- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ശിവൻകുട്ടിയെ തല്ലി വീഴ്ത്തി ബോധം കെടുത്തി; വനിതാ എംഎൽഎമാരെ കടന്നുപിടിച്ചു; പലരേയും ആക്രമിച്ചു; നിയമസഭയിലെ കയ്യാങ്കളി അന്നത്തെ ഭരണക്കാർ നടത്തിയത്'; വീഡിയോ ദൃശ്യങ്ങളടക്കം തെളിവായുള്ള കേസിൽ വിചിത്രവാദവുമായി ഇ.പി ജയരാജൻ
കണ്ണൂർ: ബജറ്റ് അവതരണത്തിനിടെ നിയമസഭയിൽ അരങ്ങേറിയ കയ്യാങ്കളി അന്നത്തെ ഭരണക്കാർ ആസൂത്രിതമായി തയ്യാറാക്കിയതെന്ന വിചിത്രവാദവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. സംഘർഷം തുടങ്ങിയത് യുഡിഎഫാണെന്നും എൽഡിഎഫ് അംഗങ്ങൾക്ക് നേരെ ശക്തമായ ആക്രമണമുണ്ടായെന്നുമാണ് വീഡിയോ ദൃശ്യങ്ങളടക്കം തെളിവായുള്ള കേസിൽ ഇ.പി ജയരാജൻ ഉയർത്തുന്ന വിചിത്ര വാദം.
ആസൂത്രിതമായി പ്ലാൻ തയ്യാറാക്കിയാണ് യുഡിഎഫ് എത്തിയതെന്ന് ഇപി ജയരാജൻ ആരോപിച്ചു. പ്രതിപക്ഷം സമാധാനപരമായി മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് ഭരണപക്ഷത്തിൽ നിന്നും പ്രകോപനപരമായ രീതിയിൽ അധിക്ഷേപിക്കുന്ന പരാമർശങ്ങളുണ്ടായത്. ഇതോടെ പ്രതിഷേധമുണ്ടായി. പ്രതിപക്ഷത്തെ മസിൽ പവറോടെ നേരിടുകയാണ് യുഡിഎഫ് അംഗങ്ങൾ ചെയ്തത്. കയ്യാങ്കളി ആരംഭിച്ചത് യുഡിഎഫാണ്.
ഇന്നത്തെ മന്ത്രി ശിവൻകുട്ടിയെ തല്ലിബോധം കെടുത്തി. പലരേയും ആക്രമിച്ചു. വനിതാ എംഎൽഎമാരെ കടന്നുപിടിച്ചു. യുഡിഎഫ് സർക്കാർ അവരുടെ അംഗങ്ങൾ ആക്രമിക്കുന്ന കയ്യേറ്റം ചെയ്യുന്ന വീഡിയോ പറത്ത് വരാതിരിക്കാൻ നീക്കം നടത്തിയെന്നും ജയരാജൻ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ഭരണപക്ഷത്തുനിന്നും ഉണ്ടായ പ്രകോപനത്തെ പ്രതിരോധിക്കുക മാത്രമാണ് എൽഡിഎഫ് എംഎൽഎമാർ ചെയ്തത്. ആദ്യഘട്ടത്തിൽ സ്പീക്കറുടെ ചേമ്പറിന് സമീപത്തിരുന്ന് പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. വനിതാ എംഎൽഎ മാരെ പരിഹസിക്കാൻ തുടങ്ങിയപ്പോഴുണ്ടായ എൽഡിഎഫിന്റെ ഭാഗത്തുനിന്നുണ്ടായ സ്വഭാവികമായ പ്രതിഷേധത്തെ യുഡിഎഫ് എംഎൽഎമാർ മസിൽപവർ കൊണ്ട് നേരിടുകയായിരുന്നെന്ന് ജയരാജൻ പറഞ്ഞു.
ബജറ്റ് അവതരിപ്പിക്കാൻ കഴിയാതെ വന്നതോടെ യുഡിഎഫ് എംഎൽഎമാർ കയ്യാങ്കളി ആരംഭിച്ചു. ശിവൻകുട്ടി എംഎൽഎയെ തല്ലി ബോധം കെടുത്തിയിട്ട് പലരെയും അതിക്രമിച്ചു. വനിതാ എംഎൽഎമാരെ കടന്നുപിടിച്ചു. അവരുടെ തലയിലും അവിടെയും ഇവിടെയുമെല്ലാം പിടിച്ചു. വനിതാ എംഎൽഎമാർക്ക് രക്ഷപ്പെടാൻ ഒരു യുഡിഎഫ് എംഎൽഎയുടെ കൈയിൽ കടിക്കേണ്ടിവന്ന സാഹചര്യമുണ്ടായെന്നും ജയരാജൻ പറഞ്ഞു.
