- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫെഫ്കാ ജനറൽ സെക്രട്ടറിയുടേത് സിപിഎം വിമർശനം; സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ച
കൊച്ചി: എല്ലാവർക്കും എല്ലാം മനസ്സിലായി... എന്നാൽ മനസ്സിലാകേണ്ടവർക്ക് ഒന്നും മനസ്സിലാകുന്നുമില്ല. വമ്പൻ തോൽവിയിലും ന്യായീകരണം പറയുന്നവരെ അമ്പരപ്പിച്ച് ഇതാണ് ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റ്. ഇടതുപക്ഷ സഹയാത്രികനായ സിനിമാ സംവിധായകൻ ബി ഉണ്ണികൃഷ്ണനാണ് നിലപാട് വിശദീകരിക്കുന്നത്. അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. നടൻ സിദ്ദിഖ് അടക്കം ഉണ്ണികൃഷ്ണന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
തിരുത്തലുകൾ.. തിരുത്തലുകൾ ഒരിക്കലും അവസാനിക്കുന്നില്ല....അവ തിരുത്തലുകളെത്തന്നെ തിരുത്തിക്കൊണ്ടേയിരിക്കുന്നു.....എന്നാൽ, ചില തിരുത്തലുകളുണ്ട്- അവ, ആരംഭിക്കുന്നതുപോലുമില്ല.-ഇതാണ് ഉണ്ണിക്കൃഷ്ണൻ ബിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. സിനിമാ മേഖലയിലെ തൊഴിലാളി സംഘടനയായ ഫെഫ്കയുടെ ജനറൽ സെക്രട്ടറിയാണ് ഉണ്ണിക്കൃഷ്ണൻ. മലയാള സിനിമയിലെ എല്ലാ പേരിലും പിന്തുണയുള്ള വ്യക്തി. ഇടതുപക്ഷ സഹയാത്രികൻ. എന്തുകൊണ്ടും ഏവരും കമ്യൂണിസ്റ്റ് പട്ടികയിൽ ചേർക്കുന്ന ഉണ്ണികൃഷ്ണനാണ് ആരുടേയും പേരു പറയാതെ ഇങ്ങനൊരു പോസ്റ്റിടുന്നത്. കേരളത്തിലെ സിപിഎമ്മിന്റെ തോൽവിയിലുള്ള പ്രതികരണമാണ് ഉണ്ണിക്കൃഷ്ണൻ നടത്തുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടു കുറവാണ് ഇടതുപക്ഷത്തിനുണ്ടായത്. എന്നാൽ അതിനേയും ന്യായീകരിക്കാനും നഷ്ടമുണ്ടായത് യുഡിഎഫിനാണെന്നും വരുത്താനുള്ള ശ്രമങ്ങൾ ചില കേന്ദ്രങ്ങൾ നടത്തുന്നു. 2019ലും സിപിഎമ്മിന് ഒരു സീറ്റേ ഉണ്ടായുള്ളൂ. അത് ഇത്തവണയുമുണ്ട്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ് തൃശൂർ. അവിടെ വിജയിച്ചത് ബിജെപിയുടെ സുരേഷ് ഗോപിയും. അതുകൊണ്ട് തന്നെ നഷ്ടമുണ്ടായത് യുഡിഎഫിനാണെന്നാണ് സിപിഎം സൈബർ സഖാക്കൾ വിശദീകരിക്കുന്നത്. ഇതിനിടെയാണ് ബി ഉണ്ണികൃഷ്ണന്റെ അഭിപ്രായ പ്രകടനം.
ഉണ്ണികൃഷ്ണന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന് താഴെ ശ്രദ്ധേയമായ കമന്റുകളുമുണ്ട്. പോരാളി ഷാജി നോക്കി വച്ചിട്ടുണ്ടെന്നാണ് അതിലൊന്ന്. ശരിക്കും പിണറായികിട്ട് താങ്ങിയതാണ് അല്ലേ? തെറ്റുകൾ സംഭവിക്കുമ്പോൾ തിരുത്തുന്നതാണ് നല്ലത് അത് നല്ല മനുഷ്യന്റെ സ്വഭാവമാണ് ? ഏകാധിപതിയായി പോകുമ്പോൾ തിരുത്തലുകൾ കാണില്ല? ഏകാധിപതിയെ ഒരാൾ തിരുത്തിയാൽ അയാൾ ചരിത്രമാകും പക്ഷേ ചരിത്രമാകാൻ ആരുമില്ല.. അതാണ് നിലവിലെ കേരള സർക്കാരിന്റെ സ്ഥിതി എല്ലാവർക്കും ഭയമാണ് ആ ഭയം എന്ന് മാറുന്നു അന്ന് ഉണ്ടാവും-ഇതാണ് മറ്റൊരു കമന്റ്. ഇത് ഇടതു പക്ഷത്തെ ഉദ്ദേശിച്ചാണ്. ഇടതുപക്ഷ ത്തെ മാത്രം ഉദ്ദേശിച്ചാണ്.... എല്ലായിടത്തും തിരുത്തലുകൾ അനിവാര്യം -ഇങ്ങനേയും കമന്റുകളെത്തുന്നു.
