കാസർകോട്: പെരിയ കേസ് പ്രതിയുടെ വിവാഹത്തിൽ പങ്കെടുത്തതിനെ തുടർന്ന് വിമർശനങ്ങൾ നേരിടേണ്ടി വന്ന കോൺഗ്രസ് നേതാവ് പാർട്ടിയിൽ നിന്നും രാജിക്കൊരുങ്ങുന്നു. കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയയാണ് രാജിഭീഷണിയുമായി രംഗത്തുവന്നിരിക്കുന്നത്. രാജ്‌മോഹൻ ഉണ്ണിത്താനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു കൊണ്ടാണ് ബാലകൃഷ്ണൻ പെരിയ രാജിവെക്കുമെന്ന് പറഞ്ഞിരിക്കുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഉണ്ണിത്താനും കേസിലെ പ്രതിയും രാത്രിയുടെ മറവിൽ സൗഹൃദം പങ്കിട്ടെന്നും പോസ്റ്റിൽ പറയുന്നുണ്ട്. സുധാകരനും കെ.സി.വേണുഗോപാലും ഒഴികേയുള്ളവർ എന്നെ പാർട്ടിയിൽ നിന്നു പുറത്താക്കാൻ ഈ പോസ്റ്റ് ഉപയോഗിക്കും എന്നനിക്കറിയാമെന്നും പോസ്റ്റിൽ പറയുന്നുണ്ട്. തന്റെ കോൺഗ്രസ് പാരമ്പര്യം എണ്ണിപ്പറഞ്ഞു കൊണ്ടാണ് ബാലകൃഷ്ണൻ പെരിയ രംഗത്തുവന്നിരിക്കുന്നത്.

എന്റെ എല്ലാ സഹോദരങ്ങളും നിരവധി കേസുകളിൽ പ്രതിയാണ്. എന്റെ സഹോദരന്റെ വിട് ബോംബിട്ടു. എന്റെ മോനെ സിപിഎം വെട്ടിക്കെല്ലാൻ ശ്രമിച്ചു. 1984മുതൽ സിപിഎം ഊരുവിലക്ക് നേരിടുകയാണന്നും അദ്ദേഹം കുറിക്കുന്നു. എത്രയൊക്കെയായിട്ടും പാർട്ടിക്ക് വേണ്ടി പണിയെടുക്കുകയാണ് താൻ ചെയ്തതെന്നാണ് അദ്ദേഹം പോസ്റ്റിൽ സൂചിപ്പിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:

ഇത് രാജ്‌മോഹൻഉണ്ണിത്താനും കല്യോട്ട് കൊലപാതക കേസിലെ പ്രതി മണികണ്ഠനും രാത്രിയുടെ മറവിൽ നടത്തുന്ന സംഭാഷണമാണ്. കോൺഗ്രസിനെ തകർത്ത് CPM ൽ എത്തിയ പാദൂർ ഷാനവാസിന്റെ വീട്ടിൽ ഉൾപ്പെടെ എന്നെ പരാജയപ്പെടുത്താൻ നിരവധി തവണ പോയ വ്യക്തിയാണ് ഉണ്ണിത്താൻ

കോൺഗ്രസിന്റെ വോട്ടില്ലാതെ വിജയിക്കും എന്ന് പ്രഖ്യാപിച്ചവൻ ശരത് ലാൽ കൃപേഷ് കൊലപാതക കേസിൽ ആയിരം രൂപപോലും ചെലവഴിക്കാതെ എന്നെപ്പോലെ രക്തസാക്ഷി കുടുംബങ്ങളായ് മാറിയ സാധാരണക്കാരെ പുച്ഛിക്കാൻ ഹൈക്കമാന്റിന്റെ പിന്തുന്നയുണ്ടെന്ന് അഹങ്കരിക്കുന്നവൻ നാവിനെ ഭയമില്ലാത്തകെ. സുധാകരനും കെ.സി.വേണുഗോപാലും ഒഴികേയുള്ളവർ എന്നെ പാർട്ടിയിൽനിന്നു പുറത്താക്കാൻ ഈ പോസ്റ്റ് ഉപയോഗിക്കും എന്നനിക്കറിയാം.

പക്ഷെ കാസർഗോഡിന്റെ രാഷ്ട്രീയനിഷ് കളങ്കതയ്ക്കുമുകളിൽ കാർമേഘം പകർത്തുന്ന ചില സംഘത്തെ കണ്ടില്ലെന്ന് നടിക്കാൻ എനിക്കാവില്ല. രണ്ടു മക്കളേയും ഒരേ സ്ഥലത്ത് സംസ്‌ക്കരിക്കാൻ ഞാൻ നടത്തിയ സാഹസികത മുതൽ ഈ നിമിഷം വരെ ഞാൻ നടത്തിയ സാഹസീക പോരാട്ടം എന്റെ ഉള്ളിലുണ്ട്.

എന്റെ എല്ലാ സഹോദരങ്ങളും നിരവധി കേസുകളിൽ പ്രതിയാണ്. എന്റെ സഹോദരന്റെ വിട് ബോംബിട്ടു. എന്റെ മോനെ സിപിഎം വെട്ടിക്കെല്ലാൻ ശ്രമിച്ചു. 1984മുതൽ CPM ഊരുവിലക്ക് സമ്മാനിച്ചു. വെള്ളവസ്ത്രമിട്ട് എഴ് സഹോദരങ്ങളും പാർട്ടിക്കായ് നിലയുറപ്പിച്ചു .32വോട്ടുകൾ സ്വന്തം വീട്ടിൽ നിന്ന് കൈപ്പത്തി ചിഹ്നത്തിൽ രേഖപ്പെടുത്തി ഈ പാർല്ലമെന്റ് മണ്ഡലം മുഴുവൻ തൊണ്ട പൊട്ടി പ്രസംഗിച്ചു. ഒടുവിൽ ഈ വരുത്തൻ ജില്ലയിലെ സകല കോൺഗ്രസ് പ്രവർത്തകരേയും പരസ്പരം തല്ലിച്ചതയ്ക്കൻ നേതൃത്വം നൽകിയവൻ പറയുന്നു. പുറത്തുപോകാൻ. ഉണ്ണിത്താനു വേണ്ടി പുറത്തുപോകുന്നു. ഒടുവിൽ ഈ ഒറ്റ രാത്രി ചിത്രം മാത്രം പുറത്തിറക്കുന്നു. ബാക്കി വാർത്താ' സമ്മേളനത്തിൽ.