തിരുവനന്തപുരം: ബിജെപി.യിൽ പുനഃസംഘടന ഉടൻ ഉണ്ടാകില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കം ശക്തമാക്കി മുന്നോട്ടു പോകാനാണ് തീരുമാനം. കേന്ദ്ര നിരീക്ഷകൻ പ്രകാശ് ജാവേദ്ക്കറിന് കൂടുതൽ റോളുണ്ടാകും. അതിനിടെ ബിജെപി സംസ്ഥാന കോർകമ്മറ്റിയിലേക്ക് ഇല്ലെന്ന നിലപാടിൽ സുരേഷ് ഗോപി ഉറച്ചു നിൽക്കുകയാണ്. തിരുവനന്തപുരം, ആറ്റിങ്ങൽ, മാവേലിക്കര, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട് മണ്ഡലങ്ങളിൽ കരുത്തുകാട്ടി ലോക്‌സഭയിൽ നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമം. തിരുവനന്തപുരം കോർപ്പറേഷനിലെ സമരം തിരുവനന്തപുരം മണ്ഡലത്തിൽ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ കാലാവധി ഡിസംബറിൽ അവസാനിക്കുമെങ്കിലും ആറുമാസംകൊണ്ട് പൂർത്തിയാകേണ്ട പുനഃസംഘടനയ്ക്ക് ദേശീയനേതൃത്വം തീരുമാനമെടുത്തിട്ടില്ല. സുരേഷ് ഗോപിയെ സംസ്ഥാന കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താനുള്ള ശുപാർശയിലും കേന്ദ്രഘടകത്തിന്റെ തീരുമാനം നീളുന്നതിന് പിന്നിൽ നടന്റെ താൽപ്പര്യക്കുറവാണ്. പാർട്ടിയിലെ പികെ കൃഷ്ണദാസ് പക്ഷവും പ്രതിഷേധത്തിലാണ്. കഴിഞ്ഞ ദിവസം നടന്ന കോർ കമ്മറ്റിയിൽ അടക്കം കൃഷ്ണദാസ് പക്ഷം ആഞ്ഞടിച്ചിരുന്നു.

എല്ലാ മണ്ഡലങ്ങളിലും നേതാക്കൾക്ക് തിരഞ്ഞെടുപ്പ് ചുമതല നൽകിക്കഴിഞ്ഞു. ദേശീയ നേതാക്കളെ പങ്കെടുപ്പിച്ചുള്ള യോഗങ്ങൾ തുടരുകയുമാണ്. 2024-ൽ നടക്കുന്ന തിരഞ്ഞടുപ്പിന്റെ ഒരുക്കങ്ങളിൽ പാർട്ടി മുഴുകിയസ്ഥിതിക്ക് ഉടനൊരു നേതൃമാറ്റം ഉണ്ടാകില്ലെന്നാണ് കെ. സുരേന്ദ്രൻ അനുകൂലികളുടെ വിശ്വാസം. സുരേഷ് ഗോപി സിനിമകളുടെ തിരക്കിലാണ്. സുരേഷ് ഗോപിയെയാണ് സുരേന്ദ്രന്റെ പകരക്കാരനായി ബിജെപി കേന്ദ്ര നേതൃത്വം കാണുന്നത്. സുരേഷ് ഗോപിയുടെ താൽപ്പര്യക്കുറവ് സുരേന്ദ്രന് ആശ്വാസമാണ്. ശോഭാ സുരേന്ദ്രന് വേണ്ടിയും ചർച്ചകൾ നടക്കുന്നുണ്ട്.

കൊല്ലത്ത് നിലവിലെ നേതൃത്വത്തിനെതിരേ ഒരുവിഭാഗം രംഗത്തുവന്നിട്ടുണ്ട്. എന്നാൽ ഇതിന് ആർ.എസ്.എസ്. പിന്തുണയില്ല. എറണാകുളത്ത് പുതിയ ജില്ലാ പ്രസിഡന്റായി കെ.എസ്. ഷൈജുവിനെ നാമനിർദ്ദേശം ചെയ്‌തെങ്കിലും കൊല്ലത്ത് മാറ്റമുണ്ടാകില്ലെന്നാണ് സംസ്ഥാന നേതാക്കൾ പറയുന്നത്. കോർ കമ്മറ്റിയിൽ ഇക്കാര്യം ചർച്ച ചെയ്തില്ല. ലോക്സഭാ തെരഞ്ഞെടുപ്പിനുമുന്നോടിയായി സംസ്ഥാനത്ത് ആരംഭിച്ച ഫണ്ട് ശേഖരണത്തിന് കാര്യമായ പ്രതികരണമില്ലെന്ന് വിലയിരുത്തിയ യോഗം, അത് വിജയിപ്പിക്കാൻ കർശന നിർദ്ദേശം നൽകി. ദേശീയ കൗൺസിൽ അംഗം പി കെ കൃഷ്ണദാസ്, കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, ഒ രാജഗോപാൽ എന്നിവർ പങ്കെടുത്തില്ല.

