- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി വിജയനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മലപ്പുറത്ത് എൽഡിഎഫ് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയിലെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെ ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ കെ സുരേന്ദ്രനാണ് പരാതി നൽകിയത്.
മുസ്ലിം സമുദായത്തിനിടയിൽ ഭയവും വെറുപ്പും വളർത്തുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചതായി പരാതിയിൽ കുറ്റപ്പെടുത്തുന്നു. നിയമത്തിന്റെ ബലത്തിൽ മുസ്ലിങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കാൻ കഴിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ഹിന്ദു -മുസ്ലിം വിഭജനം സൃഷ്ടിച്ച് വിദ്വേഷം വളർത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും പരാതിയിൽ കുറ്റപ്പെടുത്തി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസംഗമാണ് മുഖ്യമന്ത്രിയുടേതെന്നും പരാതിയിൽ ആരോപിച്ചിട്ടുണ്ട്.
നേരത്തെ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയിൽ ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ. തോമസ് ഐസക്കിനോട് പത്തനംതിട്ട ജില്ലാ കലക്ടർ വിശദീകരണം തേടിയിരുന്നു. ജില്ലാ കളക്ടറാണ് തിരഞ്ഞെടുപ്പിൽ ജില്ലാ വരണാധികാരി. ഈ സാഹചര്യത്തിലാണ് ഇടപെടൽ. മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് തോമസ് ഐസക്കിനോട് നിർദ്ദേശിച്ചിട്ടുള്ളത്.
യുഡിഎഫ് ആണ് മുൻ മന്ത്രി കൂടിയായ പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിനെതിരെ പരാതി നൽകിയത്. കുടുംബശ്രീ പ്രവർത്തകരെ വിളിച്ചു കൂട്ടി വായ്പ വാഗ്ദാനം ചെയ്തു, കെ ഡിസ്‌ക് എന്ന സർക്കാർ പദ്ധതി വഴി കൺസൾട്ടന്റുമാരെ നിയോഗിച്ച് തൊഴിൽ വാഗ്ദാനം ചെയ്തു വോട്ടു തേടുന്നു എന്നീ പരാതികളാണ് യുഡിഎഫ് ഉന്നയിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ജില്ലാ കലക്ടർ തോമസ് ഐസക്കിനോട് വിശദീകരണം തേടിയത്. സർക്കാർ സംവിധാനങ്ങളെ ഏതെങ്കിലും തരത്തിൽ ദുരുപയോഗം ചെയ്ത് പ്രചാരണം നടത്തുന്നത് മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് ജില്ലാ കലക്ടർ നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.
കെ ഡിസ്‌ക് പദ്ധതി തെരഞ്ഞെടുപ്പിന് മുമ്പ് തുടങ്ങിയതാണെന്നും, അതിന്റെ ഉപദേഷ്ടാവ് മാത്രമാണ് താനെന്നുമാണ് തോമസ് ഐസക്ക് നേരത്തെ വിശദീകരിച്ചിരുന്നത്. ഐസക് നൽകുന്ന വിശദീകരണം നിർണ്ണായകമാകും. ആന്റോ ആന്റണി ഹാട്രിക് വിജയം നേടിയ മണ്ഡലം ഏതുവിധവും തിരിച്ചുപിടിക്കാനുള്ള തീരുമാനത്തിലാണ് സിപിഎം തോമസ് ഐസക്കിനെ പത്തനംതിട്ടയിൽ എത്തിച്ച് കളം കൊഴുപ്പിക്കുന്നത്. ബിജെപിക്കായി അനിൽ ആന്റണിയും ശക്തമായ പ്രചരണവുമായി രംഗത്തുണ്ട്. ത്രികോണം കൊഴുക്കുന്ന പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിലെ തുടർ നടപടികൾ നിർണ്ണായകമാകും.