പത്തനംതിട്ട: പത്തനംതിട്ട ഡിസിസി മുൻ അധ്യക്ഷനും ഡിസിസി മുൻ ജനറൽ സെക്രട്ടറിയും നവകേരള സദസിൽ എത്തുമ്പോൾ സിപിഎമ്മിന് ആഹ്ലാദം. പത്തനംതിട്ട ഡിസിസി മുൻ അധ്യക്ഷൻ ബാബു ജോർജും ഡിസിസി മുൻ ജനറൽ സെക്രട്ടറി സജി ചാക്കോയുമാണ് നവകേരള സദസിൽ പങ്കെടുത്തത്. നവകേരള സദസ് പത്തനംതിട്ട ജില്ലയിൽ എത്തിയപ്പോൾ മുഖ്യമന്ത്രിക്കൊപ്പം പ്രഭാതയോഗത്തിൽ പങ്കെടുക്കാനാണ് ഇരുവരും എത്തിയത്. ഇവർ സിപിഎമ്മിൽ ചേരുമെന്നാണ് സൂചന. ഇരുവരെയും സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി അറിയിച്ചു.

ഇരുവരും സംഘടനാവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ കോൺഗ്രസിൽ നിന്ന് നടപടി നേരിട്ടവരാണ്. ഡിസിസി യോഗം നടക്കുന്നതിനിടെ വാക്കേറ്റം നടത്തിയെന്നും ഓഫീസിന്റെ കതക് ചവിട്ടിത്തുറന്നുവെന്നും ആരോപിച്ചായിരുന്നു ബാബു ജോർജിനെതിരെ കെപിസിസി നടപടി സ്വീകരിച്ചത്. ജില്ലയിലെ എ വിഭാഗത്തെ നയിച്ചിരുന്ന ബാബു ജോർജ് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായിരുന്നു. നവകേരള സദസ്സിൽ കൂടുതൽ മറ്റു പാർട്ടിക്കാരെ എത്തിക്കാൻ സിപിഎം ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് പത്തനംതിട്ടയിലെ നേതാക്കളുടെ വരവ്.

മല്ലപ്പള്ളി കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സജി ചാക്കോയ്ക്ക് എതിരെ കോൺഗ്രസ് നടപടി സ്വീകരിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടക്കുന്നതിനിടെ നടപടി നേരിട്ട മുതിർന്ന നേതാക്കളെ തിരികെ എത്തിക്കാൻ എ ഗ്രൂപ്പ് നീക്കം നടത്തുന്നതിനിടെയാണ് ഇരുവരും നവകേരള സദസിൽ പങ്കെടുത്തത്. ഇതോടെ കോൺഗ്രസിലേക്ക് ഇല്ലെന്ന സൂചനയാണ് ഇവർ നൽകുന്നത്. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ മുന്നേറ്റമുണ്ടാക്കാൻ ശ്രമിക്കുന്ന സിപിഎമ്മിന് ഈ നേതാക്കളുടെ വരവ് പ്രതീക്ഷയാണ്.

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ജനകീയ സദസ് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആണ് വരുന്നതെന്ന് ബാബു ജോർജ് പ്രതികരിച്ചു. 'അതിനെ ഒരു ആർഭാടമായി കാണേണ്ടതില്ല. പാർട്ടിയിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. എന്റെ നിലപാട് ഇപ്പോൾ ജനകീയ സദസിന് അനുകൂലമാണ്. ബാക്കി കാര്യങ്ങൾ ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തീരുമാനിക്കും. ഒട്ടേറെ കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസിന്റെ പ്രവർത്തനത്തിൽ വിയോജിക്കുന്നു.' - ബാബു ജോർജ് പറഞ്ഞു.

പത്തനംതിട്ടയിലെ നവകേരള സദസിൽ രാവിലെ 9ന് ക്ഷണിക്കപ്പെട്ട വ്യക്തികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും പത്തനംതിട്ട ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ, കൂടിക്കാഴ്ചയിൽ പങ്കെടുത്തില്ല. ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സംസ്‌കാര ചടങ്ങിൽ സർക്കാർ പ്രതിനിധികൾ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട ഭിന്നതകളാണ് കാരണം.