- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിനോയ് വിശ്വത്തിന്റെ കത്ത് ബ്രാഞ്ച് സെക്രട്ടറിമാർക്കെങ്കിലും കൊള്ളുന്നത് ഉന്നതർക്ക്
തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ തോൽവി സംബന്ധിച്ച് സിപിഐ. സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം തുറന്ന കത്തെഴുതിയത് കഴിഞ്ഞ ദിവസമാണ്. പാർട്ടി പ്രവർത്തകർ തിരുത്തൽ നടപടികളേക്ക് കടക്കണമെന്ന് നിർദ്ദേശിക്കുന്ന കത്താണെങ്കിലും കത്തിലെ കുത്ത് പലപ്പോഴും ഭരണത്തിലെ ഉന്നതർക്കും അതിനെ നയിക്കുന്ന മുഖ്യമന്ത്രിയിലേക്കുമാണ്. സിപിഎമ്മിനുള്ളിൽ നിന്നും പിണറായിക്കെതിരെ കടുത്ത വിമർശനം ഉയരുമ്പോഴാണ് ഘടകകക്ഷി നേതാക്കളും മുനവെച്ച വാക്കുകളുമായി ഉപദേശവുമായി എത്തുന്നത്.
പ്രതീക്ഷിക്കാത്ത പരാജയമാണ് ഇടതുമുന്നണിക്കുണ്ടായത്. യാഥാർഥ്യങ്ങളെ തൊടാത്ത വ്യാഖ്യാനപാടവം കൊണ്ടോ ഉപരിപ്ലവമായ വിശകലന സാമർഥ്യം കൊണ്ടോ പരിഹരിക്കാനാവാത്ത പ്രശ്‌നമാണ് മുമ്പിലുള്ളത്. ശീലിച്ചുപോന്ന പതിവ് ഉത്തരങ്ങൾക്കൊണ്ട് ഇപ്പോഴത്തെ സാഹചര്യം മറികടക്കാമെന്ന് കരുതരുത്. ജനങ്ങളിലേക്ക് പോകാനും അവരിൽനിന്ന് പാഠം പഠിക്കാനുമുള്ള കമ്യൂണിസ്റ്റ് കർത്തവ്യം മറക്കരുതെന്നാണ് ബിനോയ് വിശ്വം തുറന്ന കത്തിൽ ചൂണ്ടിക്കാട്ടുന്നത്.
എല്ലാറ്റിനെക്കാളും വലിയവർ ജനങ്ങളാണ്. അവരോട് ഇടതുപക്ഷം ഇടപഴകേണ്ടത് നിറഞ്ഞ കൂറോടെയും വിനയത്തോടെയുമാകണം. അവരുയർത്തുന്ന വിമർശനങ്ങൾക്കുമുമ്പിൽ അസഹിഷ്ണുക്കളാകാൻ നമുക്ക് അവകാശമില്ലെന്നും പാർട്ടി മുഖമാസികയായ നവയുഗത്തിൽ 'ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള കത്തിൽ' ബിനോയ് പറഞ്ഞു.
തിരിച്ചടിയെപ്പറ്റി എൽ.ഡി.എഫ്. ആഴത്തിൽ പഠിക്കേണ്ടതുണ്ട്. മുന്നണി കൂട്ടായും ഘടകകക്ഷികൾ ഒറ്റയ്ക്കും സ്വയംവിമർശനബുദ്ധ്യാ ഈ പഠനം ഏറ്റെടുക്കണം. ബൂത്തുതലത്തിലുള്ള വിശകലനംനടത്തി പഠനംനടത്തണം. എല്ലാ ബ്രാഞ്ചുകളും അടിയന്തരമായി ഇത് നടത്തണം. നമ്മുടെ സ്വന്തമെന്ന് കരുതിപ്പോന്ന ജനവിഭാഗങ്ങളുമായി ഇന്ന് പഴയപോലെ ബന്ധമുണ്ടോയെന്നത് പരിശോധിക്കണം. ഇടതുപക്ഷത്തുള്ള വിശ്വാസത്തിന് ഇടിവുണ്ടായത് എങ്ങനെയാണെന്ന് തിരിച്ചറിയണം.
