വിവരം. ഷൗക്കത്ത് ഇന്ന് അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്താണ് യോഗം. ഷൗക്കത്തിനെതിരെ എന്ത് നടപടി വേണമെന്ന് അച്ചടക്ക സമിതിയാണ് നിർദ്ദേശിക്കുക. ഒരാഴ്‌ച്ചക്കകം റിപ്പോർട്ട് നൽകാനാണ് കെപിസിസിയുടെ നിർദ്ദേശം. കടുത്ത നടപടി എടുക്കണ്ടെന്ന നിലപാടാണ് നിലവിൽ കോൺഗ്രസിന്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതിനാൽ കരുതലോടെയാണ് ഇക്കാര്യത്തിൽ നേതൃത്വത്തിന്റെ നീക്കം.

അച്ചടക്കസമിതി തീരുമാനമെടുക്കും വരെ പാർട്ടി പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് ഷൗക്കത്തിന് നൽകിയ നിർദ്ദേശം. വിലക്ക് ലംഘിച്ച് ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചത് അച്ചടക്ക ലംഘനം തന്നെ എന്ന് വ്യക്തമാക്കി കെപിസിസി ഷൗക്കത്തിന് വീണ്ടും നോട്ടീസ് നൽകിയിരുന്നു. ഇതിനിടെയാണ് സിപിഎം രാഷ്ട്രീയ ചർച്ചകൾ തുടങ്ങിയത്. സിപിഎമ്മുമായി സഹകരിക്കേണ്ട സാഹചര്യമില്ലെന്ന് ഷൗക്കത്തും വ്യക്തമാക്കിയിട്ടുണ്ട്. അപ്പോഴും കോൺഗ്രസിലെ ഭിന്നത മുതലെടുക്കാനാണ് സിപിഎം നീക്കം.