- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ സുരേന്ദ്രന്റെ ആരോപണം തള്ളി ബിന്ദു കൃഷ്ണ
തിരുവനന്തപുരം: കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിനെ വിമർശിക്കുന്ന പലരും, മുൻപ് ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയിട്ടുള്ളവരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പരിഹസിച്ചിരുന്നു. പത്മയുടെ ഭർത്താവിനെതിരെ ഇ.ഡി അന്വേഷണം നടക്കുന്നതിൽ ഭയന്നാണ് അവർ ബിജെപിയിലേക്കു പോകുന്നതെന്ന് ബിന്ദു കൃഷ്ണ ആരോപിച്ചിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സുരേന്ദ്രന്റെ മറുപടി. എന്നാൽ സുരേന്ദ്രന്റെ ആരോപണം ബിന്ദു കൃഷ്ണ തള്ളി.
താൻ പൊതുവായി ബിജെപി നേതാക്കളോട് സംസാരിക്കുമെന്നല്ലാതെ ഇങ്ങനെയൊരു ആവശ്യവുമായി ആരെയും കണ്ടിട്ടില്ലെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. താൻ സിപിഎം നേതാക്കളോടും സംസാരിക്കാറുണ്ട്. പക്ഷേ എന്നും അടിയുറച്ച കോൺഗ്രസുകാരിയാണ്. ഈ നിമിഷം വരെ പാർട്ടി മാറുന്നതിനെപ്പറ്റി ചിന്തിച്ചിട്ടില്ല. ഇനിയും കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് വരുമെന്ന് കാണിക്കാൻ വെറുതേ പുകമറ സൃഷ്ടിക്കാനാണ് സുരേന്ദ്രന്റെ ശ്രമമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.
പത്മജയുടെ ഭർത്താവിനെ ഇ.ഡി ചോദ്യം ചെയ്തുവെന്നുള്ളത് താൻ കേട്ടിട്ടുണ്ട്. അങ്ങനെ അറിഞ്ഞ കാര്യമാണ് താൻ പറഞ്ഞത്. എന്തിനാണ് ചോദ്യം ചെയ്തത് എന്ന് തനിക്കറിയില്ല. അതു സംബന്ധിച്ച തെളിവുകളും തന്റെ പക്കലില്ല. ബിജെപിയിലേക്ക് പോകുമെന്ന വിവരം അറിഞ്ഞ ഉടൻ പത്മജയെ വിളിച്ചിരുന്നു. പക്ഷേ ഫോൺ എടുത്തില്ല. ബിജെപിയിലേക്ക് പോകുമെന്ന ഒരു സൂചനയും പത്മജ നൽകിയിരുന്നില്ല. ഈ വാർത്ത സത്യമാകരുതേയെന്നാണ് ഇന്നു രാവിലെയും താൻ പ്രാർത്ഥിച്ചതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
കെ സുരേന്ദ്രൻ പറഞ്ഞത് ഇങ്ങനെ:
'ഇ.ഡിയെ കണ്ട് ഭയന്നിട്ടാണ് പത്മജ ബിജെപിയിലേക്കു പോകുന്നതെന്ന് പറഞ്ഞ ആളുകളൊക്കെ ഇതിനു മുൻപ് ബിജെപിയുമായി ചർച്ച നടത്തിയിട്ടുള്ളവരാണ്. എന്റെ മാന്യതയ്ക്ക് അനുസരിച്ച് ഞാൻ അതേക്കുറിച്ചൊന്നും അധികം പറയുന്നില്ല. ഈ പറയുന്ന ആളുകളൊക്കെയായി പല തരത്തിലുള്ള ചർച്ചകൾ നടന്നിട്ടുള്ളതാണ്. അതുകൊണ്ട് ഇതൊക്കെ വെറുതേ ആളുകളെ കബളിപ്പിക്കാൻ പറയുന്നതാണ്.'
'കോൺഗ്രസിനെ വഞ്ചിച്ച് ബിജെപിയിൽ പോയി എന്നൊക്കെ ചിലർ പറയുന്നതുകേട്ടു. കോൺഗ്രസിനെ വഞ്ചിച്ച് സിപിഎമ്മിന്റെ പാളയത്തിൽ പോയവർക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു? മൂന്നു പാർട്ടികളുടെ പ്രസിഡന്റായിരുന്ന ഒരാൾ കേരളത്തിൽ വേറെയില്ല. ബിജെപിയിലേക്ക് ആരെങ്കിലും വന്നാൽ അവർക്ക് അപ്പോൾ കുഴപ്പമുണ്ടാവുകയാണ്. സിപിഎമ്മിലേക്ക് പോയാൽ കുഴപ്പമില്ല. അതാണ് കോൺഗ്രസ് തകരാൻ കാരണം'-സുരേന്ദ്രൻ പറഞ്ഞു.