- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാർകോഴയിൽ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് എൽ.ഡി.എഫ് നേതാവ്
കോഴിക്കോട്: പിണറായി സർക്കാറിന് വെല്ലുവിളിയായി ബാർകോഴ ആരോപണം ശക്തമാകുമ്പോൾ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുണ്ട്. മന്ത്രി എം ബി രാജേഷിന്റെ രാജിയും ആവശ്യമായി ഉയരുന്നുണ്ടി. ഇതിനിടെ ബാർകോഴ വിവാദത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് നേതാവും രംഗത്തുവന്നു.
ബാർ കോഴ വാർത്ത ഗൗരവമുള്ളതെന്ന് സിപിഐ നേതാവും എൽ.ഡി.എഫ് ഇടുക്കി ജില്ല കൺവീനർ കെ.കെ. ശിവരാമൻ പറഞ്ഞു. ബാറുടമയുടെ ശബ്ദസന്ദേശം സംബന്ധിച്ച് അടിയന്തര അന്വേഷണം വേണമെന്നും കെ.കെ. ശിവരാമൻ ആവശ്യപ്പെട്ടു.
പണമുണ്ടെങ്കിൽ സർക്കാർ നയത്തെ സ്വാധീനിക്കാൻ കഴിയുമെന്ന് ഒരു ബാറുടമ പറയുന്നത് ഗൗരവമുള്ള കാര്യമാണ്. ഇടത് സർക്കാറിന്റെ മുഖം വികൃതമാക്കുന്നതിന് വേണ്ടി കെട്ടിച്ചമക്കുന്ന കള്ളക്കഥയാണോ എന്ന് അറിയണം. സർക്കാറിന്റെ മദ്യനയത്തിൽ വരുത്തുന്ന ഏതൊരു മാറ്റവും പൊതുതാൽപര്യം കണക്കിലെടുത്താവണമെന്നും കെ.കെ. ശിവരാമൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കെ.കെ. ശിവരാമൻ ഫേസ്ബുക്ക് പോസ്റ്റ്:
വീണ്ടും ഒരു ബാർ കോഴയോ?
ഇന്ന് രാവിലെ മുതൽ കേരളത്തിലെ ദൃശ്യമാധ്യമങ്ങൾ പുറത്തുവിടുന്ന ഒരു വാർത്ത അത്യന്തം ഗൗരവം ഉള്ളതാണ്. നിലവിലുള്ള മദ്യ നയത്തിൽ ഇളവ് വരുത്തുന്നതിന് ബാറുടമകൾ രണ്ടര ലക്ഷം രൂപ വീതം ഉടനടി നൽകണമെന്നാണ് ബാർ ഉടമ സംഘത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് അനിമോന്റെതായി പ്രചരിപ്പിക്കുന്ന ശബ്ദ സന്ദേശത്തിൽ പറയുന്നത്, നമുക്കായി ഇളവുകൾ നൽകുമ്പോൾ കൊടുക്കേണ്ടതുകൊടുക്കണം എന്നാണ് ഇതിൽ പറയുന്നത്. എന്നുപറഞ്ഞാൽ സർക്കാരിന്റെ മദ്യ നയത്തിൽ നമുക്ക് അനുകൂലമായ മാറ്റം വരണമെങ്കിൽ കൊടുക്കേണ്ടതുകൊടുക്കണം! ആർക്ക് ?
കേരളത്തിൽ ആയിരത്തോളം ബാറുകൾ ഉണ്ടെന്നാണ് അറിവ്, ഈ ബാറുകൾ എല്ലാം രണ്ടര ലക്ഷം രൂപ വീതം നൽകിയാൽ 250 കോടിയാകും. ഈ പണം എവിടേക്കാണ് ഒഴുകിയെത്തുന്നത് ? ഖജനാവിലേക്ക് അല്ലെന്നത് വ്യക്തം! പണമുണ്ടെങ്കിൽ സർക്കാർ നയത്തെ സ്വാധീനിക്കാൻ കഴിയുമെന്ന് ഒരു ബാർ ഉടമ പറയുന്നത് ഗൗരവമുള്ള കാര്യമാണ്, ഇത് സംബന്ധിച്ച അടിയന്തര അന്വേഷണം വേണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ മുഖം വികൃതമാക്കുന്നതിന് വേണ്ടി കെട്ടിച്ചമയ്ക്കുന്ന കള്ളക്കഥയാണോ ഇതെന്ന് അറിയണം,
സർക്കാരിന്റെ മദ്യ നയത്തിൽ വരുത്തുന്ന ഏതൊരു മാറ്റവും പൊതു താൽപര്യം കണക്കിലെടുത്താണ് . അങ്ങനെ തന്നെയാവണം താനും. അതല്ലാതെ ബാർ ഉടമകളുടെ നിക്ഷിപ്ത താല്പര്യങ്ങൾ സംരക്ഷിക്കാൻ ആണെന്ന് വരുത്തി തീർക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. അതുകൊണ്ട് അനിമോന്റെ വെളിപ്പെടുത്തലുകളെ കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ ഗവൺമെന്റ് തയ്യാറാവണം.
അതേസമയം വിവാദത്തിൽ പ്രതികരിച്ചു എംബി രാജേഷും രംഗത്തുവന്നിരുന്നു. മദ്യനയത്തിൽ ഇളവ് വരുത്താൻ പണപ്പിരിവിന് ശ്രമിക്കുന്നുവെന്നത് ഗൗരവതരമെന്ന് എക്സൈസ് വകുപ്പ് മന്ത്രി പ്രതികരിച്ചു. അത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരണം. പ്രവണത വെച്ചുപൊറുപ്പിക്കില്ലെന്നും എം ബി രാജേഷ് പറഞ്ഞു.
'സർക്കാർ മദ്യനയത്തിന്റെ ആലോചനകളിലേക്ക് കടന്നിട്ടില്ല. മദ്യ നയത്തിന്റെ പ്രാരംഭ ചർച്ചകൾ പോലുമായിട്ടില്ല. മദ്യ നയത്തിൽ ചില കാര്യങ്ങൾ നടപ്പിലാക്കാം എന്നുപറഞ്ഞുകൊണ്ട് പണപ്പിരിവിന് ശ്രമിക്കുന്നുവെന്നത് ഗൗരവത്തോടെയാണ് കാണുന്നത്. വളരെ ശക്തമായ നടപടി അത്തരക്കാർക്കെതിരെ എടുക്കും. വെച്ചുപൊറുപ്പിക്കില്ല. ചർച്ച നടക്കുന്നതിന് മുമ്പ് തന്നെ വാർത്തകൾ വരുന്നുണ്ട്. ആ വാർത്തകൾ ഉപയോഗിച്ച് ആരെങ്കിലും പണപ്പിരിവിന് ശ്രമിച്ചാൽ ശക്തമായ നടപടിയെടുക്കും', മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
ശബ്ദരേഖാ കലാപരിപാടി കുറച്ചുനാളുകളായിട്ടുള്ളതാണ്. തെറ്റായ പ്രവണത പ്രോത്സാഹിപ്പില്ല. ആരായാലും കൈകാര്യം ചെയ്യാൻ സർക്കാരിന് അറിയാം. സാധാരണ ഫെബ്രുവരി-മാർച്ച് മാസത്തിൽ ചർച്ച നടത്താറുള്ളതാണ്. തിരഞ്ഞെടുപ്പ് ആയതിനാൽ അത്തരം ചർച്ചകളിലേക്ക് കടന്നിട്ടില്ല. വാർത്തകളുടെ ഉറവിടം അറിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.