ന്യൂഡൽഹി: ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ പാർട്ടി ദേശീയ നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചു. ഞായറാഴ്ച ഡൽഹിയിലെത്താനാണ് നിർദ്ദേശം. സംഘടനാ തലത്തിൽ ശോഭ സുരേന്ദ്രനു ഉയർന്ന പദവി നൽകുന്ന കാര്യം പാർട്ടി നേതൃത്വം പരിഗണിക്കുന്നതായി സൂചനകളുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ കാലാവധി നിലവിൽ പൂർത്തിയായ സാഹചര്യത്തിലാണ് ശോഭയെ വിളിപ്പിച്ചിരിക്കുന്നത്.

സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ശോഭ എത്തുമോ എന്നതാണ് ഉറ്റുനോക്കുന്നത്. അതല്ലെങ്കിൽ ദേശീയ തലത്തിൽ നിർണായക പദവി നൽകാനും സാധ്യതയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനമാണ് ശോഭാ സുരേന്ദ്രൻ കാഴ്ചവച്ചത്. മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം വോട്ടു വിഹിതം കുത്തനെ ഉയർത്തുന്ന പതിവ് ആലപ്പുഴയിലും ആവർത്തിച്ചു.

കഴിഞ്ഞ തവണ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ നേടിയ 17.24 ശതമാനം വോട്ടുവിഹിതം ഇത്തവണ 28.3 ശതമാനത്തിലേക്ക് ഉയർത്തി. 2,99,648 വോട്ടുകളാണ് ആലപ്പുഴയിൽ ശോഭ നേടിയത്.അമ്പതിനായിരത്തിൽ താഴെ മാത്രം വോട്ടുകൾ നേടിയിരുന്ന പതിവിൽ നിന്ന് ഡോ.കെ.എസ്.രാധാകൃഷ്ണനാണ് ബിജെപി വോട്ടുകളുടെ എണ്ണം ഒരുലക്ഷത്തിന് മുകളിലേയ്ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉയർത്തിയത്. അതിലും വലിയ മുന്നേറ്റമാണ് ശോഭ നേടിയത്. എസ്എൻഡിപി വോട്ടുകളും, സ്ത്രീ വോട്ടുകളും സ്ഥാനാർത്ഥിയെ പിന്തുണച്ചതായാണ് വിലയിരുത്തപ്പെടുന്നത്.

ആലപ്പുഴയിൽ 63,513 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കെ.സി. വേണുഗോപാൽ വിജയിച്ചിരുന്നുവെങ്കിലും മികച്ച പ്രകടനമായിരുന്നു ശോഭാ സുരേന്ദ്രൻ മണ്ഡലത്തിൽ കാഴ്ചവെച്ചത്. 2019-ൽ ബിജെപി സ്ഥാനാർത്ഥി നേടിയ 1,87,729 വോട്ടിൽനിന്നാണ് 2,99,648 ലേക്കെത്തിക്കാൻ ശോഭയ്ക്ക് കഴിഞ്ഞത്. കോൺഗ്രസിന്റെ കെ സി വേണുഗോപാൽ 4,04,560 വോട്ടുകൾ നേടിയാണ് വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ സിപിഎമ്മിന്റെ എ എം ആരിഫ് 3,41,047 വോട്ടും നേടി.

പൊരുതി നേടിയ നേട്ടങ്ങൾ

ഗ്രൂപ്പുകളുടെ പിന്തുണയില്ലാത്തതിനാൽ ഏവരാലും ഒതുക്കപ്പെട്ട ബിജെപിയുടെ വനിതാ നേതാവിന് എല്ലായ്‌പ്പോഴും അംഗീകാരം കിട്ടുന്നത് കേന്ദ്ര നേതൃത്വത്തിൽ നിന്നാണ്.

കഞ്ഞിമാത്രം കുടിച്ച് അരവയർ നിറയ്ക്കുന്ന കുട്ടിക്കാലം. പ്രാരാബ്ദങ്ങളോട് പടപൊരുതിയായിരുന്നു ശോഭാ സുരേന്ദ്രന്റെ കുട്ടിക്കാലം. അച്ഛൻ മരിച്ചതോടെ എട്ടാം ക്ലാസിലെത്തിയപ്പോൾ ദുരിതം പുതിയ തലത്തിലെത്തി. ഇതിനിടയിലും പഠനത്തിലും സാമൂഹിക പ്രവർത്തനത്തിലുമെല്ലാം സജീവമായി. ബാലഗോകുലത്തിലൂടെ ആർഎസ്എസിലെത്തി ബിജെപിയിലേക്ക്. രാവിലെ കുടിക്കുന്ന അര ഗ്ലാസ് കഞ്ഞിയാണ് ഇന്നും ശോഭയുടെ കരുത്ത്. ഏത് പ്രതിസന്ധിയേയും മറികടക്കാനുള്ള ആത്മവിശ്വാസമാണ് ശോഭയുടെ കരുത്ത്.

പഠിക്കുമ്പോൾ വക്കീലാകാനായിരുന്നു ശോഭയുടെ ആഗ്രഹം വടക്കാഞ്ചേരിയിൽ കൃഷി ഉപജീവനമാക്കിയ കുടുംബത്തിലെ ഇളയ കുട്ടിയായിട്ടാണ് ശോഭയുടെ ജനനം. എട്ടിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്. ആറ് മക്കൾ അമ്മ കല്യാണിയുടെ ചുമതലയായി. പ്രതിസന്ധികളെ ചങ്കൂറ്റത്തോടെ നേരിട്ട അമ്മയാണ് ശോഭയ്ക്ക് റോൾ മോഡൽ. 2014ലെ തിരഞ്ഞെടുപ്പിൽ പാലക്കാട് മത്സരിച്ച് രണ്ടാംസ്ഥാനം നേടിയ മികവുമായാണ് ശോഭാ സുരേന്ദ്രൻ ആറ്റിങ്ങലിൽ എത്തിയത്. അതും മികച്ച വോട്ടുയർത്തലിലേക്ക് കാര്യങ്ങളെത്തിച്ചു. പിന്നീട് സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പും അവഗണിച്ച് കഴക്കൂട്ടത്തേക്ക് ശോഭാ സുരേന്ദ്രൻ എത്തി. ഒടുവിൽ, 2024 ൽ ആലപ്പുഴയിലും.