കോഴിക്കോട്: സിപിഎമ്മിലേക്കില്ലെന്നു, മരിക്കുമ്പോൾ കോൺഗ്രസ് പതാക പുതച്ച് കിടക്കണമെന്നാണ് ആഗ്രഹമെന്നും പറഞ്ഞ് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത. പിതാവ് ആര്യാടൻ മുഹമ്മദ് ആശുപത്രിക്കിടക്കയിൽ വെച്ച് തന്നോടൊരു ആവശ്യം ഉന്നയിച്ചിരുന്നു. മൃതശരീരത്തിൽ കോൺഗ്രസിന്റെ പതാക പുതപ്പിക്കാൻ മറക്കരുതെന്ന്. അതൊരു ഒസ്യത്തായി, എന്റെ പിതാവിന്റെ അവസാന വാക്കായി ഏറ്റെടുത്തയാളാണ് ഞാൻ. തന്റെ ജീവിതത്തിലും അത് പകർത്തണം എന്ന് ആഗ്രഹിക്കുന്നയാളുമാണ് -ആര്യാടൻ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.

'കോഴിക്കോട് ശനിയാഴ്ച നടന്ന സിപിഎം റാലിയിൽ തന്നെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പി. മോഹനൻ മാസ്റ്ററും പറഞ്ഞത് അവരവരുടെ വീക്ഷണങ്ങളാണ്. അവർ എന്തുപറയണമെന്ന് തീരുമാനിക്കേണ്ടത് അവരാണ്. അവരെന്തു പറയണമെന്ന് തീരുമാനിക്കാൻ എനിക്കാവില്ല. കോൺഗ്രസ് പാർട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നയാൾ എന്നനിലയിൽ ഇതാണ് അതിനോടുള്ള തന്റെ പ്രതികരണം.

കോൺഗ്രസ് ഫലസ്തീൻ ഐക്യദാർഢ്യറാലി നടത്താൻ വൈകിയെന്ന അഭിപ്രായം തനിക്കില്ല. മലപ്പുറത്ത് നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യറാലിയുമായി ബന്ധപ്പെട്ടുണ്ടായ കാര്യങ്ങൾ അച്ചടക്കസമിതിയിൽ വിശദീകരിച്ചിട്ടുണ്ട്. നല്ലരീതിയിൽതന്നെ വിശദീകരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം. ഫലസ്തീൻ വിഷയം വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടി ഉപയോഗിക്കരുതെന്നാണ് തന്റെ നിലപാട്.

ഫലസ്തീനെ പിന്തുണച്ചുകൊണ്ട് എത്ര റാലികൾ നടത്താൻ കഴിയുമോ അത്രയും റാലികൾ നടത്തണം. പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പാർട്ടിക്കകത്ത് പറയും. ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ട്. കോൺഗ്രസ് റാലിക്ക് ശശി തരൂരിനെ വിളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നേതൃത്വമാണ് -അദ്ദേഹം പറഞ്ഞു.

മലപ്പുറത്തെ സംഘടനാ തിരഞ്ഞെടുപ്പ് വിഷയത്തിലും ശേഷം ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലുമടക്കം ചർച്ച ചെയ്യപ്പെട്ട പേരും ഷൗക്കത്തിന്റേതായിരുന്നു. നേതൃത്വം നൽകിയ നിർദ്ദേശം ലംഘിച്ച് ഫലസ്തീൻ റാലി നടത്തിയതാണ് ഏറെ വിവാദമായത്. ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ മലപ്പുറത്ത് സംഘടിപ്പിച്ച റാലി കോൺഗ്രസ് നേതൃത്വത്തിന് ക്ഷീണമായിരുന്നു. പാടില്ല എന്ന് പറഞ്ഞിട്ടും നടത്തിയതാണ് നേതൃത്വത്തിന് വെല്ലുവിളിയായത്. പാർട്ടി നിർദ്ദേശം അംഗീകരിക്കാതെ ഒരാൾ പരസ്യമായി പ്രവർത്തിക്കുന്നോ എന്ന ചോദ്യവും ഉയർന്നു. എന്നാൽ പാർട്ടി നയത്തിന് വിരുദ്ധമായി താനൊന്നും ചെയ്തില്ലെന്നാണ് ഷൗക്കത്തിന്റെ നിലപാട്.

തുടർന്നാണ് കോൺഗ്രസ് നേതൃത്വം ഷൗക്കത്തിന് നോട്ടീസ് നൽകിയത്. ഇതിന് അദ്ദേഹം മറുപടി നൽകി. എന്നാൽ റാലി നടത്തിയ ശേഷം വീണ്ടും കെപിസിസി നേതൃത്വം നോട്ടീസ് നൽകി. ഇതിനും ആര്യാടൻ ഷൗക്കത്ത് മറുപടി നൽകി. വിഷയം തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ അച്ചടക്ക സമിതി മുമ്പാകെ എത്തുകയും സമിതിക്ക് മുമ്പാകെ ഹാജരായി ഷൗക്കത്ത് മറുപടിയും നൽകുകയും ചെയ്തു.

അതിനിടെ എകെ ബാലൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ നടത്തിയ പ്രതികരണമാണ് വിഷയത്തിന് മറ്റൊരു ദിശ നൽകിയത്. ഫലസ്തീൻ വിഷയത്തിന്റെ പേരിൽ ഷൗക്കത്തിനെതിരെ കോൺഗ്രസ് നടപടിയെടുത്താൽ തങ്ങൾ സംരക്ഷിക്കുമെന്നായിരുന്നു പ്രതികരണം. ഇതോടെ ചർച്ചയുടെ വ്യാപ്തി വർധിച്ചു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ഷൗക്കത്ത് മൽസരിച്ചേക്കുമെന്നും പ്രചാരണമുണ്ടായി.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ സിപിഎം പിന്തുണയിൽ ആര്യാടൻ ഷൗക്കത്ത് മൽസരിക്കുമെന്നായിരുന്നു പ്രചാരണം. സിപിഎം പുതിയ ഓഫറുമായി ഷൗക്കത്തിനെ സമീപിച്ചുവെന്നും പ്രചാരണമുണ്ടായി. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ആര്യാടൻ ഷൗക്കത്ത് തന്നെ മറുപടി നൽകിയിരിക്കുകയാണിപ്പോൾ.