- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രമന്ത്രിസ്ഥാനം ഉൾപ്പെടെ ബിജെപി വാഗ്ദാനം ചെയ്തിരുന്നു
സുൽത്താൻ ബത്തേരി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ രാഷ്ട്രീയ പാർട്ടികളിൽ ഉള്ള പ്രമുഖരെ പാർട്ടിയിൽ എത്തിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ് ബിജെപി. അതുകൊണ്ട് തന്നെ പല പ്രമുഖരെയും നോട്ടമിടുന്നത്. കേരളത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ മുമ്പും പലരെയും സമീപിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ കെ സുധാകരൻ അടക്കമള്ളവരുണ്ട്. ഇതിനിടെ തനിക്കും അത്തരമൊരു ഓഫർ വന്നിരുന്നു എന്ന് വെളിപ്പെടുത്തി ആർജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാർ രംഗത്തെത്തി.
ബിജെപി തനിക്കു കേന്ദ്രമന്ത്രിസ്ഥാനം ഉൾപ്പെടെ വാഗ്ദാനം ചെയ്തിരുന്നതായാണ് ശ്രേയാംസ് കുമാർ വെളിപ്പെടുത്തിയത്. എന്നാൽ, രാജ്യത്തെ മുഴുവനാളുകളും പോയാലും താൻ ബിജെപിയിൽ പോകില്ലെന്നും ശ്രേയാംസ്‌കുമാർ പറഞ്ഞു. രാഷ്ട്രീയ യുവ ജനതാദൾ സംസ്ഥാന ക്യാംപ് മുത്തങ്ങയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മത്സരിക്കാൻ മോദി ദക്ഷിണേന്ത്യ തിരഞ്ഞെടുത്താൽ അതു തൃശൂരിലാകാൻ സാധ്യതയുണ്ടെന്നു തന്നോടു ടി.എൻ.പ്രതാപൻ പറഞ്ഞിട്ടുണ്ട്. ബിജെപിക്കെതിരെ ശക്തമായ പോരാട്ടം നടത്താൻ ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തണമെന്നും ശ്രേയാംസ്‌കുമാർ പറഞ്ഞു. ആർവൈജെഡി സംസ്ഥാന പ്രസിഡന്റ് സിബിൻ തേവലക്കര അധ്യക്ഷത വഹിച്ചു. ഇന്നു സമാപന സമ്മേളനം ആർജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.മോഹനൻ ഉദ്ഘാടനം ചെയ്യും.
ഇപ്പോൾ ഇടതു മുന്നണിക്കൊപ്പമാണ് ശ്രേയാംസ്‌കുമാറിന്റെ ആർജെഡി പാർട്ടി. ഗണേശ്‌കുമാറിനെ മന്ത്രിസഭയിലേക്ക് പരിഗണിച്ചപ്പോൾ മന്ത്രിസഭയിൽ പ്രാതിനിധ്യം വേണമെന്ന് മുന്നണി യോഗത്തിൽ ശ്രേയാംസ്‌കുമാർ ആവശ്യപ്പെട്ടിരുന്നു. പാർട്ടിക്ക് മന്ത്രിസ്ഥാനത്തിന് അർഹതയുണ്ടെന്ന് എം വി ശ്രേയാംസ് കുമാർ അഭിപ്രായപ്പെട്ടു. രണ്ടര വർഷത്തിനുശേഷം പരിഗണന ഉണ്ടാകുമെന്ന് കോടിയേരി ബാലകൃഷ്ണൻ ഉറപ്പ് നൽകിയിരുന്നുവെന്നും മന്ത്രിസ്ഥാനം വേണമെന്നുള്ള ആവശ്യം എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കുമെന്നും ശ്രേയാംസ് കുമാർ വ്യക്തമാക്കിയത്. എന്നാൽ ഈ ആവശ്യം മുന്നണി നിരസിക്കുകയാണ് ഉണ്ടായത്.
