തിരുവനന്തപുരം: രാമക്ഷേത്രം നിർമ്മിക്കാൻ കാലതാമസം വന്നതിൽ രാമൻ നമ്മോട് ക്ഷമിക്കുമെന്ന് ഉറപ്പുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എക്‌സിലാണ് അദ്ദേഹം ഇതു കുറിച്ചത്.

'ക്ഷേത്രം വൈകിയതിന് രാമനോട് ക്ഷമാപണം ചെയ്ത പ്രധാനമന്ത്രി നീതി വൈകിപ്പിച്ചതിന് മണിപ്പുരിലെ സ്ത്രീകളോട് മാപ്പ് പറയുമോ?രാമൻ സഹിഷ്ണുതയും സമഭാവനയും ആണെന്ന് പറഞ്ഞ മോദി രാമന്റെ പേരിൽ ബാബറി മസ്ജിദ് പൊളിച്ചതിന് വിശ്വാസികളോട് മാപ്പ് പറയുമോ? ഒരുമയുടെ വെളിച്ചം കെടുത്തിയ കുറ്റവാളിയാണ് അദ്ദേഹം'-ബിനോയ് വിശ്വം കുറിച്ചു.

പ്രാണ പ്രതിഷ്ഠാ ചടങ്ങിലെ പ്രസംഗത്തിൽ മോദി പറഞ്ഞത് ഇങ്ങനെയാണ്: 'ഞങ്ങളുടെ സ്നേഹത്തിലും തപസ്സിലും എന്തോ കുറവുണ്ടായതിനാൽ ഞാൻ രാമനോട് മാപ്പ് ചോദിക്കുന്നു, കാരണം ഈ ജോലി (രാമക്ഷേത്ര നിർമ്മാണം) വർഷങ്ങളോളം നടക്കാതെ പോയി. എന്നിരുന്നാലും, ആ വിടവ് ഇന്ന് നികത്തപ്പെട്ടു, ശ്രീരാമൻ നമ്മോട് ക്ഷമിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്' പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

രാംലല്ല ഇനി ടെന്റിൽ താമസിക്കില്ല,അത് ഗംഭീരമായ ക്ഷേത്രത്തിലാകും ഇന്ന്മുതൽ താമസിക്കുക. നൂറ്റാണ്ടുകളുടെ അഭൂതപൂർവമായ ക്ഷമയ്ക്കും എണ്ണമറ്റ ത്യാഗങ്ങൾക്കും തപസ്സിനും ശേഷം നമ്മുടെ ശ്രീരാമൻ വന്നിരിക്കുന്നു. രാമൻ തർക്കമല്ല പരിഹാരമാണ്.

ജനുവരി 22-ലെ സൂര്യോദയം ഒരു അത്ഭുതകരമായ തിളക്കം കൊണ്ടുവന്നു. ജനുവരി 22, 2024, കലണ്ടറിൽ എഴുതിയിരിക്കുന്ന വെറുമൊരു തീയതിയല്ല. അത് ഒരു പുതിയ സമയചക്രത്തിന്റെ തുടക്കമാണ്. ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷവും ആളുകൾ ഈ തീയതിയും നിമിഷവും ഓർക്കും. രാമന്റെ പരമമായ അനുഗ്രഹമാണ് നാം അതിന് സാക്ഷ്യം വഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ 11 ദിവസമായി, വിവിധ ഭാഷകളിലും വിവിധ സംസ്ഥാനങ്ങളിലും രാമായണം കേൾക്കാൻ എനിക്ക് അവസരം ലഭിച്ചെന്നും കേരളത്തിലെ തൃപ്രയാർ ക്ഷേത്രത്തിലടക്കം സന്ദർശിച്ച കാര്യവും പ്രധാനമന്ത്രി പ്രംസഗത്തിനിടെ പറഞ്ഞു. രാഷ്ട്രം ഒരു പുതിയ ചരിത്രം എഴുതുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി മോദി, രാമക്ഷേത്ര നിർമ്മാണം ഇന്ത്യൻ സമൂഹത്തിന്റെ പക്വതയുടെ പ്രതിഫലനമാണ്. ഇത് കേവലം വിജയമല്ല, വിനയത്തിന്റെ കൂടി അവസരമാണും അദ്ദേഹം അഭിപ്രായപ്പെട്ടു.