ഇടതുപക്ഷ സഹയാത്രികനെങ്കിലും പരസ്യ രാഷ്ട്രീയ നിരീക്ഷണങ്ങൾ ബി ഉണ്ണിക്കൃഷ്ണൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറില്ല. സിനിമാ മേഖലയിലെ പ്രശ്‌നങ്ങളിൽ മാത്രമാണ് പ്രതകരിക്കാറുള്ളത്. അത്തരത്തിലൊരു വ്യക്തിയാണ് സിപിഎമ്മിൽ തിരുത്തലുകൾ അനിവാര്യമാണെന്ന് പരോക്ഷ സൂചന നൽകുന്നത്. ഇത് സിപിഎമ്മിനേയും ഞെട്ടിച്ചിട്ടുണ്ട്. ഇടതു പക്ഷ സഹയാത്രികർക്കും പോലും പാർട്ടിയുടെ പോക്കിൽ ആശങ്കയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഉണ്ണികൃഷ്ണന്റെ പോസ്റ്റ്. തോൽവിയെത്തുടർന്ന് സിപിഎമ്മിലും എൽഡിഎഫിലും ഉയർന്ന മുറവിളിക്കു മറുപടിയായി. സർക്കാരിന്റെ മുഖം മിനുക്കുമെന്നു മുഖ്യമന്ത്രിയും പാർട്ടിയിൽ തിരുത്തൽ ഉണ്ടാകുമെന്നു സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദനും വ്യക്തമാക്കിയതോടെ വിശദപരിശോധനയ്ക്കായി 16 മുതൽ 5 ദിവസത്തെ നേതൃയോഗം സിപിഎം വിളിച്ചിട്ടുണ്ട്. സിപിഐ നിർവാഹകസമിതി 10നും ചേരും.
സർക്കാരിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും മുഖ്യമന്ത്രിയുടെ ശൈലി മാറുകയും വേണമെന്ന വികാരം പാർട്ടിയിലും മറ്റു കക്ഷികളിലും ശക്തമാണ്. സർക്കാരിന്റെ പ്രവർത്തനം സിപിഎം സംസ്ഥാന കമ്മിറ്റി 2 തവണ വിലയിരുത്തിയപ്പോഴും മന്ത്രിമാർക്കെതിരെ വിമർശനം ഉയർന്നിരുന്നു. സിപിഐ നേതൃയോഗങ്ങളിൽ അതു മുഖ്യമന്ത്രിക്കെതിരെ തന്നെയായി. ഈ വ്യാപക അതൃപ്തി കണക്കിലെടുത്താണു തിരുത്തലിനു തയ്യാറെന്ന സൂചന മുഖ്യമന്ത്രി തന്നെ നൽകിയത്. കേന്ദ്രനേതൃത്വത്തിന്റെ അഭിപ്രായവും പരിഗണിച്ചേക്കും.
തുടർച്ചയായി 4 സീറ്റും തോറ്റതിന്റെ നിരാശയിലും രോഷത്തിലുമാണ് സിപിഐ. എൽഡിഎഫിനു കിട്ടി വന്ന വോട്ടുകൾ ചിലയിടത്ത് ബിജെപിക്കു പോയത് ആസൂത്രിതമാണോ എന്ന സംശയം പോലും സിപിഐ നേതാക്കൾക്കുണ്ട്. ആഭ്യന്തരവകുപ്പിന്റെ പ്രവർത്തനത്തിലെ അസംതൃപ്തി ആർജെഡി സംസ്ഥാന പ്രസിഡന്റ് എം വിശ്രേയാംസ്‌കുമാർ പരസ്യമാക്കി.ജനങ്ങൾക്കു സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് സിപിഐ നേതാവ് സി ദിവാകരൻ തുറന്നടിച്ചു.