ആർ.എസ്.എസിനാൽ നയിക്കപ്പെടുന്ന ബിജെപി. ആദ്യമായി 16.68 ശതമാനം വോട്ടുനേടി. ഒരു മണ്ഡലത്തിൽ വിജയിക്കുകയും ചെയ്തിരിക്കുന്നു. 11 നിയമസഭാമണ്ഡലങ്ങളിൽ ബിജെപി. മുമ്പിലെത്തി. രാജ്യത്താകെ ബിജെപി. തിരിച്ചടി നേരിട്ടപ്പോൾ, പ്രബുദ്ധമെന്ന് എല്ലാവരും പറഞ്ഞുപോന്ന കേരളത്തിന്റെ ഈ അനുഭവം നിസ്സാരമായി കാണാവുന്നതല്ല. ഇപ്പോൾ സംഭവിച്ച തിരിച്ചടികൾക്കെല്ലാമുള്ള മറുപടി വരുന്ന തിരഞ്ഞെടുപ്പുകളിലാണ് നാം നൽകേണ്ടതെന്നും കത്തിൽ പറയുന്നു.
ബ്രാഞ്ച് സെക്രട്ടറിമാർക്കാണ് കത്തെങ്കിലും കത്തിലെ വിമർശനങ്ങൾക്ക് പല അർത്ഥങ്ങളുണ്ട്. ബിനോയ് വിശ്വത്തിന്റെ പല വിമർശനങ്ങളും ലക്ഷ്യമിടുന്നത് സിപിഎമ്മിലെ ഉന്നതരെ കൂടിയാണെന്ന വ്യാഖ്യാനം ഇതിനോടകം വന്നുകഴിഞ്ഞു. മൈക്ക് ഓപ്പറേറ്ററെ മുഖ്യമന്ത്രി പിണറായി വിജയൻ ശകാരിച്ചത് ഉൾപ്പെടെയുള്ളവ സിപിഎം കമ്മിറ്റികളിൽ വിമർശന വിധേയമാകുന്നതിനിടെയാണ് ബിനോയ് വിശ്വത്തിന്റെ കത്ത് പുറത്തുവരുന്നത് എന്നതും ശ്രദ്ദേയമാണ്.
സ്വന്തം തട്ടകമായ കണ്ണൂരിൽ പോലും മുഖ്യമന്ത്രി കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരെ കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിലും വിമർശനമുയർന്നത് നേതൃത്വത്തെ ഞെട്ടിച്ചു. ചരിത്രത്തിലാദ്യമായാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വന്തം തട്ടകമായ കണ്ണൂരിൽ നിന്നും ആരോപണമുയരുന്നത്. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പിനിയായ എക്സാലോജിക്കൽ നടത്തിയ മാസപ്പടി വിവാദം പൊതു സമൂഹത്തിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് കണ്ണൂരിലെ ഒരു മുതിർന്ന നേതാവ് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് അവലോകന ജില്ലാ കമ്മിറ്റി യോഗത്തിൽ തുറന്നടിച്ചത്. ഈ വിമർശനങ്ങളിൽ മുഖ്യമന്ത്രി കടുത്ത അസ്വസ്ഥനാണെന്നാണ് റിപ്പോർട്ട്.
കരിമണൽ കർത്തയോട് മാസപ്പടി വാങ്ങിയെന്ന വിവാദത്തിൽ വീണ എന്തുകൊണ്ടു പ്രതികരിക്കുന്നില്ലെന്നും ഇദ്ദേഹം ചോദിച്ചു. പാർട്ടി നേതാവായ എ.കെ ബാലനല്ല വീണയ്ക്കെതിരെ ഉയരുന്ന സാമ്പത്തിക ആരോപണങ്ങൾക്ക് മറുപടി നൽകേണ്ടത്. മുഖ്യമന്ത്രിയും കുടുംബവും ഈ കാര്യത്തിൽ മൗനം പാലിക്കുന്നത് പാർട്ടിയെ സംശയത്തിന്റെ നിഴലിൽ നിർത്തുകയാണെന്നും മുതിർന്ന നേതാക്കളിലൊരാൾ ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെയുള്ള വിമർശനം കത്തി കയറുന്നതിനിടെ തടസപ്പെടുത്തി കൊണ്ടു എം.വി ഗോവിന്ദൻ ഇടപ്പെട്ടു രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.