നേരത്തെ പൊലീസിനെതിരെ വിമർശനം ഉന്നയിച്ചതോടെ ശ്രേയാംസ്‌കുമാർ പിണറായിയുടെ കണ്ണിലെ കരടായിരുന്നു. മാധ്യമപ്രവർത്തകർക്കെതിരെ കേസെടുക്കുന്നതിൽ പൊലീസ് തെറ്റു ചെയ്‌തെന്നും തിരുത്തണമെന്നുമാണ് ശ്രേയാംസ് ആവശ്യപ്പെട്ടിരുന്നത്. എലത്തൂർ കേസിൽ മാതൃഭൂമി ജീവനക്കാർക്കെതിരെയുള്ള പൊലീസ് നടപടി ചൂണ്ടിക്കാട്ടിയാണ് മാതൃഭൂമിയുടെ മാനേജിങ് ഡയറക്ടർ നേരത്തെ വിമർശനം ഉന്നയിച്ചത്.
മാധ്യമ പ്രവർത്തകർക്ക് എതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച് സൈബറിടങ്ങളിൽ സിപിഎം പ്രവർത്തകർ സജീവമാകുമ്പോഴാണ് മാധ്യമ വേട്ടയാണ് സംസ്ഥാനത്ത് നടക്കുന്നത് എന്ന് ആരോപിച്ച് മുന്നണിക്കുള്ളിൽ നിന്ന് തന്നെ എതിർ ശബ്ദം ഉയരുന്നത്. എലത്തൂർ കേസിൽ മാതൃഭൂമി ജീവനക്കാർക്കെതിരെയുള്ള പൊലീസ് നടപടിയുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ശ്രേയാംസ് കുമാർ രംഗത്തെത്തിയത്. എലത്തൂർ കേസിൽ മാതൃഭൂമി ജീവനക്കാർക്ക് എതിരെ കേസ് എടുത്തത് പ്രത്യേക ലക്ഷ്യത്തോടെയാണ്. ഒരു പൊലീസ് ഓഫീസറുടെ പേര് പറയിക്കാൻ വേണ്ടിയാണെന്നായിരുന്നു ഈ നടപടി എന്നും അദ്ദേഹം ആരോപിച്ചു.
ഒരു ഗവൺമെന്റിനെ വിമർശിച്ചാൽ, അവരുടെ നടപടികളെ വിമർശിച്ചാൽ രാജ്യദ്രോഹ കുറ്റം ചുമത്താൻ വകുപ്പുള്ള രാജ്യത്താണ് നമ്മൾ നിൽക്കുന്നത്. റിപ്പോർട്ടർമാർക്കെതിരെ പൊലീസ് കേസെടുക്കുന്നത് ഒട്ടും അഭികാമ്യമല്ല. എലത്തൂർ കേസിൽ ദൃശ്യങ്ങൾ പകർത്തിയതിനാണ് മാതൃഭൂമി റിപ്പോർട്ടറുടെ ഫോൺ അടക്കംപിടിച്ചെടുത്തതും ജീവനക്കാർക്കെതിരെ കേസെടുത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാതൃഭൂമി ജീവനക്കാർക്കെതിരെ കേസെടുത്തതിന് പുറകിൽ വ്യക്തമായ ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. ചില പൊലീസുകാരെ സ്ഥാനത്ത് നിന്നും നീക്കാൻ ലക്ഷ്യമിട്ടാണ് ഈ കേസിൽ തങ്ങളുടെ ജീവനക്കാർക്കെതിരെ നടപടി എടുത്തത്. ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് എലത്തൂർ കേസിലെ പ്രതിയെ കൊണ്ടുവരുന്ന വിവരം തന്നതെന്ന് റിപ്പോർട്ടറെ കൊണ്ട് പറയിപ്പിക്കാൻ ശ്രമം നടത്തി. ശ്രേയാംസ്‌കുമാർ പറഞ്ഞു. സൈബർ ആക്രമണം വർധിച്ച ഒരു കാലത്തിലൂടെയാണ് മാധ്യമങ്ങൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. സൈബർ പോരാളികളെ വെച്ച് മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും തകർക്കാനും വായടപ്പിക്കാനുമുള്ള ശ്രമം നടക്കുന്നു. സൈബർ ആക്രമണങ്ങൾക്ക് മുന്നിൽ മാധ്യമങ്ങൾ മുട്ടുമടക്കില്ലെന്നും മാധ്യമങ്ങൾ ചെയ്യേണ്ടത് അവർ ചെയ്യുക തന്നെ ചെയ്യുമെന്നും ശ്രേയാംസ് കുമാർ വ്യക്തമാക്കിയിരുന്നു.