- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടി. എൻ. പ്രതാപനെ ചാണകവെള്ളത്തിൽ ഞങ്ങൾ മുക്കും: ബിജെപി ജില്ലാ അധ്യക്ഷൻ
തൃശൂർ: പ്രധാനമന്ത്രി എത്തിയ വേദിയിൽ ചാണകവെള്ളം തളിക്കാനുള്ള യൂത്ത് കോൺഗ്രസ്, കെ.എസ്.യു ശ്രമത്തിൽ തൃശ്ശൂർ എം പി ടി എൻ പ്രതാപനെ കുറ്റപ്പെടുത്തി ബിജെപി. പ്രതിഷേധ ശ്രമത്തിന് പിന്നിൽ ടി എൻ പ്രതാപനാണെന്ന് ബിജെപി തൃശ്ശൂർ ജില്ലാ അധ്യക്ഷൻ കെ കെ അനീഷ് കുമാർ ആരോപിച്ചു.
പ്രധാനമന്ത്രിയുടെ പരിപാടിക്കായി ബുക്ക് ചെയ്ത തേക്കിൻകാട് മൈതാനിയിൽ അതിക്രമിച്ച് കയറി പ്രതിഷേധിക്കാൻ കോൺഗ്രസുകാർക്ക് പൊലീസ് ഒത്താശ ചെയ്തുകൊടുക്കുകയായിരുന്നുവെന്നും അനീഷ് ആരോപിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രദേശത്തേക്ക് അതിക്രമിച്ച് കയറിയപ്പോൾ പൊലീസ് നോക്കി നിന്നു. പ്രതിഷേധക്കാരെ തടയാൻ പൊലീസ് ശ്രമിച്ചില്ല. സംഘർഷം സൃഷ്ടിക്കാൻ യൂത്ത് കോൺഗ്രസുകാർക്ക് അവസരം ഒരുക്കിക്കൊടുക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും അനീഷ് കുമാർ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയെത്തിയ വേദിയിലെത്തി പ്രതിഷേധത്തിനായി യൂത്ത് കോൺഗ്രസുകാരെ പറഞ്ഞയച്ച ടി.എൻ. പ്രതാപൻ മറുപടി പറയേണ്ടിവരുമെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ പറഞ്ഞു. ഈ കളിയും കൊണ്ട് വന്നാൽ പ്രതാപനും ടീമും വിവരമറിയും. ടി.എൻ. പ്രതാപനെ ചാണകവെള്ളത്തിൽ ഞങ്ങൾ മുക്കും. ഇങ്ങോട്ടു വരുന്നതു പോലെയാകില്ല ഞങ്ങൾ അങ്ങോട്ടു വന്നാലെന്നും അനീഷ് കുമാർ പറഞ്ഞു. പ്രകോപനം സൃഷ്ടിച്ച് ആപത്ത് ക്ഷണിച്ചുവരുത്താതിരിക്കാൻ എംപി. ശ്രദ്ധിക്കണമെന്നും ബിജെപി അധ്യക്ഷൻ മുന്നറിയിപ്പു നൽകി.
നേരത്തെ പ്രധാനമന്ത്രി പ്രസംഗിച്ച വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് ചാണകവെള്ളം തളിച്ച് പ്രതിഷേധിക്കാനെത്തിയ യൂത്ത് കോൺഗ്രസ് കെ.എസ്.യു ക്കാരെ പ്രതിരോധിച്ച് ബിജെപി പ്രവർത്തകർ രംഗത്തുവന്നതോടെ പ്രദേശത്ത് സംഘർഷം ഉടലെടുത്തിരുന്നു. പ്രധാനമന്ത്രി എത്തിയ സ്ഥലത്ത് ചാണക വെള്ളം തളിക്കാനാണ് കെ എസ് യു പ്രവർത്തകർ എത്തിയതെന്നും ഇത് അനുവദിക്കാനാവില്ലെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് കെ കെ അനീഷ് കുമാർ പറഞ്ഞു.
ഒരു മണിക്കൂറിലേറെ സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നു. പ്രധാനമന്ത്രി എത്തിയ തൃശൂർ തേക്കിൻ കാട് മൈതാനത്തിലെ നായ്ക്കനാലിൽ രാവിലെ പത്ത് മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ഇതോടൊപ്പം മണിപ്പൂർ അടക്കമുള്ള വിഷയങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി എത്തിയ സ്ഥലത്ത് ചാണക വെള്ളം തളിക്കുമെന്ന് കെ എസ് യുവും പ്രഖ്യാപിച്ചിരുന്നു. കെ എസ് യുവിനെ പ്രതിരോധിക്കാൻ ബിജെപി നേതാക്കളും എത്തി. ഇതോടെ ഇരു കൂട്ടരും തമ്മിൽ സംഘർഷമായി. പ്രധാനമന്ത്രി എത്തിയ സ്ഥലത്ത് ചാണക വെള്ളം തളിക്കാനെത്തിയവരെയാണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടതെന്ന് ബിജെപി പറഞ്ഞു.