കോഴിക്കോട്: ജില്ലയിലെ ബിജെപിയിൽ സമാന്തര ഫണ്ട് പിരിവ് വിവാദം കേന്ദ്ര നേതൃത്വം അന്വേഷിക്കണമെന്ന ആവശ്യം ശക്തം. ബിജെപിയിൽ ഇതിന്റെ പേരിൽ ചേരിപ്പോര് ശക്തമാണ്. യുവമോർച്ച മുൻ ജില്ലാ നേതാവിന്റെ കുടുംബസഹായ ഫണ്ടിനായി സമാന്തര പിരിവ് നടത്തിയ സംഭവത്തിൽ കേന്ദ്രനേതൃത്വത്തിന് പരാതി നൽകും.

കോഴിക്കോട് യുവമോർച്ച മുൻ ജില്ലാ പ്രസിഡന്റ് കെ.കെ.രാജന്റെ കുടുംബസഹായ ഫണ്ടിലേക്ക് ജില്ലാ കമ്മിറ്റി 3 ലക്ഷം രൂപ ശേഖരിച്ച് കൈമാറിയിരുന്നു. പി.കെ.കൃഷ്ണദാസും കുമ്മനം രാജശേഖരനുമടക്കമുള്ള നേതാക്കൾ കെ.കെ.രാജന്റെ വീട്ടിലെത്തിയാണ് ഫണ്ട് കൈമാറിയത്. എന്നാൽ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ കൂടെയുള്ള ജില്ലയിലെ ചില നേതാക്കൾ സൗഹൃദക്കൂട്ടായ്മയെന്ന പേരിൽ സമാന്തര ഫണ്ട് പിരിവ് നടത്തുന്നുവെന്നാണ് ആരോപണം.

കേരളത്തിന്റെ ചുമതല വഹിക്കുന്ന പ്രകാശ് ജാവഡേക്കർ അടക്കമുള്ള നേതാക്കൾക്കാണ് ജില്ലാ നേതാക്കൾ പരാതി നൽകുന്നത്. സുരേന്ദ്രൻ വിഭാഗത്തിൽപെട്ട നേതാക്കളുടെ അഴിമതിയുടെ ഉദാഹരണമാണ് സമാന്തര ഫണ്ട് പിരിവെന്നാണ് പ്രധാന ആരോപണം. സംസ്ഥാന പ്രസിഡന്റിന്റെ സ്വന്തം ജില്ലയാണെങ്കിലും ബിജെപിയിൽ കൃഷ്ണദാസ് വിഭാഗത്തിനാണ് നിലവിൽ ജില്ലയിൽ മുൻതൂക്കം. പികെ കൃഷ്ണദാസ് പക്ഷത്തെ പ്രമുഖനായ വികെ സജീവനാണ് ജില്ലാ പ്രസിഡന്റ്.

കൊടകര കുഴൽപണക്കേസിലെ എ.കെ.ധർമരാജനിൽനിന്ന് സംഭാവന വാങ്ങിയത് വിവാദമായിരുന്നു. എ.കെ.ധർമരാജനുമായി ബിജെപിക്ക് എന്താണു ബന്ധമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ കഴിഞ്ഞദിവസം ചോദിച്ചിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയ ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസും ഫണ്ട് പിരിച്ച സംഭവത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് പറഞ്ഞിരുന്നു. സൗഹൃദക്കൂട്ടായ്മയുടെ വാട്‌സാപ് ഗ്രൂപ്പിൽനിന്ന് വിവാദങ്ങൾക്കു പിറകെ പി.കെ.കൃഷ്ണദാസ് അടക്കമുള്ള നേതാക്കൾ പിന്മാറി. ഇതോടെയാണ് വിവാദം പുതിയ തലത്തിലെത്തുന്നത്.

