- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ് പുറത്താക്കിയ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ സിപിഎമ്മിലേക്ക്
പത്തനംതിട്ട: ഡിസിസി മുൻ പ്രസിഡന്റും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ബാബു ജോർജും മുൻ ഡിസിസി ജനറൽ സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഡോ. സജി ചാക്കോയും സിപിഎമ്മിൽ ചേരും. 16 ന് വൈകിട്ട് നാലിന് പത്തനംതിട്ടയിൽ നടക്കുന്ന യോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇവർക്ക് അംഗത്വം നൽകും. കോൺഗ്രസ് നേതൃത്വത്തിനെതിരേ ഇരുവരും രൂക്ഷമായ വിമർശനമാണ് ഉയർത്തുന്നത്. പാർട്ടിക്കുള്ളിൽ ഒരു രണ്ടാം നിരയെ വാർത്തെടുക്കാൻ നേതാക്കൾ സമ്മതിക്കില്ല. ഉമ്മൻ ചാണ്ടി മരിച്ചു കഴിഞ്ഞപ്പോൾ കോൺഗ്രസിനെ നയിക്കാൻ ആരുമില്ല. എന്നാൽ സിപിഎമ്മിന് ശക്തമായ കേഡർ സംവിധാനമുണ്ട്. ഒരു നേതാവിനെ ആശ്രയിച്ചല്ല പാർട്ടി മുന്നോട്ട് പോകുന്നത്. അവിടെ നേതാക്കളുടെ നീണ്ട നിര തന്നെയുണ്ട്. കോൺഗ്രസിൽ ഒരാൾ ഒരു സീറ്റിൽ വിജയിച്ചാൽ പിന്നെ അത് അവരുടെ കുത്തകയാണ്. അവർ മരിച്ചാൽ മക്കൾക്കാകും സീറ്റ് ലഭിക്കുക. മറ്റുള്ളവർ വിറകുവെട്ടികളും വെള്ളംകോരികളുമാക്കി അവിടെ തളച്ചിടും.
പിരിച്ചെടുക്കുന്ന പണം ധൂർത്തടിക്കുന്ന ജോലിയാണ് കെപിസിസി പ്രസിഡന്റിന്. ട്രഷറർ ആയിരുന്ന പ്രതാപചന്ദ്രൻ മരിക്കാൻ കാരണം പ്രസിഡന്റിന്റെയും ചില നേതാക്കളുടെയും ധൂർത്താണ്. പത്തനംതിട്ടയിൽ ആന്റോ ആന്റണി തോൽക്കുമെന്ന് നേതാക്കൾ ഉറപ്പിച്ചു പറഞ്ഞു. ഈ പാർട്ടിയിൽ പ്രതികരിക്കുന്നവരെ വേണ്ട. തൃശൂർ സമ്മേളനത്തിൽ കെ.സി വേണുഗോപാലിന്റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിക്കുന്നത് കണ്ടു. നാണം കെട്ട പരിപാടിയല്ലേ എന്നും നേതാക്കൾ ചോദിച്ചു.
കേരളത്തിൽ മതന്യൂനപക്ഷങ്ങളെ രക്ഷിക്കാൻ സിപിഎമ്മിന് മാത്രമേ കഴിയൂ. കോൺഗ്രസ് പാർട്ടി വിടാൻ കാരണമായത് പാർട്ടി നേതൃത്വം എടുത്ത നിലപാടുകളാണ്. പാർട്ടി വേദികളിൽ ഞങ്ങൾ പറയുന്ന അഭിപ്രായം ഇപ്പോഴത്തെ നേതൃത്വം അംഗീകരിക്കില്ല. കോൺഗ്രസ് ദേശീയ തലത്തിൽ നിലനിൽക്കേണ്ടത് അത്യാവശ്യമാണ് എന്നും നേതാക്കൾ പറഞ്ഞു. ബാബു ജോർജിനെയും സജി ചാക്കോയെയും കോൺഗ്രസിൽ നിന്ന് പുറത്താക്കിയതാണ്. ഡിസിസി നേതൃത്വത്തിനും പി.ജെ കുര്യനുമെതിരെ പരസ്യപ്രസ്താവന നടത്തിയതിനാണ് നടപടിയെടുത്തത്.
