കോട്ടയം: ഡി രാജ നടത്തിക്കൊടുത്തത് കാനം രാജേന്ദ്രന്റെ അന്തിമാഭിലാഷം. സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയിലേക്കു ബിനോയ് വിശ്വത്തെ എത്തിച്ചത് കാനം രാജേന്ദ്രന്റെ കത്തായിരുന്നു. മരിക്കും മുൻപു കാനം തന്നെ ബിനോയിയുടെ പേരു നിർദേശിച്ചിട്ടുണ്ടെന്നു ജനറൽ സെക്രട്ടറി ഡി.രാജ കോട്ടയത്തു ചേർന്ന നിർവാഹകസമിതി യോഗത്തെ അറിയിച്ചതോടെ എല്ലാവരും നിശബ്ദരായി. അങ്ങനെ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയായി. ഇനി സംസ്ഥാന സമിതി അംഗീകരിക്കണം. അപ്രതീക്ഷിത അട്ടിമറിയാണ് ഉണ്ടായതെന്ന വാദവും ശക്തമാണ്.

സെക്രട്ടറിയായിരിക്കെ വിടപറഞ്ഞ സി.കെ.ചന്ദ്രപ്പനു പകരക്കാരൻ വന്നതു മാസങ്ങൾ കഴിഞ്ഞാണ്. ദേശീയ നിർവാഹകസമിതി അംഗം കെ.പ്രകാശ് ബാബുവിന്റെ പേര് കാനത്തിന് പകരമായി ഉയർന്നിരുന്നു. എന്നാൽ അത്തരമൊരു ചർച്ചയ്ക്ക് പോലും അവസരം നൽകാതെയാണ് കാനത്തിന്റെ ഇഷ്ടം അനുസരിച്ച് അദ്ദേഹത്തിന്റെ മരണ ശേഷം പകരക്കാരൻ എത്തുന്നത്. സിപിഐയിൽ കാനത്തിനുള്ള സ്വാധീനത്തിന്റെ മറ്റൊരു തെളിവായി ഇത് മാറുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിനോയ് വിശ്വം മത്സരിക്കില്ലെന്നും ഇതോടെ വ്യക്തമാകുകയാണ്.

സംസ്ഥാന നിർവാഹക സമിതി തിരക്കിട്ടു കോട്ടയത്തു വിളിച്ചപ്പോൾ സെക്രട്ടറിയുടെ ചുമതലയിൽ തീരുമാനം കൂടി ഉണ്ടാകുമെന്ന് പലർക്കും അറിയില്ലായിരുന്നു. പാർട്ടി തല അനുശോചന യോഗങ്ങൾ, എൽഡിഎഫുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ ആലോചിക്കാനാണു യോഗമെന്ന സൂചനയാണു പുറത്തു പറഞ്ഞത്. യോഗം തുടങ്ങിയപ്പോൾ അജണ്ട കേട്ട് ഏവരും ഞെട്ടി. പട്ടടയിലേക്കു കാനത്തിന്റെ ഭൗതികശരീരം വച്ചതിനു തൊട്ടുപിന്നാലെ തന്നെ ഇതു വേണോ എന്നു ദേശീയ നിർവാഹകസമിതി അംഗം കെ.പ്രകാശ് ബാബു ചോദിച്ചു. മുതിർന്ന നേതാക്കളായ കെ.ആർ.ചന്ദ്രമോഹൻ, ഇ.ചന്ദ്രശേഖരൻ എന്നിവരും 'ടൈമിങ്' സംബന്ധിച്ചു സന്ദേഹം പ്രകടിപ്പിച്ചു.

എന്നാൽ സെക്രട്ടറിയെ സംബന്ധിച്ച തീരുമാനം നീട്ടിക്കൊണ്ടു പോകേണ്ടെന്ന ധാരണ കേന്ദ്രനേതൃത്വം കൈക്കൊണ്ടു. തീരുമാനം നീണ്ടാൽ അതു ഗ്രൂപ്പിസമാകുമെന്നും കരുതി. ഇതോടെ അതിവേഗ തീരുമാനം എടുത്തത്. കൊച്ചി അമൃത ആശുപത്രിയിൽ കഴിയുമ്പോഴാണ് അവധി അപേക്ഷ സംബന്ധിച്ച കത്ത് കാനം കേന്ദ്രനേതൃത്വത്തിനു കൈമാറിയത്. 'ആരോഗ്യ പ്രശ്‌നങ്ങൾ കണക്കിലെടുത്തു പാർട്ടിയിൽ നിന്ന് 3 മാസത്തേക്ക് അവധി അനുവദിക്കണം. എന്റെ അഭാവത്തിൽ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായ ബിനോയ് വിശ്വത്തെ ആ ചുമതല ഏൽപിക്കാവുന്നതാണ്' ഇതായിരുന്നു കാനത്തിന്റെ കത്ത്.

യോഗത്തിന്റെ അജൻഡയിൽ ഉണ്ടായിരുന്ന 'സംഘടന' എന്ന വിഷയം എടുത്തപ്പോൾ ജനറൽ സെക്രട്ടറി ഡി.രാജ കത്തിന്റെ കാര്യം അറിയിക്കുകയും ഈ യോഗത്തിൽ തന്നെ കാനത്തിന്റെ നിർദ്ദേശം നടപ്പാക്കാമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. പുതിയ ആൾ വരണമെന്നു അസി. സെക്രട്ടറി പി.പി.സുനീറും വ്യക്തമാക്കി. പിന്നെ അതിവേഗ തീരുമാനവും എത്തി.

എൽഡിഎഫ് എന്ന ശരിയെ ശക്തിപ്പെടുത്താനാകും തന്റെ പ്രവർത്തനമെന്നു ബിനോയ് വിശ്വം പറഞ്ഞു. അകത്തുനിന്നും പുറത്തുനിന്നും എൽഡിഎഫിനെ വിമർശിച്ചിട്ടുണ്ടെങ്കിലും അതു മുന്നണിയെ ശക്തിപ്പെടുത്താൻ മാത്രമാണ്. എൽഡിഎഫ് സിപിഎമ്മിന്റേതു പോലെ തന്നെ സിപിഐയുടേതുമാണ്. സിപിഎംസിപിഐ ബന്ധം നന്നായി മുന്നോട്ടു കൊണ്ടുപോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

കമ്യൂണിസ്റ്റ് നേതാക്കളായ സി.കെ.വിശ്വനാഥന്റെയും സി.കെ.ഓമനയുടെയും മകനായ ബിനോയ് വിശ്വം വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണു രാഷ്ട്രീയത്തിലെത്തിയത്.