സംസ്ഥാന കോർകമ്മറ്റിയിലേക്ക് സുരേഷ് ഗോപിയുടെ പേര് നിർദേശിച്ചെങ്കിലും അതിന് പിന്നിൽ ചില കള്ളക്കളികളുണ്ടായിരുന്നു. ഇപ്പോഴത്തെ നേതൃത്വവുമായി സഹകരിക്കാൻ സുരേഷ് ഗോപിക്ക് തീരെ താൽപ്പര്യമില്ല. ഈ സാഹചര്യത്തിലാണ് എംപിയായി ജനസേവനത്തിനുള്ള ആഗ്രഹം സുരേഷ് ഗോപി പ്രകടിപ്പിച്ചത്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. നാമനിർദ്ദേശം ചെയ്ത അംഗമെന്ന നിലയിൽ ആറുവർഷം നാടിനായി ചെയ്ത കാര്യങ്ങൾ കൂടി വിലയിരുത്തിയ ശേഷം ഒരവസരം കൂടി തനിക്ക് നൽകിയാൽ സസന്തോഷം സ്വീകരിക്കാമെന്നും കേന്ദ്ര നേതൃത്വത്തോട് സുരേഷ് ഗോപി അറിയിച്ചിരുന്നത്.

തുടങ്ങിവെച്ച വികസന പദ്ധതികൾ പൂർത്തിയാക്കാൻ ഒരവസരം കൂടി നൽകണമെന്നാണ് സുരേഷ് ഗോപി ആവശ്യപ്പെട്ടത്. കലാകാരൻ എന്ന നിലയിലുള്ള രാജ്യസഭാംഗത്വമാണ് സുരേഷ് ഗോപി ആഗ്രഹിക്കുന്നത്. രാഷ്ട്രീയക്കാരുടെ ആരുടേയും അവസരം നഷ്ടമാകുന്നില്ലെന്ന് ഉറപ്പിക്കാൻ കൂടിയാണ് നോമിനേറ്റഡ് എംപിയെന്ന താൽപ്പര്യം പ്രകടിപ്പിച്ചത്. സുരേഷ് ഗോപി ബിജെപിയുടെ ദൈനംദിന നേതൃപ്രവർത്തനങ്ങളുടെ ഭാഗമാവണമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നത്. ബിജെപിയിൽ നിന്ന് സുരേഷ് ഗോപി അകന്നുപോകരുതെന്ന് കേന്ദ്ര നേതൃത്വത്തിന് നിർബന്ധമുണ്ട്. അതിന് വേണ്ട യോജിച്ച സ്ഥാനം നൽകാനായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സുരേഷ് ഗോപിയെ മുൻനിർത്തി കേരളത്തിൽ കളംപിടിക്കാനുള്ള ആലോചനയും ബിജെപി ലക്ഷ്യം വെക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരുടെ താൽപര്യം മാനിച്ചാണ് സംസ്ഥാന നേതൃത്വം സുരേഷ് ഗോപിയെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പട്ടിക ദേശീയ നേതൃത്വത്തിന് കൈമാറിയിരിക്കുന്നതെന്ന് സംസ്ഥാന നേതാക്കൾ പറയുന്നു. എന്നാൽ സുരേഷ് ഗോപി താൽപ്പര്യം കാണിക്കാത്തതിനാൽ തീരുമാനം നീളുന്നു. കഴിഞ്ഞതവണ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ എത്തിയപ്പോൾ ബിജെപി. സംസ്ഥാന കോർ കമ്മിറ്റി യോഗം ചേർന്നിരുന്നു. പതിവുമുഖങ്ങൾക്കു പകരം പുതുമുഖങ്ങൾ വരേണ്ടതിനെ കുറിച്ച് അന്ന് അദ്ദേഹം സംസാരിച്ചിരുന്നു. അന്ന് സുരേഷ് ഗോപിയെ കുറിച്ച് മോദി അന്വേഷിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് കോർ കമ്മറ്റിയിൽ സുരേഷ് ഗോപി എത്തിയതെന്നും വിശദീകരിക്കുന്നു. എന്നാൽ തനിക്കൊന്നും അറിയില്ലെന്നാണ് പുതിയ സ്ഥാനത്തെ കുറിച്ച് സുരേഷ് ഗോപിയും അടുപ്പക്കാരോട് പറയുന്നത്.