പത്തനംതിട്ടയിൽ നടന്ന നവകരളസദസിൽ ഇരുവരും പങ്കെടുത്തിരുന്നു. ഇതോടെ ഇരുവരും സിപിഎമ്മിൽ ചേരുമെന്ന് ഉറപ്പായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലുടെ ബാബുജോർജ് ഡിസിസി നേതൃത്വത്തിനും ആന്റോ ആന്റണി എംപിക്കുമെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്.ആന്റോ ആന്റണി ഇനി തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ അദ്ദേഹത്തെ പരാജയപ്പെടുത്താൻ ഏതറ്റംവരെയും പോകുമെന്നാണ് ബാബു ജോർജ് പറയുന്നത്. ജില്ലയിൽ സി. പി. എമ്മിൽ ചേരുന്ന രണ്ടാമത്തെ ഡിസിസി പ്രസിഡന്റാണ് ബാബുജോർജ്. ആദ്യംചേർന്നത് അഡ്വ. പീലിപ്പോസ് തോമസായിരുന്നു. 2014 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മൽസരിച്ചെങ്കിലും പരാജയപ്പെട്ടു.
മല്ലപ്പള്ളി കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സജി ചാക്കോയ്ക്കെതിരെ കെപിസിസിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്. മുതിർന്ന നേതാവ് പി ജെ കുര്യനെതിരെയും പുറത്താക്കപ്പെട്ട നേതാക്കൾ രൂക്ഷവിമർശനമാണ് ഉന്നയിക്കുന്നത്. പീലിപ്പോസ് തോമസ് മുതലുള്ളവർ പാർട്ടി വിടാൻ പ്രധാന കാരണക്കാരൻ പി.ജെ. കുര്യനാണെന്നാണ് ഇവർ പറയുന്നത്. ഇതിനിടെ ബാബു ജോർജിനെതിരെയും രൂക്ഷ വിമർശനങ്ങളാണ് നേതാക്കളും അണികളും ഉയർത്തുന്നത്. തെരഞ്ഞെടുപ്പ് കൂടി അടുത്തതോടെ വരും ദിവസങ്ങളിൽ ആരോപണ പ്രത്യാരോപണങ്ങൾ ശക്തമാകാനാണ് സാധ്യത. കോന്നി ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നഷ്ടപ്പെടുത്തിയതിന് കാരണക്കാരൻ ബാബു ജോർജാണന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ഡി.സി.സി ഓഫിസിൽ ജില്ലാ പുനഃസംഘടനാ സമിതി ചേർന്നപ്പോഴുണ്ടായ സംഭവങ്ങളിലാണ് കെപിസിസി ബാബു ജോർജിനെ സസ്പെൻഡ് ചെയ്തത്. ജില്ലാ പുനഃസംഘടനാ സമിതി ചേർന്നപ്പോൾ ബാബു ജോർജ് വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിക്കുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു. ബാബു ജോർജ് കതകിൽ ചവിട്ടുന്നതിന്റെ ദൃശ്യങ്ങളും അന്ന് പുറത്തു വന്നിരുന്നു. പുനഃസംഘടനയിൽ ഉടക്കി എ ഗ്രൂപ്പ് യോഗത്തിൽ നിന്ന് മുൻ ഡി.സി.സി പ്രസിഡന്റുമാരായ പി.മോഹൻരാജ്, ബാബു ജോർജ് തുടങ്ങിയവർ ഇറങ്ങിപ്പോകുകയായിരുന്നു. മാറ്റിനിർത്തിയവരെക്കൂടി പുനഃസംഘടനയിൽ ഉൾപ്പെടുത്തണമെന്ന ഇവരുടെ ആവശ്യം നിലവിലെ നേതൃത്വം തള്ളിയതോടെയാണ് രൂക്ഷമായി സംസാരിച്ചശേഷം ഇറങ്ങിപ്പോയത്. പിന്നീട് തിരിച്ചെത്തിയ ബാബു ജോർജ് യോഗം നടക്കുന്ന മുറിയുടെ കതക് ചവിട്ടിത്തുറക്കുകയായിരുന്നു.