- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആര്യാടൻ ഷൗക്കത്തിന് എതിരായ നടപടി ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലെ വിലക്കിൽ ഒതുങ്ങും; മലപ്പുറത്തെ പ്രതിസന്ധിക്ക് കാരണം അനിൽകുമാറിന്റെ കരുനീക്കങ്ങൾ; താക്കീതിൽ അച്ചടക്ക നടപടിയൊതുക്കാൻ കെപിസിസി; എ ഗ്രൂപ്പ് കടുത്ത രോഷത്തിൽ
മലപ്പുറം: ആര്യാടൻ ഷൗക്കത്തിന് എതിരായ നടപടി കോൺഗ്രസ് ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലെ വിലക്കിൽ ഒതുങ്ങും. കോൺഗ്രസ് ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ഷൗക്കത്ത് എത്തേണ്ടെന്ന് പാർട്ടി നിർദ്ദേശം നൽകി. അച്ചടക്ക സമിതി ശുപാർശയിൽ തീരുമാനം വരാത്തതുകൊണ്ടാണ് നിർദ്ദേശം. നേരത്തെ, പാർട്ടി അച്ചടക്കം ലംഘിച്ച് മലപ്പുറത്ത് റാലി നടത്തിയതിന് ഷൗക്കത്തിനെ പാർട്ടി പരിപാടികളിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. ഈ വിലക്കിനൊപ്പം താക്കീതിൽ പ്രശ്നം തീരും. ഇന്നാണ് റാലി. ശശി തരൂർ അടക്കമുള്ളവർ റാലിയിൽ പങ്കെടുക്കും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ അച്ചടക്കസമിതി സമർപ്പിച്ച റിപ്പോർട്ടിൽ കടുത്ത നടപടിക്ക് ശുപാർശയില്ല. എന്നാൽ ഷൗക്കത്തിനെതിരെ കെപിസിസി നടപടി എടുത്തില്ലെങ്കിൽ, മലപ്പുറത്തെ ഔദ്യോഗിക പക്ഷം നിലപാട് കടുപ്പിക്കുമെന്നാണ് സൂചന. എന്നാൽ ഇത് ഉന്നത നേതൃത്വം ഇടപെട്ട് മയപ്പെടുത്തും. അതിനുള്ള ശ്രമങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാകും. പ്രകോപനം ഒഴിവാക്കാൻ ആര്യാടനോടും ആവശ്യപ്പെടും. ആര്യാടൻ ഷൗക്കത്തിന്റേത് സമാന്തര സംഘടനാ പ്രവർത്തനമാണെന്നും പാർട്ടി വിരുദ്ധമെന്നും പ്രഖ്യാപിച്ച കെപിസിസിയാണ് ചർച്ചകളിലേക്ക് കടക്കുന്നത്. എ ഗ്രൂപ്പും ആര്യാടനെതിരായ നീക്കത്തിൽ പ്രതിഷേധത്തിലാണ്.
കടുത്ത അച്ചടക്ക നടപടികളൊന്നും വേണ്ടതില്ലെന്നാണ് നേതൃനിരയിലെ അഭിപ്രായം. വിശദമായ വാദം കേട്ട അച്ചടക്ക സമിതി കഴിഞ്ഞ ദിവസം സമർപ്പിച്ച റിപ്പോർട്ടിലും കടുത്ത നടപടികളൊന്നും ശുപാർശ ചെയ്യുന്നില്ല. ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി കഴിഞ്ഞ ശേഷം കെപിസിസി തീരുമാനം അറിയിക്കും. ഫലസ്തീൻ ഐക്യദാർഢ്യത്തിന്റെ പേരിൽ നടപടിയെടുത്താൽ ന്യൂനപക്ഷ വോട്ടുകളിൽ തിരിച്ചടിയുണ്ടാകുമെന്നാണ് കോൺഗ്രസിനുള്ളിലെ വികാരം. സിപിഎം അത് മുതലെടുക്കുകയും ചെയ്യും.
സമാന്തര സംഘടനാ പ്രവർത്തനം നടത്തിയശേഷം ഫലസ്തീൻ വിഷയത്തെ കൂട്ടിപിടിച്ച് കെപിസിസിയെ തന്നെ പ്രതിസന്ധിയിലാക്കാനാണ് ഷൗക്കത്ത് ശ്രമിക്കുന്നതെന്ന് മറുപക്ഷം ചൂണ്ടിക്കാട്ടുന്നു. ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ തുടർച്ചയായി നടത്തുന്ന സമാന്തര സംഘടനാപ്രവർത്തനം അവസാനിപ്പിക്കാൻ കെപിസിസി നടപടി എടുത്തില്ലെങ്കിൽ പ്രശ്നം ഗുരുതരമാകുമെന്ന മുന്നറിയിപ്പാണ് മലപ്പുറത്തെ വി എസ് ജോയി പക്ഷം നൽകുന്നത്. നിലമ്പൂരിൽ മത്സരിക്കാൻ സീറ്റു നിഷേധിച്ചപ്പോൾ സമവായമായി നൽകിയ ഡി.സി.സി പ്രസിഡന്റ് സ്ഥാനവും തട്ടിപ്പറിച്ചിട്ടും മതിവരാതെ പുതിയ നീക്കമെന്നാണ് എ ഗ്രൂപ്പിന്റെ വിലയിരുത്തൽ.
