കോട്ടയം: പുതുപ്പള്ളിയിൽ ബിജെപി അനുഭാവികളുടെ വോട്ട് പോലും പാർട്ടി സ്ഥാനാർത്ഥിക്കു ലഭിച്ചില്ലെന്നു വിലയിരുത്തൽ. രാജ്യം ഭരിക്കുന്ന ബിജെപി കേരളത്തിൽ താഴേക്കാണു വളരുന്നതെന്നതു ഗൗരവമായി കാണണമെന്നാണു മുതിർന്ന നേതാക്കൾ സംസ്ഥാന നേതൃത്വത്തിനു കൈമാറുന്ന സന്ദേശം. പുതുപ്പള്ളിയിലെ വോട്ട് കുറയൽ ബിജെപി ദേശീയ നേതൃത്വം ഗൗരവത്തോടെ കണ്ടിട്ടുണ്ട്. 16നു തൃശൂരിൽ സംസ്ഥാന ഭാരവാഹിയോഗത്തിൽ വോട്ടുചോർച്ച ചർച്ച ചെയ്യും.

പ്രവർത്തനത്തിനു മണ്ഡലത്തിലെ 25% പ്രവർത്തകർ മാത്രമേ ഇറങ്ങിയിട്ടുള്ളൂവെന്നും അതു ജില്ലാ നേതൃത്വത്തോടുള്ള എതിർപ്പു മൂലമാണെന്നുമാണു കണ്ടെത്തൽ. കോട്ടയത്തെ ഒരു നേതാവിനുനേരെയാണ് ബിജെപി.യിൽ പ്രധാനമായും മുറുമുറുപ്പുയർന്നത്. പ്രചാരണത്തിൽ ആർ.എസ്.എസ്. സജീവമായിരുന്നില്ല എന്നാണ് മറ്റൊരു ആരോപണം. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 11,694 വോട്ടാണ് ബിജെപി.യിലെ എൻ. ഹരി നേടിയതെങ്കിൽ ഇത്തവണ ലിജിൻ ലാലിന് വോട്ട് 6558 ആയി. ലോക്സഭാ തിരഞ്ഞടുപ്പിന്റെ ഒരുക്കം നടത്തുന്ന പാർട്ടിയുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നതാണിത്. ബിജെപി. നേതൃത്വം പ്രതീക്ഷിച്ചത് പരമാവധി പതിനായിരം വോട്ടാണ്.

പ്രവർത്തനത്തിലെ വീഴ്ചയാണ് വോട്ട് കുറയാൻ കാരണം. ബിജെപി സംസ്ഥാനജില്ലാ നേതൃത്വത്തെയും മറികടന്നു സംഘടനാ സെക്രട്ടറി കെ.സുഭാഷ് പോഷകസംഘടനാ നേതാക്കളെക്കണ്ടു നടത്തിയ ചർച്ചകളെ തുടർന്നാണു കുറച്ചെങ്കിലും പ്രവർത്തകരെ ഇറക്കാനായത്. ദേശീയ ജനറൽ സെക്രട്ടറി ഉൾപ്പെടെ ക്യാംപ് ചെയ്തു മേൽനോട്ടം വഹിച്ചിടത്താണു നേതൃത്വത്തോട് ഇടഞ്ഞ് പ്രവർത്തകരും പോഷകസംഘടനാ ഭാരവാഹികളും മാറിനിന്നതെന്നതു നേതൃത്വത്തെ ഞെട്ടിച്ചു. പുതുപ്പള്ളി മണ്ഡലത്തിൽ ആർഎസ്എസ് അനുബന്ധ സംഘടനകളുമായി ബന്ധമുള്ള 3000 കുടുംബങ്ങളുണ്ടെന്നാണു കണക്ക്. ആ വോട്ടുകൾ പോലും കിട്ടിയില്ല.

15 വർഷം മുൻപ് സിപിഎമ്മിനും കോൺഗ്രസിനും താഴെ ഒരു മണ്ഡലത്തിൽ 5,000 വോട്ടുകളിൽ നിന്നിരുന്ന ബിജെപി 2 മുന്നണികൾക്കും ഭീഷണിയായി വളർന്നിരുന്നു. പ്രവർത്തകരും അനുഭാവികളും കൂടി കൈവിടുന്ന സാഹചര്യത്തിലെത്തിയതു വലിയ തിരിച്ചടിയാണ്. ബൂത്തുകളുടെവരെ ചുമതലയുണ്ടായിരുന്ന ബിജെപി. നേതാക്കൾ ഇതിന് മറുപടിനൽകേണ്ടിവരും.

മണ്ഡലത്തിനു പുറത്തുനിന്നുള്ളയാളെ മത്സരിപ്പിച്ചതിനെതിരേയും പാർട്ടിക്കുള്ളിൽ മുറുമുറുപ്പുണ്ടായിരുന്നു. ഇതിന് സംസ്ഥാന നേതൃത്വത്തെയും ഒളിഞ്ഞും തെളിഞ്ഞും കുറ്റപ്പെടുത്തി നേതാക്കൾ രംഗത്തുവന്നുകഴിഞ്ഞു. പുതുപ്പള്ളിയിൽ കിട്ടിയ വോട്ടിന്റെ ഇരട്ടിയിലേറെയാളുകൾ കേന്ദ്രസർക്കാരിന്റെ വിവിധ ആനുകൂല്യങ്ങൾ കൈപ്പറ്റിയിട്ടുണ്ടെന്നാണ് പാർട്ടിയുടെ കണക്ക്.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കത്തിന്റെ ചർച്ചകൾക്ക് ഞായറാഴ്ച കൊച്ചിയിൽ ദേശീയ സെക്രട്ടറി വിനോദ് താവഡെ പങ്കെടുക്കുന്ന പ്രത്യേകയോഗം നടക്കും. ഇതിൽ പുതുപ്പള്ളി ചർച്ചയാകില്ലെങ്കിലും 16-ന് തൃശ്ശൂരിൽ ചേരുന്ന ഭാരവാഹിയോഗത്തിൽ നേതാക്കൾക്കെതിരേ വിമർശനമുയർന്നേക്കും.