നിയമസഭ ചിത്രീകരിക്കുന്ന ടിവിയിൽ നിന്ന് യുഡിഎഫുകാരുടെ അക്രമണങ്ങൾ റിമൂവ് ചെയ്തു. എന്നിട്ട് ഒരു വിഭാഗത്തിന്റെതുമാത്രം പുറത്തുവിട്ടു. അന്ന് യുഡിഎഫ് എംഎൽഎമാരും ഡയസിൽ കയറി അതിക്രമം നടത്തി. എന്നാൽ ഇടതുപക്ഷ എംഎൽഎമാർക്ക് നേരെ കേസ് എടുക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അത് തീർത്തും എകപക്ഷീയമായിരുന്നെന്നും ജയരാജൻ പറഞ്ഞു. 26ന് കേസ് കോടതി പരിഗണിക്കുമ്പോൾ ആരോഗ്യനില അനുവദിക്കുമെങ്കിൽ ഹാജരാകുമെന്നും ജയരാജൻ പറഞ്ഞു.
അതേ സമയം, നിയമസഭാ കയ്യാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ കുറ്റം നിഷേധിച്ചുരുന്നു. തിരുവനന്തപുരം സിജെഎം കോടതിയിൽ ഹാജരായ പ്രതികൾ കുറ്റപത്രം വായിച്ച് കേട്ട ശേഷമാണ് കുറ്റം നിഷേധിച്ചത്. ഇപി ജയരാജൻ അസുഖം കാരണം ഹാജരാകാനാകില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതേസമയം, അന്വേഷണ സംഘം ഹാജരാക്കിയ ദൃശ്യങ്ങൾ 10 ദിവസത്തിനകം പ്രതിഭാഗത്തിന് നൽകാൻ കോടതി നിർദ്ദേശിച്ചു. കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഇ പി ജയരാജൻ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. കേസ് ഈ മാസം 26 ന് വീണ്ടും പരിഗണിക്കും. വിചാരണ തീയതി ഉൾപ്പെടെ ഉള്ള കാര്യങ്ങൾ അന്ന് തീരുമാനിക്കും.
2015 മാർച്ച് 13ന് ബാർ കോഴക്കേസിൽ പ്രതിയായ കെ എം മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത്. വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ എംഎൽഎ, കെ അജിത്, സി കെ സദാശിവൻ, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികൾ. അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ച് കയറൽ, നാശനഷ്ടങ്ങൾ വരുത്തൽ എന്നീ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
സംഘർഷത്തിനിടെ 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. വിചാരണ നടപടി സ്റ്റേ ചെയ്യണമെന്ന വി ശിവൻകുട്ടിയുടെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. കേസ് പിൻവലിക്കാനായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെവരെ സമീപിച്ചിരുന്നുവെങ്കിലും തിരിച്ചടി നേരിട്ടിരുന്നു. വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന് പ്രതികളുടെ ആവശ്യം കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി തള്ളിയത്.
വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന വാദവും കോടതി അംഗീകരിച്ചില്ല. ഹൈക്കോടതിയിലെ വിടുതൽ ഹർജിയിൽ വിധി വരുന്നത് വരെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ശിവൻകുട്ടി അടക്കമുള്ളവർ വാദിച്ചത്. സാങ്കേതികവാദങ്ങളുയർത്തി വിചാരണ നടപടികളിൽ നിന്ന് ഒഴിഞ്ഞുമാറരുതെന്ന് കുറ്റപത്രം വായിച്ച് കേൾക്കുന്നതടക്കമുള്ള നടപടികൾക്കായി ഹാജരാകണമെന്നുമായിരുന്നു കോടതിയുടെ നിലപാട്.
കഴിഞ്ഞ വർഷം നവംബറിലാണ് വിടുതൽ ഹർജിയുമായി കേസിലെ പ്രതികളായ വി ശിവൻകുട്ടി, ഇപി ജയരാജൻ, കെ അജിത്, അടക്കം ആറ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. വിടുതൽ ഹർജിയിൽ ഹൈക്കോടതി ഈ മാസം 26 ന് വിശദമായ വാദം കേൾക്കും. കേസിൽ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ആരോപണങ്ങൾക്ക് തെളിവില്ലെന്നുമടക്കമുള്ള വാദങ്ങളാണ് നേതാക്കൾ നിരത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