ആര്യാടനെ തഴഞ്ഞ് മലപ്പുറത്ത് കോൺഗ്രസിന്റെ അവസാനവാക്കാകാൻ അനിൽകുമാർ നടത്തിയ നീക്കങ്ങളാണ് ജില്ലയിലെ കോൺഗ്രസിൽ കലാപക്കൊടി ഉയർത്തിയത്. സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ കരുത്തിലാണ് അനിൽകുമാർ കരുനീക്കിയത്. നിലമ്പൂരിൽ നിയമസഭാ സീറ്റ് വി.വി പ്രകാശിന് നൽകിയപ്പോൾ ആര്യാടൻ ഷൗക്കത്തിന് ഡി.സി.സി പ്രസിഡന്റ് സ്ഥാനമെന്ന സമവായ ഫോർമുല എ.ഐ.സി.സിയുടെ അനുമതിയോടെ നടപ്പാക്കാൻ തീരുമാനിച്ചു. ആര്യാടന് പകരം രണ്ടാം ആര്യാടൻ വരുന്നതിൽ മുസ്ലിം ലീഗ് ഇടഞ്ഞതോടെ ആര്യാടൻ ഷൗക്കത്തിന്റെ ഡി.സി.സി പ്രസിഡന്റ് സ്ഥാനം ത്രിശങ്കുവിലായി. ഒടുവിൽ എ.കെ ആന്റണി കടുത്ത നിലപാടെടുത്തതോടെയാണ് ആര്യാടൻ ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കിയത്. പിന്നീട് അത് നഷ്ടമായി.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ജില്ലയിൽ ഉടനീളം ഓടിനടന്ന് പ്രവർത്തിച്ച് ആവേശം വിതറിയ ആര്യാടൻ ഷൗക്കത്തിനെ വോട്ടെടുപ്പ് കഴിഞ്ഞതോടെ 20 ദിവസം കൊണ്ടുതന്നെ മാറ്റി പകരം വി.വി പ്രകാശിനെ ഡി.സി.സി പ്രസിഡന്റാക്കി. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കടുത്ത അതൃപ്തിയറിയിച്ചെങ്കിലും ഡി.സി.സി പുനഃസംഘടനയിൽ ആര്യാടൻ ഷൗക്കത്ത് തന്നെ എന്ന ഉറപ്പ് നേതൃത്വം വീണ്ടും നൽകി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഹൃദയാഘാതത്തെ തുടർന്ന് വി.വി പ്രകാശ് മരണപ്പെട്ടതോടെ വീണ്ടും ആര്യാടൻ ഷൗക്കത്തിനെ വെട്ടി എ ഗ്രൂപ്പ് വിട്ട് എ.പി അനിൽകുമാറിനൊപ്പം പോയ ഇ. മുഹമ്മദ്കുഞ്ഞിയെ താൽക്കാലിക പ്രസിഡന്റാക്കി. യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി അജയ്മോഹന്റെ നേതൃത്വത്തിൽ ഐ ഗ്രൂപ്പിൽ എ.പി അനിൽകുമാറിനെതിരെയുള്ള വിഭാഗവും ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്യാടൻ ഷൗക്കത്തിനെയാണ് പിന്തുണച്ചത്.
എന്നാൽ ആര്യാടൻ ഷൗക്കത്തിനെ വെട്ടാൻ പ്രായംകുറഞ്ഞ ഡി.സി.സി പ്രസിഡന്റെന്ന പേരിൽ എ ഗ്രൂപ്പിൽ നിന്നും വി എസ് ജോയിയെ അടർത്തിയെടുത്ത് ഡി.സി.സി പ്രസിഡന്റാക്കുകയായിരുന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റായശേഷം യൂത്ത്കോൺഗ്രസിൽ പ്രവർത്തിക്കാതെയാണ് ജോയി കെപിസിസി ജനറൽ സെക്രട്ടറിയായത്. പിന്നാലെ മലപ്പുറത്തെ ഗ്രൂപ്പ് പ്രശ്നം രൂക്ഷമായി. ആര്യാടൻ മുഹമ്മദിന്റെ പേരിലുള്ള ഫൗണ്ടേഷനിലൂടെ മകൻ സംഘടനാ പ്രവർത്തനം തുടർന്നുവെന്നതാണ് വസ്തുത.
കെ.കരുണാകരൻ പ്രതാപശാലിയായ മുഖ്യമന്ത്രിയായിരുന്ന കാലത്തും എംപി ഗംഗാധരനും പി.ടി മോഹനകൃഷ്ണനും ടി.കെ ഹംസയുമടക്കമുള്ളവർ ഐ ഗ്രൂപ്പിൽ അണിനിരന്നിട്ടും കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ ആര്യാടനനും എ ഗ്രൂപ്പിനുമൊപ്പം അടിയുറച്ചുനിന്ന ജില്ലയാണ് മലപ്പുറം.
മറുനാടന് മലയാളി ബ്യൂറോ