കഴിഞ്ഞമാസം 21നാണ് യുവമോർച്ച കോഴിക്കോട് മുൻ ജില്ലാ പ്രസിന്റ് കെ കെ രാജൻ അന്തരിച്ചത്. കുടുംബാംഗങ്ങളെ സഹായിക്കാനായി ബിജെപി സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിൽ കെ കെ രാജൻ സൗഹൃദ കൂട്ടായമ എന്ന വാട്സ് ആപ് ഗ്രൂപ്പ് വഴി ഫണ്ട് ശേഖരണവും തുടങ്ങി. ഇതിലേക്കാണ് ധർമ്മജൻ 50,000 രൂപ സംഭവാന നൽകിയത്. ഇതോടെയാണ് പി കെ കൃഷ്ണദാസ് ഉൾപ്പെടെയുള്ള ഒരുവിഭാഗം നേതാക്കളും പ്രവർത്തകരും ഗ്രൂപ്പിൽ നിന്ന് സ്വമേധയാ പുറത്തുപോയത്. ബിജെപിയുമായി അടുത്തു നിന്ന വ്യക്തിയാണ് ധർമ്മരാജൻ. എന്നാൽ കഴപ്പണക്കേസുമായി ബന്ധപ്പെട്ട് ധർമ്മരാജനെ അകറ്റി നിർത്തുകയും ചെയ്തു.

പാർട്ടിയെ പ്രതിസന്ധിയിലാക്കിയ കൊടകര സംഭവത്തിലെ പ്രതിയിൽ നിന്ന് പണം വാങ്ങിയത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്ന വിമർശനത്തോടെയാണ് ഇവർ ഗ്രൂപ്പിൽ നിന്ന് പുറത്തുവന്നത്. തുടർന്ന് ഇവർ സ്വന്തം നിലയിൽ ഫണ്ട് സ്വരൂപിച്ച് മൂന്നുലക്ഷം രൂപ ജൂൺ 28ന് രാജന്റെ കുടുംബത്തിന് കൈമാറി. കുമ്മനം രാജശേഖരനും പി കെ കൃഷ്ണദാസുമാണ് തുക കൈമാറിയത്.

സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനെ പരിപാടിക്ക് ക്ഷണിച്ചതിനെച്ചൊല്ലി ബിജെപി കോഴിക്കോട് ജില്ലാഘടകത്തിൽ തർക്കം രൂക്ഷമാണ്. ബിജെപി ജില്ലാകമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള വാട്‌സാപ് കൂട്ടായ്മയിലാണ് ഗ്രൂപ്പുതിരിഞ്ഞ് തമ്മിലടി. സംഘടനയെയും മുതിർന്ന നേതാക്കളേയും പരസ്യമായി വിമർശിക്കുന്ന വ്യക്തിയെ എന്തിന് പരിപാടികൾക്ക് വിളിക്കുന്നു എന്നായിരുന്നു വിമർശനം. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനേയും കേന്ദ്രസഹമന്ത്രി വി മുരളീധരനേയും അനകൂലിക്കുന്നവരാണ് എതിർപ്പ് ഉന്നയിച്ചത്.

സംഘടനയുടെ അച്ചടക്കം പാലിക്കുന്നവർക്ക് ശോഭ സുരേന്ദ്രനെ അംഗീകരിക്കാനാവില്ല. പ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്ന നേതാക്കളെ എന്തിന് കൊണ്ടുനടക്കണം. ദേശീയ നേതാക്കളെയടക്കം പരസ്യമായി വിമർശിച്ചവർക്കെതിരെ ശക്തമായ നടപടി വേണമെന്നും സുരേന്ദ്രൻ പക്ഷത്തുള്ളവർ ആവശ്യപ്പെട്ടു. ജില്ലാകമ്മിറ്റിയുടെ ഗ്രൂപ്പിലെ ഈ ചർച്ച മറ്റ് സമൂഹമാധ്യമങ്ങളിലും ചിലർ പ്രചരിപ്പിച്ചു. ഫിഷറീസ് ഡി ഡി ഓഫീസിന് മുന്നിൽ ബിജെപി രാപ്പകൽ സമരം ഉദ്ഘാടനത്തിനാണ് വെള്ളിയാഴ്ച ശോഭ കോഴിക്കോട് എത്തിയത്. ഇതിനൊപ്പമാണ് ഫണ്ട് വിവാദവും ചർച്ചയാകുന്നത്.